തിരുവനന്തപുരം: പിണറായിസർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒന്പതുമണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. ജനക്ഷേമപ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാവുന്ന ബജറ്റ‌ിൽ, സാമ്പത്തികപ്രതിസന്ധിക്ക് ആശ്വാസംകാണാൻ ആയിരം കോടിരൂപയുടെ അധിക വിഭവസമാഹരണവും പ്രഖ്യാപിക്കും.

ഭൂമിയുടെ ന്യായവില കൂട്ടും. സർക്കാരിന്റെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് നേരിയതോതിൽ വർധിപ്പിക്കും. ജി.എസ്.ടി. ഒഴികെയുള്ള മറ്റു നികുതികളും വർധിച്ചേക്കും. അവയിൽ പലതും ഏകീകരിക്കാനും യുക്തിസഹമായി പരിഷ്‌കരിക്കാനുമാണ് തീരുമാനം. ഇത്തരത്തിൽ ആയിരം കോടിയോളം രൂപ കിട്ടുമെന്നാണു പ്രതീക്ഷ.

ക്ഷേമപെൻഷൻ പതിവുപോലെ 100 രൂപ കൂട്ടും. പെൻഷൻപ്രായം കൂട്ടുകയോ വിരമിക്കൽ തീയതി ഏകീകരിക്കുകയോ ചെയ്യില്ല. ജീവനക്കാർക്ക് കുടിശ്ശികയുള്ള ക്ഷാമബത്തയിൽ അഞ്ചുശതമാനം അനുവദിച്ചേക്കും.

സർക്കാരിന്റെ ചെലവുചുരുക്കാനുള്ള നടപടികളുണ്ടാവും. എന്നാൽ, കാര്യമായി വെട്ടിക്കുറയ്ക്കില്ല. മാന്ദ്യകാലത്ത് സർക്കാർ പണംമുടക്കുന്നത് കുറയ്ക്കാനാവില്ലെന്ന തന്റെ പ്രഖ്യാപിത സമീപനമാവും തോമസ് ഐസക് സ്വീകരിക്കുക. പുതിയ പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടാകില്ലെങ്കിലും ചേർത്തലയിൽ അർബുദ മരുന്നുനിർമാണത്തിനുള്ള ഓങ്കോളജി പാർക്ക് പ്രഖ്യാപിക്കും. പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനങ്ങളുണ്ടാകും.

Content Highlights: kerala budget today