തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനും വിവാദങ്ങൾക്കും മധ്യേ പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാംസമ്മേളനം വ്യാഴാഴ്ച തുടങ്ങും. ധനാഭ്യർഥനകൾ ചർച്ചചെയ്ത് ബജറ്റ് പാസാക്കാനാണ് സമ്മേളനം. സർക്കാരിന് ക്രിയാത്മകസഹകരണം പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സമ്മേളനം ശാന്തമായിരിക്കാനിടയില്ല.

സ്ത്രീപീഡന പരാതിയിൽ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടും. ആദ്യസമ്മേളനത്തിൽ വിജയാഘോഷത്തിലായിരുന്ന സർക്കാരിന് ഇത്തവണ ആരോപണങ്ങളെ പ്രതിരോധിക്കാൻ വിയർക്കേണ്ടിവരും. അനധികൃത മരംമുറി ഉൾപ്പടെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ നിർബന്ധിതമാകും.

മരംമുറി വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച പ്രതികാര നടപടികൾ, ഡി.വൈ.എഫ്.ഐ. ഭാരവാഹികളായിരുന്നവർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്, കോവിഡ് മരണക്കണക്ക് മറച്ചുവെച്ചുവെന്ന ആരോപണം, നിയമസഭ കൈയാങ്കളിയിൽ സർക്കാരിനെതിരേ സുപ്രീംകോടതിയുടെ പരാമർശം, സി.പി.എം. നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണബാങ്കിലെ 100 കോടിയുടെ തട്ടിപ്പ് എന്നിങ്ങനെ പ്രതിപക്ഷത്തിന് സഭയിലുയർത്താൻ വിഷയങ്ങൾ ഏറെയാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ മാറ്റം വരുത്തിയതിനെത്തുടർന്ന് യു.ഡി.എഫിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ മുതലെടുക്കാനാവും ഭരണമുന്നണിയുടെ ശ്രമം.

സഹകരണവകുപ്പ് രൂപവത്‌കരിക്കാനുള്ള കേന്ദ്രനീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒരുമിച്ചുള്ള പ്രമേയം അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 18വരെ സഭ സമ്മേളിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനം.

നവംബറോടെ കടലാസ് രഹിത സഭ -സ്പീക്കർ

കേരള നിയമസഭയെ അടുത്ത കേരളപ്പിറവിദിനത്തോടെ പൂർണമായും കടലാസ് രഹിത സഭയാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഒട്ടേറെ നടപടികൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്‌ മാറിയതായി അദ്ദേഹം പറഞ്ഞു.