തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സാമൂഹിക സാമ്പത്തിക വെല്ലുവിളി നേരിടാൻ 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനുള്ള 2800 കോടിയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം നൽകുന്നതിനുള്ള 8900 കോടിയും സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വിവിധ വായ്പകൾ, പലിശ സബ്‌സിഡി എന്നിവയ്ക്കുള്ള 8300 കോടിയുമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കേന്ദ്ര സഹായ പദ്ധതികളും അതിനുള്ള സംസ്ഥാന വിഹിതവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നൽകിവരുന്ന ഒരുമാസത്തെ സാമൂഹികക്ഷേമ പെൻഷനും കൂടിച്ചേർത്താണ് പാക്കേജ്. പുതിയ ആനുകൂല്യങ്ങൾ എന്നുമുതൽ വിതരണം ചെയ്തുതുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

 • ആരോഗ്യ അടിയന്തരാവസ്ഥ- 2800 കോടി
 • വാക്സിനും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ- 1500 കോടി
 • ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ- 636.5 കോടി
 • അണുവിമുക്ത കേന്ദ്രങ്ങൾ- 18.75 കോടി
 • മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ- 50 കോടി
 • പീഡിയാട്രിക് ഐ.സി.യു.- 25 കോടി
 • ഓക്സിജൻ പ്ലാന്റ്- 25 ലക്ഷം
 • സാംക്രമികരോഗ ഗവേഷണസ്ഥാപനം- 50 ലക്ഷം
 • വാക്സിൻ ഗവേഷണം- 10 കോടി
 • തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആരോഗ്യവിഹിതം- 559 കോടി (കേന്ദ്ര സഹായം ഉൾപ്പെടെ)
 • ഉപജീവന പദ്ധതികൾ- 8900 കോടി
 • ഭക്ഷ്യക്കിറ്റ് നാലുമാസത്തേക്ക്- 1740 കോടി
 • ക്ഷേമനിധി അംഗങ്ങൾക്കുള്ള സഹായം-1100 കോടി
 • തൊഴിലുറപ്പ് പദ്ധതിയിലൂടെ- 3100
 • ഒരുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ- 848 കോടി
 • ഒരു പെൻഷനുമില്ലാത്തവർക്ക് സഹായം- 147 കോടി
 • കരാറുകാർക്കും വിതരണക്കാർക്കുമുള്ള കുടിശ്ശിക- 1700 കോടി
 • കുടുംബശ്രീ ഉപജീവന പദ്ധതി- 40 കോടി
 • വിവിധ പദ്ധതികൾക്കുള്ള പലിശയിളവ്- 175 കോടി
 • റബ്ബർ സബ്‌സിഡി കുടിശ്ശിക- 50 കോടി
 • വായ്പ, പലിശ സബ്‌സിഡി- 8300 കോടി
 • കർഷക പാക്കേജ്- 2000 കോടി (നാലുശതമാനം പലിശ)
 • ചെറുകിട വ്യവസായം- 1600 കോടി
 • കുടുംബശ്രീ- 1000 കോടി
 • വൈദ്യുത വാഹനങ്ങൾ വാങ്ങൽ- 200 കോടി
 • സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ- 2000 കോടി
 • വിനോദസഞ്ചാരം- 500 കോടി
 • പ്രവാസി സ്വയംതൊഴിൽ പദ്ധതികൾ- 1000 കോടി