തിരുവനന്തപുരം: നിയമസഭാതിരഞ്ഞടുപ്പില്‍ വിജയത്തില്‍ക്കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സീറ്റുകള്‍ തൂത്തുവാരുമെന്ന് പറയാന്‍ നേതാക്കളാരും തയ്യാറല്ല. ചെയ്യാതെപോയ ഇരട്ടവോട്ടുകളടക്കം കണക്കുകൂട്ടലുകളെ അട്ടിമറിക്കുമോയെന്നു ആശങ്കയുണ്ട് നേതാക്കള്‍ക്ക്. ഡീല്‍ അല്ലെങ്കില്‍ വോട്ടുചോര്‍ച്ചയുടെ സൂചന തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുപിന്നാലെ നേതാക്കള്‍തന്നെ പുറത്തുവിട്ടുതുടങ്ങി.

ഇടതുമുന്നണി പ്രതീക്ഷ 82-85 സീറ്റ്

ഭരണത്തുടര്‍ച്ചയെന്ന ആത്മവിശ്വാസത്തില്‍നിന്ന് അണുവിട ഇടതുമുന്നണി പിന്നോട്ടുപോയിട്ടില്ല. 82-85 സീറ്റാണ് പ്രതീക്ഷ. പലമണ്ഡലങ്ങളിലുമുണ്ടായ അപ്രതീക്ഷിത അടിയൊഴുക്കില്‍ വോട്ട് എങ്ങോട്ടുപോയെന്നത് സി.പി.എമ്മിനെ ചെറുതായെങ്കിലും അലട്ടുന്നുണ്ട്. പാര്‍ട്ടിയിലെ ഹിന്ദുവോട്ട് ബി.ജെ.പി.ക്ക്‌ അനുകൂലമായിട്ടുണ്ടോയെന്ന് പരിശോധനയും നേതാക്കൾ നടത്തുന്നു. ഭരണത്തുടര്‍ച്ചയെന്ന അവകാശത്തിനുകാരണമായി മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനനേട്ടങ്ങള്‍ മാത്രമായി ചുരുക്കിയെന്നതും ക്യാപ്റ്റന്‍ പ്രയോഗത്തിലൂടെയുള്ള അമിത ആത്മവിശ്വാസവുമാക്കെയാണ് വോട്ടിനുശേഷവുമുള്ള ചര്‍ച്ച.

യു.ഡി.എഫ്. പ്രതീക്ഷ75 മുതല്‍ 80 വരെ

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മലബാര്‍മേഖലയിലും നല്ലമുന്നേറ്റമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനു ജീവന്മരണ പോരാട്ടമായ തിരഞ്ഞെടുപ്പില്‍ കാലുവാരല്‍ ഉണ്ടായിട്ടില്ലെന്നതാണ് അവരുടെ ധൈര്യം. ഇരട്ടവോട്ട്‌ വിവാദത്തെത്തുടര്‍ന്ന് കള്ളവോട്ട് തടഞ്ഞതോടെ പലമണ്ഡലങ്ങളിലും വിജയസാധ്യത ഇരട്ടിയായെന്നും യു.ഡി.എഫ്. പറയുന്നു. 75 മുതല്‍ 80 വരെ സീറ്റുകിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

എൻ.ഡി.എ. പ്രതീക്ഷ അഞ്ചുസീറ്റ്

എങ്ങനെയെന്നുപറയുന്നില്ലെങ്കിലും 35 മുതല്‍ 40 വരെ സീറ്റുകിട്ടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി. ആവര്‍ത്തിക്കുന്നു. നേമം ഉള്‍പ്പെടെ അഞ്ചുസീറ്റെങ്കിലും നേടാനാകുമെന്നാണ് അവരുടെ രഹസ്യവിലയിരുത്തല്‍. പാര്‍ട്ടിക്ക്‌ നല്ലവേരോട്ടമുള്ള 45-ലധികം മണ്ഡലങ്ങളില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചുണ്ടെന്നാണ് എന്‍.ഡി.എ.യുടെ ആരോപണം. ഇരുമുന്നണികള്‍ക്കും ബദലായി നിര്‍ണായകസ്ഥാനം ഇക്കുറി കേരളം നല്‍കുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു.

Content Highlights: kerala assembly election result expectation