ആലപ്പുഴ: കേന്ദ്രസർക്കാർ തഴഞ്ഞ പൊതുവിഭാഗം കാർഡുടമകൾക്ക് (നീല, വെള്ള) നിശ്ചിത റേഷൻവിഹിതം സബ്സിഡിനിരക്കിൽ ഉറപ്പാക്കുകയാണ് ഈ ബജറ്റിലൂടെ സംസ്ഥാന സർക്കാർ. നിലവിലുള്ള റേഷൻവിഹിതത്തിന് പുറമേ കാർഡൊന്നിന് പത്തുകിലോ അരി 15 രൂപാ നിരക്കിൽ മാസംതോറും നൽകുമെന്നാണ് പ്രഖ്യാപനം.
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ നീല, വെള്ളക്കാർഡുകാർക്ക് കേന്ദ്രം സബ്സിഡി റേഷൻ നൽകുന്നില്ല. കിട്ടുന്നതിൽനിന്ന് മിച്ചംപിടിച്ചാണ് ഈ വിഭാഗത്തിന് സംസ്ഥാനം നേരിയ സബ്സിഡിയോടെ റേഷൻ നൽകിയിരുന്നത്. നീലക്കാർഡിലെ ഓരോ അംഗത്തിനും രണ്ടുകിലോയും വെള്ളക്കാർഡിന് ലഭ്യതയ്ക്കനുസരിച്ചുമായിരുന്നു (ഈ മാസം കാർഡൊന്നിന് നാലുകിലോ) ഇതുവരെ വിഹിതം. ഈ വിഭാഗത്തിലെ ഒട്ടേറെ കുടുംബങ്ങൾ സൗജന്യ റേഷനും സൗജന്യനിരക്കിലുള്ള ഭക്ഷ്യധാന്യത്തിനും അർഹരാണ്.
50 ലക്ഷം കുടുംബങ്ങൾക്ക് നേട്ടം
50 ലക്ഷം കുടുംബങ്ങൾക്കാണ് പ്രയോജനം. 22 രൂപാ നിരക്കിൽ വാങ്ങുന്ന അരിയാണ് ഏഴുരൂപ സബ്സിഡിയോടെ 15 രൂപയ്ക്ക് നൽകുന്നത്. ഇതിനുവേണ്ട തുക സംസ്ഥാനം വഹിക്കും. ഭക്ഷ്യ സബ്സിസിഡി വിഹിതം 1036 കോടിരൂപയിൽനിന്ന് 1060 കോടിരൂപയാക്കി. സൗജന്യ ഭക്ഷ്യധാന്യക്കിറ്റു വിതരണം ഏപ്രിൽവരെ നീട്ടി.