കലവൂർ: പുതിയ കേരളത്തെ രൂപപ്പെടുത്താൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണു ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ളതെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. കെ.എസ്.ടി.എ.യുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അടിസ്ഥാനപരമായ പരിവർത്തനം ഉണ്ടാകുന്നതിനു ബജറ്റ് തുടക്കം കുറിച്ചിരിക്കുകയാണ്. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും തുല്യപ്രാധാന്യം നൽകുന്ന ബജറ്റ് ഭാവി കേരളത്തിനുള്ള ശുഭപ്രതീക്ഷയാണ്. നാടിനെ അറിവിന്റെ സമൂഹമായി മാറ്റാനും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കു നയിക്കാനും നവീനമായ നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്- ഐസക് പറഞ്ഞു.

നവകേരള സൃഷ്ടിക്കായുള്ള കുതിപ്പിനു വിദ്യാഭ്യാസ മേഖലയ്ക്ക് അതീവ പ്രാധാന്യമുണ്ട്. ഇപ്പോൾ തന്നെ പൊതുവിദ്യാലയങ്ങളിലെ മാറ്റത്തിന്റെ പ്രതിഫലനമായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അക്ഷര- അക്കജ്ഞാനം ഉറപ്പുവരുത്തി മുന്നിലേക്കു കൊണ്ടുവരാൻ അധ്യാപകർ നടത്തുന്ന പ്രവർത്തനം ഊർജിതമാക്കണം. ഇതിനായുള്ള കൃത്യമായ കർമപരിപാടി കെ.എസ്.ടി.എ. മുൻ കൈയെടുത്ത് ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും തോമസ് ഐസക് പറഞ്ഞു.