അസാധാരണമായ വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് അങ്കത്തിന് പരിസമാപ്തിയായി.  ഇനി കാത്തിരിപ്പാണ്, അങ്കത്തട്ടിലെ വിജയിയെ അറിയാൻ.. ഓരോ ജില്ലയിലെയും മുന്നണികളുടെ  പ്രകടനത്തെ വിലയിരുത്തുകയാണ് മാതൃഭൂമി പ്രതിനിധികൾ...

പത്തനംതിട്ട ബലാബലം

ഏകപക്ഷീയ മേൽക്കൈ ഒരു മുന്നണിക്കും ഉണ്ടായേക്കില്ല. അഞ്ചുസീറ്റുകൾ എൽ.ഡി.എഫും യു.ഡി.എഫും തന്നെ സീറ്റുകൾ പങ്കിടാനാണ് സാധ്യത. അടിസ്ഥാന ഇടതുപക്ഷ വോട്ടുകൾ ഏറെയുള്ള അടൂരിൽ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന നിഗമനമാണ് എൽ.ഡി.എഫിനുള്ളത്.

ബി.ജെ.പി. അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വരവോടെ അതിശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയിൽ പ്രവചനങ്ങൾ തെറ്റാം. ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത ഇൗ മണ്ഡലം നേരിയ ഭൂരിപക്ഷത്തിലായാലും എൽ.ഡി.എഫ്. നിലനിർത്തിയേക്കുമെന്നാണ് സൂചന.ത്രികോണ മത്സരം നടന്ന റാന്നിയിൽ മുന്നണികൾക്കുള്ളിലെ പ്രശ്നങ്ങളും അടിയൊഴുക്കുകളും സാമുദായിക സമവാക്യങ്ങളും വിധി നിർണയിക്കും. കാൽനൂറ്റാണ്ടിനുശേഷം മണ്ഡലം യു.ഡി.എഫ്. തിരിച്ചുപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ആറന്മുളയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ വിജയപ്രതീക്ഷയാണ്.മൂന്ന് തവണയായി വിജയിച്ചുവരുന്ന തിരുവല്ലയിൽ എൽ.ഡി.എഫിലെ മാത്യു ടി. തോമസിന് വിജയം ഉറപ്പിക്കാവുന്ന സ്ഥിതിയല്ല. യു.ഡി.എഫ്. ഇവിടെ വിജയം പ്രതീക്ഷിക്കുന്നുണ്ട്.

കാസർകോട് തുല്യസാധ്യത

മൂന്നു മുന്നണിക്കും തുല്യസാധ്യതയുള്ള ജില്ല. ശക്തമായ ത്രികോണമത്സരം നടന്ന മഞ്ചേശ്വരത്ത് ജയം ആർക്കൊപ്പംനിന്നാലും ഭൂരിപക്ഷം 1500-2000 വോട്ടിന്‌ ഇടയിലാകുമെന്ന് ഉറപ്പ്.  കാസർകോട് മണ്ഡലത്തിൽ വോട്ടുശതമാനത്തിലെ ഇടിവ് ഫലം അട്ടിമറിക്കാൻവരെ ശേഷിയുള്ളതാണ്. കഴിഞ്ഞതവണ രണ്ടാംസ്ഥാനക്കാരായ എൻ.ഡി.എ. അട്ടിമറിവിജയം സ്വപ്നംകാണുമ്പോൾ നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ മണ്ഡലം ഒപ്പം നിർത്താനാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ.

ഉദുമ നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും തമ്മിൽ തീപ്പൊരി പോരാട്ടമാണ് നടന്നത്.അട്ടിമറി ഉറപ്പാണെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ ഉറച്ച പ്രതീക്ഷ. കാഞ്ഞങ്ങാട്ട് സി.പി.ഐ.യുടെ നേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ കഴിഞ്ഞതവണ 26,011 വോട്ടിനാണ് ജയിച്ചത്. ഇക്കുറി ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടായേക്കാമെങ്കിലും ചന്ദ്രശേഖരനു തന്നെയാണ് സാധ്യത.

ഇടതുകോട്ടയായ തൃക്കരിപ്പൂരിൽ നിലവിലെ എം.എൽ.എ. എം. രാജഗോപാൽ വീണ്ടും ജയിച്ചുകയറിയേക്കുമെങ്കിലും പോളിങ്ങിലെ ഇടിവ് ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചേക്കും.

