തിരുവനന്തപുരം: സാമ്പത്തികമായി എത്ര ഞെരുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാലും അതിനെയെല്ലാം മറികടന്നുള്ള വികസനത്തിന്റെ വർഷമാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. വായ്പ കേന്ദ്രം വെട്ടിക്കുറച്ചാലും കഴിഞ്ഞതവണയുണ്ടായ പ്രശ്‌നം സംസ്ഥാനത്ത് ഉണ്ടാകില്ല. അതിനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സാമ്പത്തികസ്ഥിതിയിൽ മാറ്റംവരുമെന്ന ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും മോശം വർഷമായിരുന്നു. വരുമാനം കൂടുന്നില്ല. കേരളത്തിനു കിട്ടിക്കൊണ്ടിരുന്നത് 8000 കോടി കുറയുകയും ചെയ്തു. ഒരുവിധത്തിലും മുന്നോട്ടുപോകാൻ പറ്റുമായിരുന്നില്ല. വളരെ ഞെരുക്കമുണ്ടായി. എന്നാൽ, ഈ ബജറ്റിലൂടെ കേരള ജനതയ്ക്ക് ഉറപ്പുനൽകുന്നത് അടുത്തവർഷം ഇങ്ങനെയായിരിക്കില്ലെന്നാണ്.

കേന്ദ്രസർക്കാർ കേരളത്തെ ഞെരുക്കാൻ തീരുമാനിച്ചാലും അടുത്തവർഷം നമ്മൾ തയ്യാറാകില്ല. ഇതിൽക്കൂടുതൽ ഒന്നും ചെയ്യാൻ അവർക്കാകില്ല. കേന്ദ്രം വേറൊരു ജനുസ്സാണ്. എല്ലാം മനസ്സിൽ വെച്ചിട്ടുതന്നെയാണു പറയുന്നത്. ഭയപ്പെടുത്താൻ നോക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിനുള്ള കേന്ദ്ര നികുതിവിഹിതം 5000 കോടി കുറയും. പക്ഷേ, കമ്മി നികത്താൻ കേരളത്തിന് അനുവദിച്ചിട്ടുള്ളത് 15,000 കോടിയാണ്. അയ്യായിരം കഴിഞ്ഞാലും കഴിഞ്ഞവർഷത്തെക്കാൾ കൂടുതലുണ്ട്. വായ്പ വെട്ടിക്കുറച്ചാലും കഴിഞ്ഞവർഷമുണ്ടായ പ്രശ്‌നങ്ങളുണ്ടാകില്ല. ഇനി കേന്ദ്രം സുതാര്യമായ സമീപനം സ്വീകരിച്ചാൽ ഗംഭീരമായ വികസനപ്രവർത്തനങ്ങളുടെ വർഷമാണ് കേരളത്തെ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആധുനിക തൊഴിലവസരം സൃഷ്ടിക്കാനുള്ള വലിയൊരു പരിശ്രമം ബജറ്റിലുണ്ട്. തൊഴിലാളിയുടെ ഒരുമാസത്തെ ശമ്പളം സബ്‌സിഡി നൽകി കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കും. അതുപോലെ വൃവസായ സൗഹൃദമാക്കാനും ചെലവ് കുറയ്ക്കാനുമുള്ള പദ്ധതികളും ധാരാളമുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlights: kerala budget 2020-thomas isaac-central government