തിരുവനന്തപുരം: പാലായുൾപ്പെടെ ആറ് ഉപതിരഞ്ഞെടുപ്പുകളുടെ ഫലം നിയമസഭയിൽ അംഗബലം കൂട്ടി എന്നതിനേക്കാൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടം തിരിച്ചുപിടിക്കാനായി എന്നതാണ് എൽ.ഡി.എഫിന്റെ നേട്ടം. ശബരില വിവാദത്തിനു പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ കടുത്ത തിരിച്ചടി രാഷ്ട്രീയവിധിയെഴുത്തായി കണക്കാക്കേണ്ടെന്ന നേതാക്കളുടെ വാദത്തിന് ബലം പകരുന്നതാണിത്. ഒപ്പം, നിലപാടല്ല, പ്രവർത്തനരീതിയാണ് മാറ്റേണ്ടതെന്ന് ‘തെറ്റുതിരുത്തലി’ലൂടെ അംഗങ്ങൾക്ക് സി.പി.എം. നൽകിയ സന്ദേശവും ഈ തിരഞ്ഞെടുപ്പുകളിൽ ഗുണംചെയ്തു.

സി.പി.എമ്മിന്റെ കണക്കുകൾ കാര്യമായി തെറ്റിയില്ലെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അല്ലെങ്കിൽ, പാർട്ടിയുടെ കണക്കുകൂട്ടലുകളെ ജനങ്ങൾ തെറ്റിച്ചിട്ടുണ്ടെന്നും പറയാം. വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുസ്ഥാനാർഥികൾ ജയിക്കുമെന്നായിരുന്നു സി.പി.എമ്മിന്റെ കണക്ക്.

അരൂർ അത്ര ശുഭമല്ലെന്ന സൂചന പാർട്ടിഘടകങ്ങൾ നേരത്തേ നൽകിയിരുന്നു. എന്നാലും, പ്രതീക്ഷിക്കാമെന്നായിരുന്നു ബൂത്തുതലത്തിൽനിന്നുള്ള പ്രതികരണം. മഞ്ചേശ്വരത്തും എറണാകുളത്തും പോരാട്ടം മാത്രമായിരുന്നു ലക്ഷ്യം. ഇതെല്ലാം അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ ഫലം. വട്ടിയൂർക്കാവിൽ പരമാവധി 5000 വോട്ടിന്റെ ലീഡാണ് സി.പി.എമ്മിന്റെ കണക്കനുസരിച്ചുണ്ടായിരുന്നത്. കോന്നിയിലും ചെറിയ ഭൂരിപക്ഷമേ പ്രതീക്ഷിച്ചുള്ളൂ. ഈ രണ്ടു കണക്കുകൂട്ടലുകളും വോട്ടർമാർ തെറ്റിച്ചു.

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയത്തിൽപ്പോലും പുതിയ പരീക്ഷണവും നിലപാടും പ്രകടമായിരുന്നു. നായർ സമുദായത്തിന് പ്രാമുഖ്യമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതിപരിഗണനയ്ക്കപ്പുറം ജനകീയതയും പ്രവർത്തന അംഗീകാരവുമുള്ളയാളെ സ്ഥാനാർഥിയാക്കി. സമുദായങ്ങൾക്കും വിശ്വാസികൾക്കും ഇടയിൽ അംഗീകാരമുള്ളയാളെ മഞ്ചേശ്വരത്ത് പരീക്ഷിച്ചു. പതിവ് മുഖങ്ങൾക്കുപകരം യുവാക്കൾക്ക് പ്രാധാന്യം നൽകി.

ഇങ്ങനെ നിർത്തിയ സ്ഥാനാർഥികളെല്ലാം വിജയിച്ചുവെന്നതല്ല, ഈ പരിഗണന ജനമനസ്സിനെയാകെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്. സാമുദായികപരിഗണനയ്ക്കപ്പുറം സൗമ്യതയും ജനകീയതയുംകൊണ്ട് ഒരാൾ ജയിച്ചുകയറുന്നത്, വേണമെങ്കിൽ സി.പി.എമ്മിനും ഒരു പാഠമാണെന്ന് വിലയിരുത്താം. പക്ഷേ, ആ വിജയം എൽ.ഡി.എഫിനുണ്ടാക്കുന്ന രാഷ്ട്രീയക്കരുത്ത് ചെറുതല്ല.

content highlights: kerala by election result