തിരുവനന്തപുരം : ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പുപരാജയത്തിനു മുഖ്യകാരണമായെന്നു ബി.ജെ.പി. ഭാരവാഹിയോഗത്തിൽ വിമർശനം. സംസ്ഥാന സർക്കാരിനെതിരേ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തിരിച്ചടിയായെന്നും വിലയിരുത്തി.

സ്ഥാനാർഥിനിർണയത്തിലെ പിഴവ്, നാമനിർദേശ പത്രിക തള്ളൽ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഉയർന്ന വിമർശനങ്ങൾ ദേശീയ നേതാക്കൾ കേട്ടിരുന്നു. മൂന്നുവർഷത്തിനുശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബൂത്തുതലം മുതൽ പ്രവർത്തനം ശക്തമാക്കാനായിരുന്നു കേന്ദ്രനേതാക്കളുടെ നിർദേശം.

പരാജയത്തിന്റെ കാരണങ്ങൾ നിരത്തി പാർട്ടിവേദിക്കു പുറത്ത് പരസ്യവിമർശനം നടത്തരുതെന്നു വിലക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ നേരത്തേതന്നെ പ്രസിഡന്റ് കെ. സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹത്തിന്റെ രാജിസന്നദ്ധത കേന്ദ്രനേതൃത്വം തള്ളുകയും ചെയ്തിരുന്നു. ചിലനേതാക്കൾ ബി.ജെ.പിയുടെ വിശ്വാസ്യത തകർത്തെന്നും വോട്ടുകച്ചവടം നടത്തുന്ന പാർട്ടിയാണെന്ന ധാരണ ജനങ്ങളിൽ ഇവരുണ്ടാക്കിയെന്നും കാണിച്ച് ഒരുവിഭാഗം ദേശീയനേതൃത്വത്തിന് കത്തയച്ചെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.

വോട്ടെണ്ണലിനു തൊട്ടുപിന്നാലെ കോർകമ്മിറ്റിക്കുശേഷമാണ് ഓൺലൈനായി സംസ്ഥാന ഭാരവാഹിയോഗം ചേർന്നത്. ജില്ലാപ്രസിഡന്റുമാരുടെ റിപ്പോർട്ടിങ്ങായിരുന്നു പ്രധാനം. കേന്ദ്രഏജൻസികളുടെ അന്വേഷണം ഒരിടത്തും ചെന്നെത്താത്തത് സംസ്ഥാന സർക്കാരിനു ഗുണകരമായെന്ന് ചിലർ അഭിപ്രായപ്പെട്ടു.

കേരളത്തിനു യോജിക്കാത്ത നിലയിലുള്ള പ്രചാരണമാണ് നടന്നതെന്നു ഹെലികോപ്‌റ്ററിലെത്തി പ്രചാരണം നടത്തിയ സംസ്ഥാന പ്രസിഡന്റിനെ ലക്ഷ്യമിട്ട് പരാമർശമുണ്ടായി. എൻ.ഡി.എയിൽനിന്നു തെറ്റിനിൽക്കുന്ന ബി.ഡി.ജെ.എസി.ന്റേത് ദയനീയ പ്രകടനമായിരുന്നെന്ന വിമർശനം കോർകമ്മിറ്റി യോഗത്തിലെന്നതുപോലെ സംസ്ഥാന ഭാരവാഹി യോഗത്തിലുമുണ്ടായി.

ബൂത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ നേതാക്കളുടെ പരിശോധനയും തുടർന്ന് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നടപടികളുമുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, പ്രഭാരി സി.പി. രാധാകൃഷ്ണൻ, ദേശീയനിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.