തിരുവനന്തപുരം: ഫുട്‌ബോൾ കളിയിലെ ഫലംപോലെ രണ്ടിനെതിരേ മൂന്നുഗോളിന് യു.ഡി.എഫ്. ജയിച്ചുവെന്ന നിലയിൽ ഉപതിരഞ്ഞെടുപ്പുഫലത്തെ കണ്ടുകൂടാ. മൂന്നുമണ്ഡലങ്ങളിൽനിന്നായി യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷത്തെക്കാളുപരി വട്ടിയൂർക്കാവെന്ന ഒറ്റമണ്ഡലത്തിൽനിന്ന് നേടാൻ ഇടതുമുന്നണിക്കായി. യു.ഡി.എഫ്. കോട്ടകളായിരുന്ന വട്ടിയൂർക്കാവും കോന്നിയും ഇടതുമുന്നണി പിടിച്ചെടുത്തത് അവരെ കരുത്തരാക്കി. വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന് യു.ഡി.എഫും അരൂരിലെ തോൽവിക്ക് എൽ.ഡി.എഫിനും ഉത്തരം കണ്ടെത്തേണ്ടിവരും.

ജയവഴിയിലായെന്ന് ഇടതുമുന്നണി

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയുണ്ടായെങ്കിലും ഉപതിരഞ്ഞെടുപ്പുകളിലെ തുടർവിജയങ്ങൾ ഇടതുമുന്നണിക്ക് ആത്മവിശ്വാസം പകരുന്നു. ചെങ്ങന്നൂർ, പാലാ എന്നിവയ്ക്കുശേഷം യു.ഡി.എഫ്. കോട്ടകളായ വട്ടിയൂർക്കാവും കോന്നിയും പിടിക്കാനായതിലൂടെ പരാജയത്തിൽനിന്ന് വിജയവഴിയിൽ എത്തിച്ചേർന്നുവെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. വട്ടിയൂർക്കാവിലെ 14,000-ൽപ്പരം വോട്ടിന്റെ ജയം മൂന്നാംസ്ഥാനത്തുനിന്നുള്ളതാണ്. കോന്നിയിൽ കഴിഞ്ഞതവണ 20,000-ൽപ്പരം വോട്ടിനു പിന്നിൽനിന്നിടത്തുനിന്നാണ് പതിനായിരത്തോളം വോട്ടിന്റെ വിജയം നേടിയത്. ഇതേസമയം, അരൂരിൽ 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽനിന്ന് തോൽവിയിലേക്ക് കൂപ്പുകുത്തി.

ചെറുപ്പക്കാരായ സ്ഥാനാർഥികളായതും മികച്ച പ്രതിച്ഛായയും രണ്ടുമണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സഹായകരമായെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. അരൂരിൽ യു.ഡി.എഫ്. സ്ഥാനാർഥിയോടുള്ള സഹതാപതരംഗം അവരെ തുണച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ബി.ജെ.പി. വോട്ടുചോർച്ച ചൂണ്ടി യു.ഡി.എഫ്.

വട്ടിയൂർക്കാവിലെ കനത്തപരാജയത്തിന് ബി.ജെ.പി.യിലെ വോട്ടുചോർച്ചയിലേക്കാണ് യു.ഡി.എഫ്. വിരൽചൂണ്ടുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലായി രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പി.ക്ക് 2016-ൽ 43,7000-ഉം 2019-ൽ 50,709 വോട്ടും ലഭിച്ചിടത്ത് ഇപ്രാവശ്യം കിട്ടിയത് 27,453 മാത്രം.

അവർക്ക് കുറഞ്ഞ 16,000 വോട്ട് ഇടതുമുന്നണി പെട്ടിയിൽ വീണുവെന്നാണ് കോൺഗ്രസിന്റെ പക്ഷം. എൻ.എസ്.എസ്. യു.ഡി.എഫിനെ പരസ്യമായി പിന്തുണച്ചപ്പോൾ ആ നിലപാടിനോടുള്ള എതിർപ്പ് സംഘവോട്ടുകൾപോലും സി.പി.എമ്മിന് ലഭിക്കാനിടയാക്കി. ഇതാണ് ഇടതുമുന്നണി പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം അവർക്ക് സമ്മാനിച്ചതെന്നും അവർ പറയുന്നു.

kerala by election result