വയനാട്ടിൽ സ്ഥിതി  തുടർന്നേക്കാം

മത്സരം കടുത്തതെങ്കിലും പോളിങ്ങിൽ പ്രതിഫലിക്കാത്തതാണ് വയനാട്ടിൽ മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. സമീപകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് കുറവാണ്. കല്പറ്റയും പട്ടികവർഗ സംവരണങ്ങളായ മാനന്തവാടിയും സുൽത്താൻ ബത്തേരിയുമാണ് ജില്ലയിലെ മണ്ഡലങ്ങൾ. സുൽത്താൻബത്തേരി മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. ഇത്തവണയും ഇതേനില തുടരാനാണ് സാധ്യത. കോൺഗ്രസിൽനിന്ന് രാജിവെച്ചുവന്ന കെ.പി.സി.സി. സെക്രട്ടറി എം.എസ്. വിശ്വനാഥനെ സ്ഥാനാർഥിയാക്കി ബത്തേരിയിൽ എൽ.ഡി.എഫ്. സർവസന്നാഹങ്ങളുമായി അണിനിരന്നെങ്കിലും അടിയൊഴുക്കുകൾ തങ്ങൾക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. 2016-ലെ ഭൂരിപക്ഷമില്ലെങ്കിലും ഐ.സി. ബാലകൃഷ്ണൻ ജയിച്ചുവരുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

കല്പറ്റയും മാനന്തവാടിയും തങ്ങൾക്കൊപ്പമാവുമെന്ന കാര്യത്തിൽ പൂർണ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. രണ്ടിടത്തും കോൺഗ്രസിലെ പ്രശ്നങ്ങളും പ്രചാരണപ്രവർത്തനങ്ങളിലെ താളപ്പിഴകളും യു.ഡി.എഫിന് വിനയായേക്കും. കല്പറ്റയിൽ എം.വി. ശ്രേയാംസ് കുമാറിന്റെ സ്വീകാര്യത എൽ.ഡി.എഫിന് ആത്മവിശ്വാസമേകുന്നു. മാനന്തവാടിയിലും പ്രചാരണരംഗത്ത് പിന്നാക്കംപോയതാണ് യു.ഡി.എഫിനെ അലട്ടുന്നത്.

തൃശ്ശൂരിൽ ചിത്രം മാറും

അവകാശവാദങ്ങളേറെയാണ്, എന്നാൽ ഒരുകാര്യത്തിൽ എല്ലാവർക്കും ഒരേസ്വരം- തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞതവണത്തേതിന്റെ ആവർത്തനമാകില്ല. ഇത്തവണയും ജില്ലയിൽനിന്ന് കൂടുതലും ഇടതുപക്ഷ എം.എൽ.എ.മാരായിരിക്കുമെന്നതിലും സമാനചിന്തയാണ് മുന്നണികൾക്ക്.

എൽ.ഡി.എഫ്- 12, യു.ഡി.എഫ്- 1 എന്നതാണ് നിലവിൽ. യു.ഡി.എഫ്. മികച്ച തിരിച്ചുവരവ് നടത്തുമെന്നതാണ് പൊതുവിലയിരുത്തൽ. നാലു സീറ്റുവരെ യു.ഡി.എഫ്. പിടിച്ചേക്കാം. തൃശ്ശൂരിനും ഗുരുവായൂരിനുംപുറമേ വടക്കാഞ്ചേരിയും ഇരിങ്ങാലക്കുടയുമാണ് വലത്തേക്കു ചായാൻ സാധ്യത.

11-2 എന്ന നില കൈവരിക്കുമെന്നാണ് കടുത്ത ഇടതുപക്ഷക്കാരുടെ വിലയിരുത്തൽ. തൃശ്ശൂരും ഗുരുവായൂരുമാണ് അവർ ഒഴിവാക്കുന്നത്. മുൻതിരഞ്ഞെടുപ്പുകളിലും മറ്റും സക്രിയമായിനിന്ന എൻ.ഡി.എ., ചില മണ്ഡലങ്ങളിലെങ്കിലും തണുപ്പൻ മട്ടിലേക്ക് പോയതിൽ അടിയൊഴുക്കുണ്ടോയെന്ന സംശയത്തിലാണ് ചിലർ.

