കോട്ടയം: ആർക്കെതിരായ യുദ്ധമാണ് നിയമസഭയിൽ നടത്തിയതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും തുടർന്നും വിഷമിക്കും. കെ.എം. മാണിക്കെതിരായ പോരാട്ടമാണ് സഭയ്ക്കുള്ളിൽ സി.പി.എം. നടത്തിയത്. പക്ഷേ, ആറുവർഷത്തിനിപ്പുറം അദ്ദേഹത്തിന്റെ മകൻ നയിക്കുന്ന പാർട്ടി ഇടതുമുന്നണിയിൽ നിൽക്കുമ്പോൾ ഇരുകൂട്ടരും വാക്കുകൾ വളരെ ശ്രദ്ധിക്കേണ്ടിവരും. നോട്ടെണ്ണൽ യന്ത്രം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ പാലായിൽച്ചെന്നും ഉന്നയിച്ച സി.പി.എം. നേതാക്കൾ മാണിക്കെതിരായ പരാമർശം ഒഴിവാക്കി യു.ഡി.എഫ്. അഴിമതി എന്ന് പറയാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ നടത്തിയ മാണിവിരുദ്ധ പരാമർശം കേരള കോൺഗ്രസിനെ വിഷമിപ്പിച്ചിരുന്നു. എന്നാൽ, കടുത്ത പ്രതികരണം നടത്താതെ ജോസ് കെ. മാണി ഒഴിഞ്ഞുമാറി. സമാനമായ രീതിയാണ് ബുധനാഴ്ചയും തുടർന്നത്. പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ അതിൽ ശരിയും തെറ്റും പറയാനില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. സഭയിൽ നടത്തിയ അക്രമത്തിൽ കേസ് നിലനിൽക്കുമെന്ന സുപ്രീംകോടതി വിധിയിൽ ഏറ്റവുമധികം സന്തോഷിക്കേണ്ട കേരള കോൺഗ്രസ് ക്യാമ്പിലെ മറ്റുള്ളവരും മൗനത്തിലാണ്.