പത്തനംതിട്ട: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ നിർണായക ഇടപെടലിന് ബി.ജെ.പി. ദേശീയ നേതൃത്വം. പാർട്ടിക്ക് ഇപ്പോഴും വൻകുതിപ്പ് നേടിയെടുക്കാൻ കഴിയാത്ത കേരളത്തിൽ തന്ത്രാവിഷ്കരണം മുതൽ സ്ഥാനാർത്ഥി നിർണയം വരെയുള്ള കാര്യങ്ങളിൽ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. സർവേ നടത്തുകയാണ്. ബി.ജെ.പി. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജൻസിയാണ് ഇത് നടത്തുന്നത്.
സംസ്ഥാന പാർട്ടി ഘടകവുമായി യാതൊരുതരത്തിലും ബന്ധപ്പെടാതെയാണ് സർവേ. ആഴ്ചകൾക്ക് മുൻപ് ആരംഭിച്ച സർവേ ജനുവരി അവസാനം പൂർത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താെഴതട്ടുവരെ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയാണ് സർവേ. ഒാരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം. പാർട്ടിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാവുന്ന നേതാക്കളെ തീരുമാനിക്കാനും സർവേയിൽ ശ്രമിക്കുന്നു.
പരമ്പരാഗതമായി സംസ്ഥാനത്ത് ബി.ജെ.പി. അനുവർത്തിച്ചുവരുന്ന സ്ഥാനാർത്ഥിനിർണയ രീതിയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം വരും. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള സ്ഥാനാർത്ഥികളുടെ എണ്ണവും കൂട്ടും. ക്രൈസ്തവസമുദായത്തിന് നിർണായകസ്വാധീനമുള്ള മണ്ഡലങ്ങളിൽ വിവിധ സഭകൾക്ക് സ്വീകാര്യരായ െപാതുസമ്മതരെ കണ്ടെത്തി മത്സരിപ്പിക്കും. പരമാവധി യുവസ്ഥാനാർത്ഥികളെ രംഗത്തിറക്കും. സ്ത്രീകളുടെയും പട്ടികജാതി, പട്ടികവർഗ സമുദായങ്ങളുടെയും പ്രാതിനിധ്യം വർദ്ധിപ്പിക്കാനും നിർദേശമുണ്ട്.
സർവേ റിപ്പോർട്ട് ദേശീയ നേതൃത്വത്തിന് വൈകാതെ നൽകും. ഓരോ മണ്ഡലത്തിൽനിന്നും മൂന്നുപേരുടെ പട്ടിക ജില്ലാ നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്ന പേരുകൾക്കൂടി ഉൾപ്പെടുത്തി കേന്ദ്രനേതൃത്വത്തിന് നൽകും. സർവേയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനം നൽകുന്ന പട്ടികയിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കുക.