തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് അട്ടിമറി. മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എൽ.ഡി.എഫും ജയിച്ചു. യു.ഡി.എഫിൽനിന്ന് വട്ടിയൂർക്കാവും കോന്നിയും എൽ.ഡി.എഫ്. പിടിച്ചെടുത്തപ്പോൾ അരൂർ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ്. പിടിച്ചെടുത്തു. മഞ്ചേശ്വരത്ത് രണ്ടാംസ്ഥാനം നിലനിർത്തിയതല്ലാതെ ബി.ജെ.പി.ക്ക് ഒരിടത്തും വിജയിക്കാനായില്ല.

വട്ടിയൂർക്കാവിലും കോന്നിയിലും നേടിയ തിളക്കമാർന്ന വിജയവും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്ലാ മണ്ഡലത്തിലും വോട്ട് കൂട്ടാനായതും എൽ.ഡി.എഫിനു നേട്ടമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കുശേഷമുള്ള മുന്നണിയുടെ തിരിച്ചുവരവായി വിജയങ്ങൾ.

അരൂരും എറണാകുളത്തും മഞ്ചേശ്വരത്തും യു.ഡി.എഫ്. വിജയിച്ചു. വട്ടിയൂർക്കാവിലും കോന്നിയിലും എൽ.ഡി.എഫും. അരൂരൊഴികെ നാലും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. അവയിൽ എറണാകുളവും മഞ്ചേശ്വരവും മാത്രമേ യു.ഡി.എഫിനു നിലനിർത്താനായുള്ളൂ. മഞ്ചേശ്വരമൊഴികെ എല്ലായിടത്തും എൻ.ഡി.എ.യ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ വോട്ടുകുറഞ്ഞു.

വട്ടിയൂർക്കാവ്: ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിലൂെട എൽ.ഡി.എഫ്. മികച്ച ജയം സ്വന്തമാക്കി. യു.ഡി.എഫ്. സ്ഥാനാർഥി കെ. മോഹൻകുമാർ രണ്ടാമതെത്തി. 14,465 വോട്ടാണ് പ്രശാന്തിന്റെ ഭൂരിപക്ഷം. 2011-ൽ മണ്ഡലം നിലവിൽവന്നതു മുതൽ യു.ഡി.എഫാണ് ഇവിടെ ജയിച്ചുകൊണ്ടിരുന്നത്. എൻ.ഡി.എ. സ്ഥാനാർഥി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മൂന്നാം സ്ഥാനത്തായി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നാമതും 2016-ലെ നിയമസഭ, 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ രണ്ടാംസ്ഥാനവും നേടിയ ബി.ജെ.പി.ക്ക് ഇത്തവണ ഇവിടെ വോട്ടുകുറഞ്ഞു.

കോന്നി: 23 വർഷത്തിനുശേഷം എൽ.ഡി.എഫ്. ജയം. സി.പി.എമ്മിലെ കെ.യു. ജനീഷ്‌കുമാർ കോൺഗ്രസിലെ പി. മോഹൻരാജിനെ 9953 വോട്ടിന് പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തായ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ 6720 വോട്ട് കുറഞ്ഞു.

അരൂർ: എൽ.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ യു.ഡി.എഫിന് അട്ടിമറി ജയം. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ 2079 വോട്ടുകൾക്ക് എൽ.ഡി.എഫിലെ മനു സി. പുളിക്കലിനെ തോൽപ്പിച്ചു. അരൂരിൽ കോൺഗ്രസ് ജയം 1960-നുശേഷം ആദ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരൂരുൾപ്പെട്ട ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഇപ്പോൾ ജയിച്ചതോടെ, നിയമസഭയിൽ പ്രതിപക്ഷത്തെ ഏക വനിതാ അംഗം കൂടിയായി അവർ. ലോക്‌സഭയിലേക്കുൾപ്പെടെ മുമ്പ് മൂന്നുതവണ മത്സരിച്ചപ്പോഴും പരാജയപ്പെട്ട അവരുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയം കൂടിയാണിത്.

എറണാകുളം: ഉറച്ചകോട്ടയിൽ ഇത്തവണ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം മാത്രം. 3750 വോട്ടുകൾക്ക് കോൺഗ്രസിലെ ടി.ജെ. വിനോദ് എൽ.ഡി.എഫ്. സ്വതന്ത്രൻ മനു റോയിയെ തോൽപ്പിച്ചു.

മഞ്ചേശ്വരം: മുസ്‌ലിം ലീഗിലെ എം.സി. കമറുദ്ദീൻ 7923 വോട്ടിന് എൻ.ഡി.എ.യിലെ രവീശ തന്ത്രിയെ തോൽപ്പിച്ചു. ഇവിടെ സി.പി.എമ്മിലെ ശങ്കർ റെ മൂന്നാം സ്ഥാനത്താണ്.

ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തോടെ നിയമസഭയിൽ എൽ.ഡി.ഫിന്റെ അംഗബലം 93 ആയി വർധിച്ചു. 2016-ൽ അധികാരത്തിലെത്തുമ്പോൾ 91 ആയിരുന്നു. യു.ഡി.എഫിന്റെ അംഗബലം 47-ൽനിന്ന് 45 ആയി കുറഞ്ഞു.

content highlights: kerala by election result