തിരുവനന്തപുരം: പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ബദലായി രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് എൽ.ഡി.എഫും ഒരുങ്ങുന്നു. തെക്കൻ-വടക്കൻ മേഖലാ ജാഥകൾ നടത്താൻ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 27-ന് ചേരുന്ന ഇടതുമുന്നണിയോഗത്തിന് ശേഷം ഇതിന്റെ പ്രഖ്യാപനമുണ്ടാകും. വികസനമുന്നേറ്റം രാഷ്ട്രീയ അജണ്ടയാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം കോൺഗ്രസും യു.ഡി.എഫും നടത്തുന്ന തിരുത്തൽ പ്രക്രിയ ഗൗരവത്തോടെ കാണണമെന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ വിലയിരുത്തൽ. ഇതിന് രാഷ്ട്രീയ പ്രതിരോധം തീർക്കാനുള്ള കർമപരിപാടികൾക്ക് സി.പി.എമ്മും എൽ.ഡി.എഫും രൂപംനൽകും. സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിലുണ്ടാക്കിയ വിശ്വാസം വലുതാണ്. ചെയ്യുന്നത് പറയുന്ന സർക്കാരാണിതെന്ന് ബോധം അവർക്കുണ്ട്. അത് മുൻനിർത്തിയുള്ള പ്രചാരണ രീതി യു.ഡി.എഫിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.
സീറ്റുവിഭജനവും സ്ഥാനാർഥി നിർണയവുമെല്ലാം തർക്കങ്ങളില്ലാതെ തീർക്കുകയും മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യണമെന്നത് പ്രധാനമാണ്. ഇതിന് ഉഭയകക്ഷി ചർച്ചകൾ ഫലപ്രദമായി ഉപയോഗിക്കാനാകണം. മുഖ്യമന്ത്രിതന്നെ ഇത്തരം ചർച്ചകൾക്ക് നേതൃത്വം നൽകണമെന്നാണ് തീരുമാനം.
പ്രചാരണജാഥകൾ സി.പി.എം.-സി.പി.ഐ. നേതാക്കൾ നയിക്കുന്ന വിധത്തിലാകും സംഘടിപ്പിക്കുക. തിരഞ്ഞെടുപ്പിന് സി.പി.എമ്മിന്റെ സംഘടനാസംവിധാനത്തെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 2, 3, 4 ദിവസങ്ങളിലായി സംസ്ഥാനസമിതി അംഗങ്ങൾക്ക് ശില്പശാല നടത്തുന്നുണ്ട്. ഇതിലാകും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകുക. സ്ഥാനാർഥി നിർണയ ചർച്ചകളും ഇതിനൊപ്പം നേതൃതലത്തിൽ നടക്കും.
മരണംവരെ മത്സരം പാർട്ടി രീതിയല്ല -വിജയരാഘവൻ
തിരുവനന്തപുരം: മരണംവരെ അല്ലെങ്കിൽ തോറ്റുപിന്മാറുന്നതുവരെ മത്സരിക്കുകയെന്ന കോൺഗ്രസിന്റെ സമീപനമല്ല സി.പി.എമ്മിനുള്ളതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. മത്സരിക്കുന്നതിന് രണ്ടുതവണയെന്ന കാലപരിധിയുണ്ട്. പാർലമെന്ററി രംഗത്തുള്ള പ്രവർത്തനവും സംഘടനാചുമതലയായാണ് പാർട്ടി കണക്കാക്കുന്നത്. രണ്ടുതവണ എന്ന പൊതുസമീപനത്തിൽതന്ന ഉറച്ചുനിൽക്കും. അതേസമയം, സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടവർക്ക് ഇതിൽ ഇളവുനൽകും.