തൃശ്ശൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാലക്കുടി അല്ലെങ്കിൽ കൊടുങ്ങല്ലൂർ ഇങ്ങനെ അഞ്ചെണ്ണം ഉറപ്പാണെന്നാണ് യു.ഡി.എഫ് പക്ഷത്തിന്റെ വാദം. ഇതിൽത്തന്നെ ചിലർ കുറേക്കൂടികടന്ന് ഇപ്പറഞ്ഞ ആറുമണ്ഡലങ്ങളും ഒല്ലൂരും ചേർത്ത് മൊത്തം ഏഴെണ്ണമാണ് ഉറപ്പിക്കുന്നത്. കുന്നംകുളത്തും കയ്പമംഗലത്തും അട്ടിമറിയുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

എൻ.ഡി.എ.യാകട്ടെ തൃശ്ശൂരിലും പുതുക്കാട്ടും ഒരുപക്ഷേ, മണലൂരിലും തങ്ങൾ കറുത്തകുതിരകളാകുമെന്നാണ് വിലയിരുത്തുന്നത്.

കൊല്ലം ഏകപക്ഷീയമാവില്ല

കഴിഞ്ഞതവണത്തെപ്പോലെ ഇടതുമുന്നണി 11 മണ്ഡലങ്ങളിലും ജയിച്ചുകയറുമെന്ന പ്രതീക്ഷ ആർക്കുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിനൊന്നിടത്തും നേടിയ മേൽക്കൈ ഈ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാനാകുമെന്ന് യു.ഡി.എഫും സ്വപ്നം കാണുന്നില്ല. ഇരുപക്ഷത്തെയും പൂർണമായി നിരാശപ്പെടുത്താതെയുള്ള വിധിയെഴുത്താവും ഇക്കുറിയെന്നാണ് പൊതുവേ കരുതുന്നത്. കൊല്ലം, കുണ്ടറ, ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരം നടന്നെന്ന് ഇടതുപക്ഷംതന്നെ സമ്മതിക്കുന്നു. കൊട്ടാരക്കര, ഇരവിപുരം, പുനലൂർ, ചടയമംഗലം, പത്തനാപുരം, ചാത്തന്നൂർ മണ്ഡലങ്ങളിൽ അവർക്ക് തീരെ ആശങ്കയില്ല. കുന്നത്തൂരിൽ ജനമനസ്സിന് ചെറിയ ചാഞ്ചാട്ടമുണ്ടെന്ന് കാണാതിരിക്കാനാവില്ല.

അഞ്ചുസീറ്റുവരെ കിട്ടുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കുന്നത്തൂരും അവർ കണക്കുകൂട്ടുന്നുണ്ട്. കൊല്ലത്ത് എം. മുകേഷിനെതിരേ ബിന്ദു കൃഷ്ണയും കുണ്ടറയിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരേ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രനെതിരേ സി.ആർ. മഹേഷും കനത്ത വെല്ലുവിളി ഉയർത്തി. കഴിഞ്ഞതവണ കൈവിട്ട ചവറ സീറ്റ് തിരിച്ചുപിടിക്കുമെന്ന് ആർ.എസ്.പി.യിലെ ഷിബു ബേബിജോൺ ഉറപ്പിക്കുന്നു.

ത്രികോണമത്സരം നടന്ന ചാത്തന്നൂരിൽ ബി.ജെ.പി. പ്രതീക്ഷ വെച്ചുപുലർത്തുന്നു. പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി)യിലെ ഗണേഷ്‌കുമാറിന്റെ വിജയത്തിൽ എൽ.ഡി.എഫിന് തെല്ലും ആശങ്കയില്ല. ശക്തമായ പ്രചാരണം നടത്തിയ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയ്ക്ക് വിജയിക്കണമെങ്കിൽ കാറ്റ് മാറിവീശണം.

ഇടയ്ക്കാണ് ഇടുക്കി

ഇടതിനും വലതിനുമിടയിൽ ഒട്ടും പിടിതരാത്ത മട്ടിലാണ് ഈ തിരഞ്ഞെടുപ്പിൽ ഇടുക്കിയുടെ വിധിയെഴുത്ത്.  കഴിഞ്ഞതവണ പി.ജെ. ജോസഫിന് സംസ്ഥാനത്തെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലമാണ് തൊടുപുഴ. കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിൽ തീപാറുന്ന പോരാട്ടംനടന്ന ഇവിടെ പ്രൊഫ. കെ.ഐ. ആന്റണിയാണ് ഇത്തവ ജോസഫിന്റെ എതിരാളി. ജോസഫ് ജയിച്ചാലും പഴയ ഭൂരിപക്ഷം കിട്ടുമോയെന്നതിൽ സംശയമുണ്ട്. ജോസ് വിഭാഗം കൂടെയുള്ളതിനാൽ എൽ.ഡി.എഫും വിജയപ്രതീക്ഷയിലാണ്.

ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണിയുടെ മികച്ചപ്രകടനം വൻഭൂരിപക്ഷത്തിൽ വിജയം നേടിത്തരുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.  ഒരിക്കൽ എം.എം. മണിയെ തോൽപ്പിച്ച ചരിത്രമുള്ള ഇ.എം. ആഗസ്തിയാണ് യു.ഡി.എഫ്. സ്ഥാനാർഥി.

ദേവികുളത്തും പീരുമേട്ടിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പീരുമേട്ടിൽ യു.ഡി.എഫ്. അല്പം മുൻതൂക്കം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞതവണ വെറും 314 വോട്ടിന് ബിജിമോളോട് പരാജയപ്പെട്ട സിറിയക് തോമസാണ് ഇത്തവണയും യു.ഡി.എഫിന്റെ സ്ഥാനാർഥി. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങൾ തുണച്ചെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

ദേവികുളത്ത് ഔദ്യോഗികസ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതിനാൽ അവസാനനിമിഷം എൻ.ഡി.എ. പിന്തുണ നൽകിയ എസ്. ഗണേശൻ പിടിക്കുന്ന വോട്ട് നിർണായകമാകും. യു.ഡി.എഫിലെ ഡി. കുമാറും എൽ.ഡി.എഫിലെ എ. രാജയും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം.

പാലക്കാട് ആറിടത്ത് പ്രവചനാതീതം

ജില്ലയിൽ 12 നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്ത് മത്സരം പ്രവചനാതീതം. മലമ്പുഴ, പാലക്കാട്, തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങളിലാണ് മത്സരം കടുത്തത്. ഷൊർണൂരും കോങ്ങാട്ടും പാർട്ടിയുടെ കരുത്തിൽ വിജയിക്കാമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.

ചിറ്റൂരിൽ അപ്രതീക്ഷിതമായി പ്രചാരണരംഗം ഇളകിമറിഞ്ഞെങ്കിലും അടിയൊഴുക്കുണ്ടായില്ലെങ്കിൽ വിജയം എൽ.ഡി.എഫിനൊപ്പംനിന്നേക്കും. മലമ്പുഴയിലും പാലക്കാട്ടും ജയിച്ചുകയറുമെന്നാണ് എൻ.ഡി.എ. പ്രതീക്ഷ.  തൃത്താലയിലേത് ശക്തമായ രാഷ്ട്രീയമത്സരമായിരുന്നു. രാഷ്ട്രീയംമുതൽ കുടിവെള്ളംവരെ പ്രചാരണവിഷയമായ ഇവിടെ സ്ഥാനാർഥികളുടെ വ്യക്തബന്ധങ്ങൾ മത്സരം പ്രവചനാതീതമാക്കി. പട്ടാമ്പിയിലും സ്ഥിതി മറിച്ചല്ല.

മണ്ണാർക്കാട്ട് മലയോരമേഖലയിലെ വോട്ടുകളായിരിക്കും ജയപരാജയം നിർണയിക്കുന്ന പ്രധാനഘടകം. തരൂരിൽ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച വിവാദങ്ങൾ പുറമേക്ക് കെട്ടടങ്ങിയെങ്കിലും ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുറഞ്ഞേക്കും. എൽ.ഡി.എഫിനും യു.ഡി.എഫിനും ശക്തമായ അടിത്തറയുള്ള നെന്മാറയിൽ സി.പി.എമ്മിനകത്തെ പടലപ്പിണക്കങ്ങളാകും നിർണായകം.

ശക്തമായ മത്സരംനടന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ഒറ്റപ്പാലവും ഉൾപ്പെടും. കൃത്യമായ സംഘടനാസംവിധാനമാണ് സി.പി.എമ്മിന് ഇവിടെ ആത്മവിശ്വാസം നൽകുന്ന ഘടകം.

