തിരുവനന്തപുരം: ഇടതുപക്ഷത്തുമാത്രം വനിതാ അംഗങ്ങളുമായാണ് പതിനാലാം നിയമസഭയും പിണറായി സർക്കാരും അധികാരത്തിൽ വരുന്നത്. അരൂർ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചപ്പോഴാണ് ആ കുറവുപരിഹരിക്കാൻ യു.ഡി.എഫിനായത്. കഴിഞ്ഞതവണ 17 വനിതകൾ ഇടതുപക്ഷത്തുനിന്ന് പോരിനിറങ്ങിയപ്പോൾ, എട്ടുപേർ ജയിച്ചുകയറി.
12 വനിതകളാണ് കഴിഞ്ഞതവണ സി.പി.എമ്മിനുവേണ്ടി മത്സരിച്ചത്. ഇതിൽ, കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, യു. പ്രതിഭ, വീണാ ജോർജ്, അയിഷ പോറ്റി എന്നിവർ ജയിച്ചു. കുറ്റ്യാടിയിൽ കെ.കെ. ലതികയ്ക്ക് അപ്രതീക്ഷിത പരാജയം നേരിട്ടു. ഇതിൽ ആരൊക്കെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടില്ല. രണ്ടുതവണ മത്സരിച്ചവരെ മാറ്റിനിർത്താമെന്ന നിബന്ധന സി.പി.എം. കൈക്കൊണ്ടാൽ വീണയും പ്രതിഭയും യോഗ്യത നേടും. കെ.കെ. ശൈലജ, മേഴ്‌സിക്കുട്ടിയമ്മ എന്നിവർക്ക് വീണ്ടും അവസരം നൽകിയേക്കും.
യുവജന സംഘടനാരംഗത്ത് സജീവമായുള്ള ചിന്ത ജെറോം, ഫസീല എന്നിവർ പരിഗണിക്കപ്പെട്ടേക്കാം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ശ്രീമതിയെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്ന വാർത്തകളുമുണ്ട്. എന്നാൽ, കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും കണ്ണൂരിൽനിന്ന് മത്സരിക്കാനുള്ള സാധ്യത കുറവാണ്. ശൈലജ മണ്ഡലം മാറിയാലും മത്സരത്തിൽനിന്ന് മാറാനിടയില്ല.
നാലു വനിതകളെ മത്സരിപ്പിച്ച് മൂന്നുപേരെയും ജയിപ്പിച്ചെടുത്തതാണ് കഴിഞ്ഞതവണത്തെ സി.പി.ഐയുടെ നേട്ടം. ഇ.എസ്. ബിജിമോൾ, ഗീതാ ഗോപി, സി.കെ. ആശ എന്നിവരാണ് നിലവിലെ എം.എൽ.എമാർ. ഇതിൽ സി.കെ. ആശയ്ക്കുമാത്രമാണ് വീണ്ടും സാധ്യതയുള്ളത്. മഹിളാസംഘം നേതാക്കളായ ചിഞ്ചുറാണി, പി. വസന്തം, വനിതാകമ്മിഷൻ അംഗമായ എം.എസ്. താര എന്നിവരാണ് സാധ്യതാപട്ടികയിലുള്ള പുതുമുഖങ്ങൾ. ഇടുക്കിയിലെ ഒരു വനിതാനേതാവിനെ ബിജിമോൾക്ക് പകരമിറക്കാനും സാധ്യതയുണ്ട്.
ജനതാദൾ(എസ്) ആണ് കഴിഞ്ഞതവണ വനിതയെ മത്സരത്തിനിറക്കിയ ഇടതുമുന്നണിയിലെ മറ്റൊരു ഘടകകക്ഷി. എന്നാൽ കോവളത്ത് മത്സരിച്ച ജമീല പ്രകാശം പരാജയപ്പെട്ടു. ഇത്തവണയും ജമീല പാർട്ടിക്കുവേണ്ടി കോവളത്ത് മത്സരത്തിനിറങ്ങിയേക്കും.