തിരുവനന്തപുരം : സിറ്റിങ് സീറ്റായ അരൂരിലുണ്ടായ തോൽവിയെക്കുറിച്ച് സി.പി.എം. അന്വേഷിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇക്കാര്യം അന്വേഷിക്കും. വെള്ളിയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജില്ലാ കമ്മിറ്റിയെ ഇതിനു ചുമതലപ്പെടുത്തിയത്.

അരൂരിൽ ഷാനിമോൾ ഉസ്മാന് അനുകൂലമായി സഹതാപതരംഗം ഉണ്ടായെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. പലപ്രാവശ്യത്തെ തോൽവി അവർക്ക് അനുകൂല മനോഭാവം സൃഷ്ടിക്കപ്പെടുന്നതിന് കാരണമായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ ഷാനിമോൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും ഉപതിരഞ്ഞടുപ്പിൽ ഈ വ്യത്യാസം മറികടക്കാനാകുമെന്നാണ് പാർട്ടി കരുതിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഷാനിമോൾക്കെതിരേ മന്ത്രി ജി.സുധാകരനിൽ നിന്നുണ്ടായ പരാമർശം അദേഹം പിന്നീട് തിരുത്തിയെങ്കിലും അവർക്ക് അനുകൂലമായ മനോഭാവം വോട്ടർമാരിലുണ്ടാകാൻ അത് കാരണമായെന്ന വിമർശനവും സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി.

എറണാകുളത്ത് നഗരസഭാ ഭരണത്തിനെതിരേയുള്ള വികാരം ശക്തമായിരുന്നെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ഇവിടെ പാർട്ടിവോട്ടുകൾ മുഴുവൻ ബൂത്തിലെത്തിയില്ല. ശക്തമായ മഴ തടസ്സമായി.

മഞ്ചേശ്വരത്തെ വിശ്വാസ പരീക്ഷണം

മഞ്ചേശ്വരത്ത് മുൻ എം.എൽ.എ. കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാനുള്ള ആലോചന ഇടയ്ക്കു വെച്ച് ഉപേക്ഷിച്ചാണ് വിശ്വാസിയായ സ്ഥാനാർഥിയെ പരീക്ഷിക്കാൻ പാർട്ടി തീരുമാനിച്ചത്. വിശ്വാസസംരക്ഷണം മുൻനിർത്തി യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സി.പി.എം. നടത്തിയ പരീക്ഷണമായിരുന്നു ഇത്. വിശ്വാസിയായ പാർട്ടിക്കാരനെ തിരഞ്ഞെടുപ്പ് രംഗത്ത് പരീക്ഷിച്ചാലുളള പ്രതികരണമാണ് പാർട്ടിതേടിയത്. ശങ്കർറൈയുടെ വിശ്വാസം പാർട്ടി തള്ളിപറഞ്ഞില്ലെന്ന് മാത്രമല്ല, അതംഗീകരിക്കുകയും ചെയ്തു. എന്നാൽ, ജനം ഇതംഗീകരിക്കുന്നില്ലെന്ന വിധിയാണ് മഞ്ചേശ്വരത്ത് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച 42,000 -ൽപരം വോട്ട് ഇപ്രാവശ്യം 38,000 -ൽ പരമായി ചുരുങ്ങിയെന്നതും സെക്രട്ടേറിയറ്റിൽ ചർച്ചയായി.

പൂതന പരാമർശമല്ല തോൽവിക്ക് കാരണം - മന്ത്രി സുധാകരൻ

തിരുവനന്തപുരം : അരൂരിലെ തോൽവിക്ക് കാരണം താൻ നടത്തിയെന്ന് ആരോപിക്കുന്ന പൂതന പരാമർശമല്ലെന്ന് മന്ത്രി ജി. സുധാകരൻ. അരൂർ സീറ്റ് നഷ്ടപ്പെട്ടതിൽ വലിയ പ്രയാസമുണ്ട്. ബി.ജെ.പി. വോട്ട്‌ മറിച്ചതാണ് പരാജയകാരണമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ബി.ജെ.പിയുടെ പതിനായിരം വോട്ട് എവിടെപ്പോയി ? അവരുടെ വോട്ട് ഞങ്ങൾക്ക് കിട്ടില്ല. കേരളത്തിലെ യു.ഡി.എഫിനെപറ്റി ബി.ജെ.പിക്ക് പരാതിയില്ല. അരൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയെക്കുറിച്ച് ഞങ്ങൾ പറഞ്ഞതിനെക്കുറിച്ചായിരുന്നു അവർക്ക് വിഷമം.

ഞാൻ ഷാനിമോളെ പൂതനയെന്ന് വിളിച്ചിട്ടില്ല. പൂതനയെന്ന കഥാപാത്രത്തെ പരാമർശിച്ചിരുന്നു. അതൊരു സ്ത്രീയെയും ഉദ്ദേശിച്ച് പറഞ്ഞതല്ല. കുടുംബയോഗത്തിൽ കടന്നുകയറി ചില മാധ്യമപ്രവർത്തകർ അധാർമികമായി നടത്തിയ വ്യാജ പ്രചാരണമാണിത്. വീഡിയൊ മുഴുവൻ കണ്ടാൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബോധ്യമാകും. യു.ഡി.എഫ് നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളുകയും ചെയ്തു”- സുധാകരൻ പറഞ്ഞു.

content highlights: kerala by election 2019 CPIM