കോഴിക്കോട് യു.ഡി.എഫ്. മെച്ചപ്പെടുത്തിയേക്കും

കഴിഞ്ഞതവണ 13-ൽ 11 മണ്ഡലങ്ങളുംനേടി മിന്നുന്നപ്രകടനം കാഴ്ചവെച്ച എൽ.ഡി.എഫിനെ ഞെട്ടിക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നാല് സീറ്റുറപ്പാണ്, ഇത് അഞ്ചുവരെയാകാമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ, ചിട്ടയായ പ്രവർത്തനത്തിലൂടെ മുഴുവൻ സീറ്റും ഉറപ്പാക്കിയെന്നാണ് ഇടതുനേതാക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞതവണത്തെ രണ്ടുസീറ്റുപോലും ഇക്കുറി യു.ഡി.എഫിനുണ്ടാവില്ലെന്ന് അവർ അവകാശപ്പെടുന്നു. ഇടതുമുന്നണി എട്ടുമുതൽ 10 സീറ്റുവരെ നേടുമെന്നാണ്‌ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളാണ് കഴിഞ്ഞതവണ യു.ഡി.എഫ്. നേടിയത്. കുറ്റ്യാടിയുടെ കാര്യത്തിൽ സി.പി.എം. അണികൾ കാണിച്ച ആവേശവും വോട്ടുറപ്പിക്കലും യു.ഡി.എഫിന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.  കൊടുവള്ളി, വടകര, തിരുവമ്പാടി എന്നിവയാണ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ. നാദാപുരവും കോഴിക്കോട് നോർത്തുമാണ് അവർ പ്രതീക്ഷയർപ്പിക്കുന്ന മറ്റുമണ്ഡലങ്ങൾ. കുറ്റ്യാടി തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫ്. ഉറപ്പുപറയുന്നുണ്ട്.  ചില മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫിന് എൻ.ഡി.എ. വോട്ടുനൽകിയെന്ന് സി.പി.എം. ആരോപിക്കുന്നുണ്ട്. തിരിച്ചടി മുൻകൂട്ടിക്കണ്ടുള്ള ആരോപണമെന്നാണ് ഇതിന് ബി.ജെ.പി.യുടെ മറുപടി. വോട്ടുവിഹിതം ഗണ്യമായി വർധിപ്പിക്കുമെന്നാണ് അവരുടെ ഉറപ്പ്.

കോട്ടയം : രണ്ടു സീറ്റുറപ്പിച്ച് ഇരുമുന്നണികളും

ഒൻപത് മണ്ഡലങ്ങളിൽ വൈക്കം ഇടതുമുന്നണിയും കോട്ടയവും പുതുപ്പള്ളിയും യു.ഡി.എഫും ഉറപ്പിക്കുന്നു. കാഞ്ഞിരപ്പള്ളിയിലും മേൽക്കൈ നിലനിർത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.

സിറ്റിങ് സീറ്റായ ഏറ്റുമാനൂരിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം. ചങ്ങനാശ്ശേരി, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഇരുമുന്നണികളും പ്രതീക്ഷയർപ്പിക്കുന്നു. ചങ്ങനാശ്ശേരിയിൽ സമുദായ നേതൃത്വങ്ങളുടെ നിലപാട് നേരിയ മുൻതൂക്കം നൽകുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ദിനത്തിലെ വിശ്വാസചർച്ചയും അവരുടെ പ്രതീക്ഷയ്ക്ക്‌ നിറംനൽകുന്നു. പക്ഷേ, കേരള കോൺഗ്രസ് കേഡറുകൾ ഒപ്പമാണെന്നും ഇടത് വോട്ടുകളും അതിനൊപ്പം ചേരുമ്പോൾ വിജയിക്കുമെന്നും കേരള കോൺഗ്രസ് എം സ്ഥാനാർഥി കണക്കാക്കുന്നു. അനിശ്ചിതത്വത്തിന്റെ തടവറയിലാണ് പാലായും പൂഞ്ഞാറും.

ഈ രണ്ട് മണ്ഡലങ്ങളിൽ അടിയൊഴുക്കുകൾ വിധിനിർണയിക്കും. പാലായിൽ ആദ്യമേ പ്രചാരണം തുടങ്ങിയ മാണി സി. കാപ്പൻ വ്യക്തിപരമായി നേടുന്ന വോട്ടുകളും കോൺഗ്രസ് പിന്തുണയും തുണയാകുമെന്ന് യു.ഡി.എഫ്. വിലയിരുത്തുന്നു. എന്നാൽ കെ.എം. മാണി ഫാക്ടറും രണ്ടിലയുടെ സ്വാധീനവും ഗുണമാകുമെന്ന് ജോസ് കെ. മാണി പക്ഷം വിലയിരുത്തുന്നു. പൂഞ്ഞാറിൽ പി.സി. ജോർജ് തന്നെ ഘടകം. ജോർജിന് എതിരേ ഒരു സമുദായം സ്വീകരിച്ച നിലപാട് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്നാണ് എതിരാളികളുടെ വിശ്വാസം. ആ സമുദായ വോട്ടുകൾ ഇടത്, ഐക്യമുന്നണികൾ പ്രതീക്ഷിക്കുന്നു.

