തിരുവനന്തപുരം: മാന്ദ്യത്തിൽനിന്ന് സംസ്ഥാനത്തെ കരകയറ്റാൻ ഒരു നിർദേശം പോലുമില്ലാത്തതാണ് ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പോലെ വാചകക്കസർത്താണിത്. ഇതൊരു ‘ഫാന്റസി’ ബജറ്റ് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

സാമ്പത്തികമായി നട്ടംതിരിയുന്ന ജനങ്ങളുടെമേൽ 1103 കോടിയുടെ അധികബാധ്യത അടിച്ചേൽപ്പിക്കുന്നു. അടുത്തകാലത്തൊന്നും ഇത്രയും വലിയ ഭാരം ജനങ്ങളുടെമേൽ കെട്ടിവെച്ചിട്ടില്ല. നികുതി പിരിച്ചെടുക്കാൻ തയ്യാറാകാതെ പാവപ്പെട്ടവരെ പിഴിയാനാണ് ഉദ്ദേശ്യം. വില്ലേജ്, രജിസ്‌ട്രേഷൻ ഓഫീസുകളിൽ ചെല്ലാൻ പോലുമാകാതെ ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ്, മോട്ടോർവാഹന മേഖലകളിലെ പ്രതിസന്ധി ഗുരുതരമാക്കും.

ജനങ്ങളുടെ വാങ്ങൽശേഷി കുറയുമ്പോഴാണ് ഇതുപോലെ ദ്രോഹിക്കുന്നത്. ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകൾ കഴിഞ്ഞതവണ പ്രഖ്യാപിച്ചതിന്റെ ആവർത്തനമാണ്. വയനാട് കാപ്പി ബ്രാൻഡ് ചെയ്യുമെന്ന് കഴിഞ്ഞബജറ്റിലും പറഞ്ഞിരുന്നു. നദികളിൽനിന്നു മണൽ വാരുമെന്ന് വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ധനമന്ത്രിയായിരുന്നപ്പോഴും തോമസ് ഐസക് പ്രഖ്യാപിച്ചതാണ്.

കാർഷിക മേഖലയ്ക്കും ഒരു പദ്ധതിയുമില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഡിജിറ്റൽ സേവന മേഖലയ്ക്കായും ഫലപ്രദമായ നിർദേശങ്ങളില്ല. വിലക്കയറ്റം വർധിക്കുകയും ജീവിതം ദുസ്സഹമാകുകയും ചെയ്യും. കേരളം തകർച്ചയിലേക്കു പോകുമെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.

Content Highlights: kerala budget 2020-oppostion

സ്വപ്നം വിൽക്കുന്ന ധനമന്ത്രി

വസ്തുവിൽപ്പനയും വാഹനവിപണിയും തകർന്നുകിടക്കുമ്പോൾ അവയുടെ വിലകൂട്ടുന്ന നടപടികൾ സ്വീകരിച്ച ധനമന്ത്രി വിഡ്ഢികളുടെ ലോകത്താണു ജീവിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അതിനു പരിഹാരം കാണാനുള്ള ഒരു നിർദേശവും ബജറ്റിലില്ല. കിഫ്ബി, അതിവേഗ റെയിൽ, ജലപാത തുടങ്ങിയ എടുത്താൽ പൊങ്ങാത്ത പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി സ്വപ്നം വിൽക്കുന്നു. നെഗറ്റീവ് വളർച്ചയിലേക്ക് കൂപ്പുകുത്തിയ കാർഷികമേഖലയ്ക്കും 57.5 ലക്ഷം തൊഴിൽരഹിതർക്കും പ്രളയബാധിതർക്കും ആശ്വാസം ലഭിക്കുന്ന ഒരു നടപടിയുമില്ല. നികുതിസമാഹരണത്തിൽ വൻ ഇടിവ് സംഭവിച്ചതിന്റെ പഴി മറ്റുള്ളവരിൽ ചാരാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.

-മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി. പ്രസിഡന്റ്

പുറംചട്ട മാറ്റിയതല്ലാതെ മറ്റു മാറ്റമില്ല

കഴിഞ്ഞ ബജറ്റിന്റെ പുറംചട്ട മാറ്റിയെന്നതല്ലാതെ മറ്റു മാറ്റങ്ങളൊന്നും ഇപ്രാവശ്യമില്ല. കറുത്ത ജുബ്ബയും അണിഞ്ഞെത്തിയ തോമസ് ഐസക് ബജറ്റ് ദിനം കരിദിനമാക്കിമാറ്റി. പണക്കാരനിൽനിന്നു പൈസ പിരിക്കാൻ പറ്റുന്നില്ല. അതിനാൽ പാവപ്പെട്ടവനെ പിടിച്ചേക്കാമെന്നു തീരുമാനിച്ചിരിക്കുകയാണ്. സാധാരണക്കാരെ ഇത്രയധികം ബാധിക്കുന്ന ബജറ്റ് അടുത്തകാലത്ത് ഉണ്ടായിട്ടില്ല. ആരോഗ്യമേഖലയെ പാടേ അവഗണിച്ചു. ചുരുക്കത്തിൽ, മന്ത്രി ജി. സുധാകരന്റെ കവിത മാത്രം ഉൾക്കൊള്ളിക്കാത്ത ഒരു കാവ്യസമാഹാരം മാത്രമാണീ ബജറ്റ്.

-എം.കെ. മുനീർ, പ്രതിപക്ഷ ഉപനേതാവ്