ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിന് ആലപ്പുഴ ഒരു പരീക്ഷണശാലയാണ്. ഇവിടെ പരീക്ഷിച്ച് വിജയം എന്നുറപ്പായ കാര്യങ്ങളാണ് പിന്നീട് ബജറ്റിൽ പ്രഖ്യാപനമായി വരുന്നത്. അത്തരം ഒട്ടേറെ പദ്ധതികൾ മികച്ച മാതൃകയെന്ന വിശേഷണത്തോടെ ഈ ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ ‘വിശപ്പുരഹിത മാരാരിക്കുളം’ എന്ന പേരിൽ തോമസ് ഐസക്കിന്റെ ചിന്തയിൽ തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ ‘വിശപ്പുരഹിതകേരള’മായത്.

നദീപുനരുജ്ജീവനത്തിന്റെ കഥയും അങ്ങനെത്തന്നെ. അതിന്റെ പ്രാരംഭപരീക്ഷണവും ആലപ്പുഴ ജില്ലയിൽനിന്നായിരുന്നു. വരട്ടാർ പുനരുജ്ജീവനമായിരുന്നു ടെസ്റ്റ് ഡോസ്. ആദ്യം പാർട്ടിക്കുള്ളിൽനിന്നുതന്നെ എതിർപ്പുണ്ടായി. പക്ഷേ, അത് ജനകീയമുന്നേറ്റമായി മാറിയതോടെ ഐസക് താരമായി. പിന്നെ കോട്ടയത്ത് മീനച്ചിലാറ്റിലും തിരുവനന്തപുരം കിള്ളിയാറ്റിലുമടക്കം നടത്തി നദീപുനരുജ്ജീവനപ്രവർത്തനം വൈറലായി.

തോടുകൾ ജനകീയമുന്നേറ്റത്തോടെ ആഴംകൂട്ടി ചെളിയും കയർ ഭൂവസ്ത്രവുമുപയോഗിച്ച് പുറംബണ്ട് ബലപ്പെടുത്തുന്ന പദ്ധതിക്കും പരീക്ഷണം ആലപ്പുഴയിലെ നെടുമുടിയിൽ. 14 ജില്ലകളിൽ തുടങ്ങുമെന്ന്‌ പ്രഖ്യാപിക്കുന്ന ട്രൈബൽ മൈക്രോ പ്രോജക്ടിന്റെയും പരീക്ഷണശാല ഐസക്കിന്റെ സ്വന്തം മണ്ഡലമായിരുന്നു.

പഞ്ചായത്തുതോറും തുടങ്ങുമെന്നുപ്രഖ്യാപിച്ച കേന്ദ്രീകൃത സെപ്റ്റേജ് പദ്ധതികൾക്കും പ്രേരണ ആലപ്പുഴയാണ്. പുരവഞ്ചി കക്കൂസ്‌മാലിന്യം സംസ്കരിക്കുന്നതിനായി നടത്തിയ സെപ്റ്റേജ് പരീക്ഷമാണ് ബജറ്റ് പ്രഖ്യാപനത്തിലെത്തിയത്.

വിനോദസഞ്ചാരവികസനത്തിന് നിർണായകമായെന്നുപറയുന്ന ബോട്ട്‌ലീഗുപരീക്ഷണവും ആലപ്പുഴയിലായിരുന്നു. തുടക്കത്തിൽ വലിയ എതിർപ്പായിരുന്നു. അത്‌ വൻവിജയമെന്ന് തെളിയിക്കപ്പെട്ടതോടെ ഇപ്പോൾ ചെറിയ ജലമേളകളെയും ടൂറിസം വിപണനത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.

പുരയിടക്കൃഷിയിലെ പച്ചക്കറി പ്രോത്സാഹനത്തിലും ആലപ്പുഴയിലെ കഞ്ഞിക്കുഴി ജൈവക്കൃഷി പ്രേരണയായിട്ടുണ്ട്. ഇവിടെനിന്നായിരുന്നു കേരളത്തിലെ ജൈവക്കൃഷിമുന്നേറ്റത്തിനു തുടക്കം.

ഉറവിടമാലിന്യസംസ്കരണ പരീക്ഷണവും ആലപ്പുഴയിൽ നടത്തി വിജയമെന്ന് ഉറപ്പിച്ചശേഷമാണ് മറ്റിടങ്ങളിൽ പ്രയോഗിക്കാൻ ഐസക് മുന്നിട്ടിറങ്ങിയത്. ബജറ്റിലും അതിന്‌ പ്രോത്സാഹനം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: kerala budget 2020-thomas isaac-alappuzha lab