കണ്ണൂർ : ഇടത്താണ് മേൽക്കൈ

11 മണ്ഡലത്തിൽ എട്ടിലും വിജയം നൂറുശതമാനം ഉറപ്പെന്ന് എൽ.ഡി.എഫ്. കണക്കുകൂട്ടൽ. അതേസമയം, ഇടവിട്ട തിരഞ്ഞെടുപ്പുകളിൽ ലഭിക്കാറുള്ളതുപോലെ അഞ്ചുസീറ്റ് ഉറപ്പാണെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ നിഗമനം. എങ്കിലും ജില്ലയിൽ മേൽക്കൈ ഇടതുപക്ഷത്തിനാണെന്നാണ് പൊതുവിലയിരുത്തൽ.

പേരാവൂരിൽ വിജയത്തിനരികെയാണെന്നും കണ്ണൂർ കൈവിട്ടേക്കില്ലെന്നുമാണ് സി.പി.എം. വിലയിരുത്തൽ. ഇടതുമുന്നണയിൽനിന്ന് പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ, കല്യാശ്ശേരിയിൽ എം. വിജിൻ, തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ, മട്ടന്നൂരിൽ കെ.കെ. ശൈലജ, ധർമടത്ത് പിണറായി വിജയൻ, തലശ്ശേരിയിൽ എ.എൻ. ഷംസീർ എന്നിവർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കാം. കൂത്തുപറമ്പിൽ എൽ.ജെ.ഡി. സ്ഥാനാർഥി കെ.പി. മോഹനനാണ് വിജയസാധ്യതയെന്നാണ് ഒടുവിലത്തെ സൂചന. പൊരിഞ്ഞ പോരാട്ടംനടന്ന അഴീക്കോട് കെ.വി. സുമേഷ് വിജയിക്കുമെന്നാണ് ബൂത്തുകളിൽനിന്ന് പ്രവർത്തകർ നൽകിയ കണക്കെന്ന് സി.പി.എം. കേന്ദ്രങ്ങൾ പറയുന്നു.

പൊരിഞ്ഞ പൊരാട്ടം നടന്ന പേരാവൂർ, അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലും ഇരിക്കൂറിലും വിജയിക്കുമെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങൾ ഉറപ്പിക്കുന്നു. കണ്ണൂരിൽ കോൺഗ്രസിന്റെ ചില ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറവാണെങ്കിലും സതീശൻ പാച്ചേനി തരക്കേടില്ലാത്ത ഭൂരിപക്ഷത്തിൽ ജയംനേടുമെന്നാണ് പ്രതീക്ഷ. പേരാവൂരിൽ സി.പി.എം. സ്ഥാനാർഥി സക്കീർ ഹുസൈൻ ശക്തമായ വെല്ലുവിളിയാണുയർത്തിയതെങ്കിലും സണ്ണി ജോസഫിനുതന്നെയാണ് ജയസാധ്യത. കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ ജയസാധ്യത തെളിഞ്ഞതോടെയാണ് സി.പി.എം. അക്രമമഴിച്ചുവിട്ടതും ലീഗ് പ്രവർത്തകനെ കൊല ചെയ്തതുമെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.

മലപ്പുറം കൂടുതൽ വലത്തോട്ട്?

