തിരുവനന്തപുരം: കാടുകയറിയുള്ള പ്രസംഗമല്ല, കാച്ചിക്കുറുക്കിയ മറുപടിയാണ് നിയമസഭയിൽ നൽകേണ്ടതെന്ന് മന്ത്രിമാരോട് സി.പി.എം. പ്രതിപക്ഷത്തിന് ആയുധം നൽകാനല്ല, സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ചോദ്യങ്ങളാണ് ഭരണപക്ഷ എം.എൽ.എ.മാർ ചോദിക്കേണ്ടത്. ഇതിന് എം.എൽ.എ.മാരെ സഹായിക്കാൻ മന്ത്രിമാരുടെ ഓഫീസ് ജാഗ്രത പുലർത്തണമെന്നും നിർദേശിക്കുന്നു. നിയമസഭാസമ്മേളനത്തിനുമുമ്പ് പാർട്ടി വിതരണംചെയ്ത കത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

യു.ഡി.എഫ്. അംഗങ്ങളുടെ ഇടപെടൽശേഷി കുറച്ചുകാണരുത്. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയങ്ങളെ നേരിടുന്നതിൽ ജാഗ്രതയുണ്ടാകണം. വിഷയങ്ങൾ പരിശോധിച്ച് പഠിക്കണം.

ചോദ്യോത്തരങ്ങളിൽ പുലർത്തേണ്ട ശ്രദ്ധയും പാർട്ടി വിശദീകരിക്കുന്നു. മറുപടികൾ കുറിക്കുകൊള്ളുന്നതാകണം. പാർട്ടി എം.എൽ.എ.മാരുടെ ചോദ്യങ്ങൾ പ്രതിപക്ഷത്തെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കുന്നതാകണം. ഇക്കാര്യത്തിൽ മന്ത്രിമാരുടെ ഓഫീസും പാർലമെന്ററി പാർട്ടി ഓഫീസും ഏകോപനത്തോടെ പ്രവർത്തിക്കണം.

പ്രതിപക്ഷത്തിന്റെ പ്രകോപനത്തിൽ വീഴരുത്. സഭയിൽ കൂടുതൽ ബഹളംവെച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. സർക്കാർ കാര്യങ്ങൾ നിയമസഭയിൽ നടത്തിക്കൊണ്ടുപോകാനുള്ള ഇടപെടലാണ് ഭരണപക്ഷത്തുള്ളവർ ശ്രദ്ധിക്കേണ്ടത്. ചർച്ചകളിൽ പങ്കെടുക്കുമ്പോൾ അജൻഡയിൽ ഒതുങ്ങിനിന്ന് സംസാരിക്കണം. ഭരണപക്ഷത്തെ പുതിയ അംഗങ്ങൾ മണ്ഡലങ്ങളിലെ വിഷയങ്ങളും പൊതുരാഷ്ട്രീയ പ്രശ്നങ്ങളും ശരിയായി കൈകാര്യം ചെയ്യാൻ ജാഗ്രത പുലർത്തണമെന്നും കത്തിൽ പറയുന്നു.