സഹകരണബാങ്കുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം കർശനമാക്കിയുള്ള പുതിയ നിയമഭേദഗതി നടപ്പാകുന്നതോടെ കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അയോഗ്യനാകും. സംസ്ഥാനത്തെ ഏക ജില്ലാസഹകരണബാങ്കായ മലപ്പുറത്തിന്റെ ചെയർമാൻ അഡ്വ. യു.എ. ലത്തീഫും സ്ഥാനമൊഴിയേണ്ടിവരും. ഒരേസമയം രണ്ടുബാങ്കുകളിലെ ഡയറക്ടർമാരായിരിക്കാൻ കഴിയില്ലെന്ന നിയമത്തിലെ വ്യവസ്ഥയാണ്‌ ഇതിനുകാരണം.

അർബൻ ബാങ്കുകളുടെ പ്രതിനിധിയായാണ് ഗോപി കോട്ടമുറിക്കൽ കേരള ബാങ്കിലും ലത്തീഫ് മലപ്പുറം ജില്ലാബാങ്കിലും ഭരണസമിതിയിലെത്തുന്നത്. ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ 16-ാം വകുപ്പ് സഹകരണബാങ്കുകൾക്ക് ബാധകമാക്കിയാണ് കേന്ദ്രധനമന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ഇതനുസരിച്ച് ഒരാൾക്ക് രണ്ട് ബാങ്കുകളുടെ ഭരണസമിതിയിൽ അംഗമാവാനാവില്ല. അർബൻ ബാങ്ക് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കായതിനാൽ ഇരുവർക്കും നിയമത്തിന്റെ ‘വിലക്കു’വീഴും.

സഹകരണനിയമത്തിലെ വ്യവസ്ഥകൾക്കും വിലങ്ങ്

സംസ്ഥാന സഹകരണനിയമത്തിലെ വ്യവസ്ഥകളെയും അസാധുവാക്കുന്ന വിധത്തിലാണ് ബാങ്കിങ് നിയന്ത്രണത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളത്. പ്രാഥമിക സഹകരണബാങ്കുകളുടെയും അർബൻ ബാങ്കുകളുടെയും അപ്പക്സ് ബാങ്കാണ് കേരളബാങ്ക് എന്നതാണ് സംസ്ഥാനനിയമത്തിലെ വ്യവസ്ഥ. എന്നാൽ, അർബൻ ബാങ്കുകളുടെ അപ്പക്സ് ബാങ്ക് എന്ന പരിഗണന കേരളബാങ്കിന് കേന്ദ്രധനകാര്യമന്ത്രാലയം നൽകുന്നില്ല.

അംഗസംഘങ്ങളായ പ്രാഥമിക ബാങ്കുകളുടെയും അർബൻ ബാങ്കുകളുടെയും പ്രതിനിധികളെയാണ് കേരളബാങ്കിന്റെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. മലപ്പുറം കേരളബാങ്കിന്റെ ഭാഗമാകാത്തതിനാൽ സമാനരീതിയിൽ ജില്ലാബാങ്ക് ഭരണസമിതിയിലേക്കും തിരഞ്ഞെടുപ്പ് നടക്കും. പ്രാഥമിക സഹകരണബാങ്കുകളെ ബാങ്കായി അംഗീകരിക്കാത്തതിനാൽ അവയുടെ പ്രതിനിധികൾക്ക് ഇപ്പോഴത്തെ നിയമവിലക്ക് ബാധകമാകില്ല. പക്ഷേ, ഇനി അർബൻ ബാങ്കുകളുടെ പ്രതിനിധികൾക്ക് കേരളബാങ്കിന്റെയോ മലപ്പുറം ജില്ലാബാങ്കിന്റെയോ ഭരണസമിതി അംഗമായി തുടരാനാവില്ല. ഇതോടെ ഗോപി കോട്ടമുറിക്കലിനും ലത്തീഫിനും ചെയർമാൻ പദവിയും ഒഴിയേണ്ടിവരും.

കേരളബാങ്ക് ഭരണസമിതിഘടന മാറ്റേണ്ടിവരും

കേരളബാങ്കിന്റെ ഭരണസമിതിയുടെ ഘടന മാറ്റിയാൽ ഇവരെ നിലനിർത്താൻ കഴിഞ്ഞേക്കും. ഇതിനായി, അർബൻ ബാങ്കുകളുടെ പ്രതിനിധിയായി കേരളബാങ്കിന്റെയോ ജില്ലാബാങ്കിന്റെയോ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ, അർബൻ ബാങ്കുകളുടെ ഭരണസമിതി അംഗമാവേണ്ടതില്ലെന്ന വ്യവസ്ഥ കേരള സഹകരണനിയമത്തിൽ കൊണ്ടുവരേണ്ടിവരും. ആ വ്യവസ്ഥ കേരളബാങ്കിന്റെയും ജില്ലാബാങ്കിന്റെയും ബൈലോയിൽ ഉൾപ്പെടുത്തുകയും വേണം. ബൈലോ ഭേദഗതിക്ക് പൊതുയോഗം ചേരണമെന്നുമാത്രമല്ല, കേന്ദ്രനിയമഭേദഗതി അനുസരിച്ച് റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയും വാങ്ങണം.

ഏപ്രിൽ ഒന്നുമുതലാണ് ബാങ്കിങ് നിയന്ത്രണനിയമത്തിലെ പുതിയ ഭേദഗതികൾ സംസ്ഥാന-ജില്ലാ ബാങ്കുകൾക്ക് ബാധകമാകുന്നത്. അതിനുമുമ്പ് ചെയർമാന്റെ അയോഗ്യതാപ്രശ്നം സർക്കാരിന് തീർക്കാനാകണം. കേന്ദ്രനിയമഭേദഗതി കേരളത്തിലെ സഹകരണമേഖലയെ തകർക്കുകയാണെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇതിനെ മറികടക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർവകക്ഷിയോഗം വിളിക്കുന്നുണ്ട്. അതിലുണ്ടാകുന്ന തീരുമാനമനുസരിച്ചാകും കേരളബാങ്ക് ചെയർമാന്റെ ‘അയോഗ്യത’ പ്രശ്നവും സർക്കാർ കൈകാര്യം ചെയ്യുക.