ജില്ലയിൽ ഇത്തവണ ഇടതുമുന്നണി കാര്യമായ നേട്ടമുണ്ടാക്കാനുള്ള സാധ്യത നന്നേ കുറവ്. 2016-ൽ പിടിച്ചെടുത്ത താനൂരും നിലമ്പൂരും കൈവിട്ടേക്കും. കൈവശമുള്ള പൊന്നാനിയിലും തവനൂരിലും കടുത്ത വെല്ലുവിളിയും അവർ നേരിട്ടത് വലിയ വെല്ലുവിളി. പരമ്പരാഗത കോട്ടയായ താനൂരിൽ സ്ഥാനാർഥിയായി പി.കെ. ഫിറോസ് എത്തിയത് യു.ഡി.എഫ്. ക്യാമ്പിൽ വലിയ ആവേശവുമുണ്ടാക്കി. അത് ഫലംകാണുമെന്ന് അവർ തറപ്പിച്ച് പറയുന്നു. നിലന്പൂരിൽ വോട്ടുചോർച്ച ഉണ്ടായില്ലെങ്കിൽ പി.വി. അൻവറിനെ തറപറ്റിച്ച് യു.ഡി.എഫ്. സ്ഥാനാർഥി വി.വി. പ്രകാശ് ജയിച്ചേക്കും. പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെ മാറ്റി നേതാവ് പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയത് സി.പി.എമ്മിൽ പരസ്യപ്രതിഷേധമുണ്ടാക്കിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിലപാട് പ്രതിഷേധക്കാർ എത്രത്തോളം ഉൾക്കൊണ്ടുവെന്ന് കാത്തിരുന്ന് കാണണം. ഇല്ലെങ്കിൽ അടിയൊഴുക്കിനും അട്ടിമറിക്കും പൊന്നാനി സാക്ഷിയാകും.

തവനൂരിൽ ആദ്യഘട്ടത്തിൽ മന്ത്രി കെ.ടി. ജലീലിനായിരുന്നു മുൻതൂക്കം. എന്നാൽ, ഫിറോസ് കുന്നംപറമ്പിൽ അവസാനഘട്ടത്തിൽ ഒപ്പമെത്തി. ഫിറോസിന് സാധാരണക്കാരെയും സ്ത്രീവോട്ടർമാരെയും കൂടുതൽ സ്വാധീനിക്കാനായിട്ടുണ്ടെങ്കിൽ കാര്യങ്ങൾ മാറിമറിയും.  യു.ഡി.എഫ്. ചേരിയിൽ ലീഗ് 12 ഇടത്താണ് മത്സരിച്ചത്. മലപ്പുറം, വേങ്ങര, കോട്ടയ്ക്കൽ, ഏറനാട്, കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ പറയത്തക്ക വെല്ലുവിളിയില്ല. പെരിന്തൽമണ്ണ, മങ്കട, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ശക്തമായ മത്സരമുണ്ടായെങ്കിലും തിരിച്ചടിക്ക് സാധ്യതകുറവാണ്. കോൺഗ്രസിന് വണ്ടൂരിൽ ആശങ്കയില്ല. നിലമ്പൂർ, പൊന്നാനി, തവനൂർ എന്നിവയിൽ ഒന്നെങ്കിലും പിടിക്കാനായാൽ കോൺഗ്രസിന് നേട്ടമാകും.

തിരുവനന്തപുരം ത്രിശങ്കുവിൽ

ഇരുമുന്നണികൾക്കുമൊപ്പം എൻ.ഡി.എ. കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. ആറു സീറ്റിൽ വീതം ഇരുമുന്നണികൾക്കും സാധ്യതയുണ്ട്. മൂന്നിടത്തു വിജയിക്കുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.  ത്രികോണമത്സരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും പ്രവചനം അസാധ്യമാണ്. ശബരിമല വിഷയം കൂടുതൽചർച്ചയായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിയ മേൽക്കൈയുണ്ട്. നേമത്ത് അവസാനലാപ്പിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് ഏകീകരിച്ചതായാണ് സൂചന.

എൽ.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളായ ചിറയിൻകീഴ്, വാമനപുരം എന്നിവിടങ്ങളിൽ അട്ടിമറിസാധ്യത നിലനിൽക്കുന്നുണ്ട്. നെയ്യാറ്റിൻകരയിലും മുൻ എം.എൽ.എ.യും യു.ഡി.എഫ്. സ്ഥാനാർഥിയുമായ ആർ. സെൽവരാജ് നിലവിലെ എം.എൽ.എ. ആൻസലന് വെല്ലുവിളി ഉയർത്തുന്നു.

