തിരുവനന്തപുരം: ഞെരുക്കുന്ന സാമ്പത്തികനില. മാസങ്ങൾ അകലെനിൽക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും കുട്ടനാട് ഉപതിരഞ്ഞെടുപ്പും. കൈയിലൊന്നുമില്ലാത്തപ്പോൾത്തന്നെ കൈയയച്ചു നൽകേണ്ട സ്ഥിതി. ഒരഭ്യാസക്കാരന്റെ മെയ്‌വഴക്കത്തോടെ ബുദ്ധിമുട്ടേറിയ ഈ സാഹര്യങ്ങളെ ധനമന്ത്രി തോമസ് ഐസക് കോർത്തിണക്കി. ബജറ്റിലും രാഷ്ട്രീയമുണ്ടെന്നു വിശ്വസിക്കുന്ന അദ്ദേഹം ഇടതുപക്ഷത്തിന്റെ പൗരത്വനിയമത്തിനെതിരായ രാഷ്ട്രീയത്തെ, ബജറ്റ് പേജുകളെ കുത്തിക്കെട്ടിയ നൂലാക്കി മാറ്റി.

തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം ഗണ്യമായി ഉയർത്തിയതും ഗ്രാമീണ റോഡുകൾക്ക് 1000 കോടികൂടി അനുവദിച്ച് 2500 കോടിയുടെ പദ്ധതിയാക്കിയതും ശ്രദ്ധേയമാണ്. ലൈഫ് പദ്ധതിയിൽ ഒരുലക്ഷം വീടുകൾ, തദ്ദേശസ്ഥാപനം വഴി ആയിരംപേർക്ക് ഒരാളെന്ന നിലയിൽ ജോലി എന്നിവയൊക്കെ തദ്ദേശ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ്.

ജനപ്രിയ പദ്ധതികൾ വേറെയും കരുതി. 25 രൂപയ്ക്ക് ഊണ്, ക്ഷേമപെൻഷനുകൾ 100 രൂപ വീതം കൂട്ടി 1300 ആക്കി, ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയാഘോഷം, കുടുംബശ്രീക്ക് ഒട്ടേറെ പദ്ധതികൾ എന്നിവയൊക്കെ ബജറ്റിന്റെ കമാനങ്ങളാണ്.

കുട്ടനാട്ടിലേക്കൊരു പാലം

ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കുട്ടനാട്ടിലേക്ക് ബജറ്റിലൂടെ ധനമന്ത്രി പാലംപണിതു. പ്രളയ പുനർനിർമാണത്തിന്റെ പേരിൽ കുട്ടനാടിന് 2400 കോടിയുടെ പാക്കേജ് ആസൂത്രണ ബോർഡ് തയ്യാറാക്കിയെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. മാത്രമല്ല, ഒരു പ്രദേശമെന്ന തരത്തിൽ ഏറ്റവും കൂടുതൽ പേജും പദ്ധതിയും മാറ്റിവെച്ചിരിക്കുന്നത് കുട്ടനാടിനാണെന്നതു യാദൃച്ഛികമല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ പെരുമാറ്റച്ചട്ടത്തിന്റെ പരിമിതികളില്ലാതെ മന്ത്രിക്ക് പദ്ധതികൾ പ്രഖ്യാപിക്കാനായി.

കേരള കോൺഗ്രസിനൊരു കൈ

കേരള കോൺഗ്രസിലെ തർക്കവും പരോക്ഷമായി ഉപയോഗപ്പെടുത്താനുള്ള ശ്രമവും ബജറ്റ് നടത്തുന്നു. മുൻ ധനമന്ത്രി കെ.എം. മാണിയുടെ സ്മാരകത്തിന് അഞ്ചുകോടി വകയിരുത്തി. മാണിയുടെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിരുന്ന ഇടതുപക്ഷം കേരള കോൺഗ്രസ് അണികൾക്കുനേരെ നീട്ടുന്ന ആകർഷണയന്ത്രമായി ഇതിനെ കാണാം. പ്രത്യേകിച്ചും ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി അവിടെ യു.ഡി.എഫ്. സ്ഥാനാർഥിയാകാൻ സാധ്യതയുള്ളപ്പോൾ.

കൊച്ചിക്കൊരു കൈത്താങ്ങ്

കൊച്ചിക്ക് ബജറ്റിൽ ലഭിച്ച പ്രാമുഖ്യവും എടുത്തുപറയണം. സീംലസ് മൊബിലിറ്റി ഫോർ കൊച്ചിയെന്ന പദ്ധതി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യു.ഡി.എഫിനെ തുണയ്ക്കുന്ന പ്രദേശത്തെ സ്വപക്ഷത്ത് ഉറപ്പിക്കാനുള്ള ശ്രമമായി കാണാം. സഭാ തർക്കത്തിൽ സെമിത്തേരികളിലെ ശവസംസ്കാരം അവകാശമാക്കുന്നതിന് നിയമം കൊണ്ടുവന്നതുതന്നെ മധ്യതിരുവിതാംകൂറിൽ ഇടതുപക്ഷത്തിനു ഗുണം ചെയ്തിരുന്നു. മെട്രോ നീട്ടുന്നത്, ജലപാതാ സൗകര്യം തുടങ്ങി വിവിധ പദ്ധതികൾക്കായി കൊച്ചി മെട്രോ സോൺ പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നു.

പൗരത്വനിയമത്തിനെതിരേയുള്ള രാഷ്ട്രീയം ബജറ്റിനെ പൊതിഞ്ഞുനിൽക്കുന്നു. ഗാന്ധിജി വെടിയേറ്റു വീണതാണ് ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രം. ബജറ്റ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ദേശീയ സാഹചര്യം വിവരിച്ചാണ്. രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നു പറഞ്ഞ ധനമന്ത്രി ടാഗോർ, ആനന്ദ്, കെ.ജി. ശങ്കരപിള്ള തുടങ്ങി ഒട്ടേറെ പേരെ സാഹചര്യത്തിനിണങ്ങുംവിധം ഉദ്ധരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിനുവേണ്ടി പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ച യുവപോരാളികൾക്ക് അഭിവാദ്യമർപ്പിച്ചാണ് പ്രസംഗം അവസാനിപ്പിക്കുന്നത്.