നെടുമങ്ങാട്ട് അവസാനലാപ്പിൽ യു.ഡി.എഫ്. നേരിയ മേൽക്കൈ നേടിയെന്നാണ് സൂചന. എൽ.ഡി.എഫിന് മുൻതൂക്കമുള്ള വട്ടിയൂർക്കാവിൽ എൻ.ഡി.എ.യുമായിട്ടാണ് മത്സരം. കോൺഗ്രസ് ഇവിടെ പ്രവർത്തനത്തിൽ മൂന്നാംസ്ഥാനത്തേക്ക് പോയി. തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി.യുടെ സ്വാധീനം ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എൻ.ഡി.എ.യിലേക്ക് പോകുന്ന വോട്ടുകൾ മറ്റുമുന്നണികളിലൊന്നിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാം. വർക്കല, ആറ്റിങ്ങൽ, മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. മേൽക്കൈയുണ്ട്. പാറശ്ശാലയിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതീക്ഷവെക്കുന്നുണ്ട്. അരുവിക്കരയിലും സിറ്റിങ് എം.എൽ.എ. കെ.എസ്. ശബരീനാഥന് നേരിയ മുൻതൂക്കമുണ്ട്. കോവളം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. കാട്ടാക്കടയിൽ എൽ.ഡി.എഫിന് മേൽക്കൈ അവകാശപ്പെടാം.

ആലപ്പുഴ യു.ഡി.എഫ്. നില മെച്ചപ്പെടുത്തിയേക്കും

ജില്ലയിൽ യു.ഡി.എഫ്. നില മെച്ചപ്പെടുത്തിേയക്കും. ഒമ്പതുസീറ്റിൽ ഹരിപ്പാട്ടു മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ അരൂരും. ഇത്തവണ നാലുസീറ്റുവരെ കിട്ടിയേക്കാം. ഒരു തരംഗമുണ്ടായാൽ അതിൽക്കൂടുതലും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടിനു പുറമേ കുട്ടനാട്, അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളാണ് യു.ഡി.എഫ്. ഉറപ്പിക്കുന്നത്. അരൂർ, ചേർത്തല, കായംകുളം മണ്ഡലങ്ങളിൽ കടുത്തമത്സരമായിരുന്നു. ഫലം എന്തുമാവാം. ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. മേൽക്കൈ നേടിയിട്ടുണ്ട്. ചേർത്തല, അരൂർ, കായംകുളം മണ്ഡലങ്ങളിലും അവർ വിജയം പ്രതീക്ഷിക്കുന്നു. ചേർത്തല മണ്ഡലത്തിൽ സി.പി.എം. ശക്തികേന്ദ്രങ്ങളായ വയലാർ, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ലഭിക്കുന്ന ലീഡിനെ മറ്റിടങ്ങൾകൊണ്ട് മറികടക്കാൻ യു.ഡി.എഫിനു കഴിയില്ലെന്ന് എൽ.ഡി.എഫ്. കരുതുന്നു. ഇവിടങ്ങളിലെ എൽ.ഡി.എഫ്. ലീഡ് നന്നായി കുറയ്ക്കാൻ കഴിഞ്ഞാൽ യു.ഡി.എഫിനും പ്രതീക്ഷവെക്കാം.

ഏതു സാഹചര്യത്തിലും കായംകുളത്ത് യു. പ്രതിഭയ്ക്കു ജയിക്കാൻ കഴിയുമെന്ന് സി.പി.എം. കരുതുന്നു. സി.പി.എമ്മിനു മേൽക്കൈയുള്ള മണ്ഡലത്തിൽ വലിയതരംഗം സൃഷ്ടിക്കാൻ എതിരാളി അരിതാ ബാബുവിനു കഴിഞ്ഞിരുന്നു. ബി.ഡി.ജെ.എസ്. സ്ഥാനാർഥിക്ക് ഇത് എത്രമാത്രം കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം. ആലപ്പുഴയിലും അമ്പലപ്പുഴയിലും അവസാനദിനങ്ങളിൽ അടിയൊഴുക്കുകളുണ്ടായിട്ടുണ്ട്. ഇത് അനുകൂലമാകുമെന്ന് യു.ഡി.എഫ്. കരുതുന്നു. ബി.ജെ.പി. ജില്ലയിൽ നിലമെച്ചപ്പെടുത്തുമെന്നുറപ്പാണ്. ചെങ്ങന്നൂരിലാണ് ഏറ്റവും മികച്ചമത്സരം കാഴ്ചവെച്ചത്. ബി.ഡി.ജെ.എസ്. മത്സരിച്ച നാലുമണ്ഡലങ്ങളിൽ ബി.ജെ.പി. വോട്ടുകൾ പൂർണമായി ഇവർക്കു ലഭിച്ചോയെന്നാണ് അറിയേണ്ടത്.

Content Highlights:  kerala assembly election result expectation