കൊച്ചി: തിരഞ്ഞെടുപ്പിൽ പരിവാർ സംഘടനകളുടെ സംയോജനം സാധ്യമായില്ലെന്നും ആർ.എസ്.എസ്. വെച്ച സംയോജകർ പരാജയമായിരുന്നുവെന്നും ബി.ജെ.പി.യിൽ വിമർശനം. സ്ഥാനാർഥികളായിരുന്നവരുമായി പാർട്ടി നേതൃത്വം നടത്തിയ ഗൂഗിൾ അവലോകനത്തിലാണ് ആർ.എസ്.എസിനെതിരേ വിമർശനമുയർന്നത്.

എല്ലാ മണ്ഡലങ്ങളിലും സംയോജകരെ വെച്ചെങ്കിലും പലരും രാഷ്ട്രീയം അറിയാത്തവരായിരുന്നു. അപ്രായോഗിക കാര്യങ്ങളാണ് പലരും നിർദേശിച്ചത്. അത് തിരിച്ചടിയായി. പല പരിവാർ പ്രസ്ഥാനങ്ങളും പ്രവർത്തനരംഗത്തുണ്ടായില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിഞ്ഞതുപോലെ ഹൈന്ദവ ഐക്യം ഇക്കുറി ഉണ്ടാക്കാനായില്ല. കഴിഞ്ഞതവണ കെ.പി.എം.എസും യോഗക്ഷേമസഭയും എസ്.എൻ.ഡി.പി. യോഗവുമെല്ലാം പിന്തുണ നൽകിയെങ്കിൽ ഇക്കുറി അതൊന്നും ഉണ്ടായില്ല.

ബി.ഡി.ജെ.എസിന്റെ പ്രകടനം ശുഷ്‌കമായിരുന്നുവെന്നും സ്ഥാനാർഥികൾ പരാതിപ്പെട്ടു. ബി.ഡി.ജെ.എസ്. ഭാരവാഹി മന്ത്രി തോമസ് ഐസക്കുമായി രഹസ്യ ചർച്ച നടത്തി വോട്ടുമറിച്ചത് വൈപ്പിനിൽനിന്നുള്ള സ്ഥാനാർഥി എടുത്തുപറഞ്ഞു.

സ്ഥാനാർഥി നിർണയത്തിനായി സ്വീകരിച്ച രീതികളും വിമർശിക്കപ്പെട്ടു.

മണ്ഡലത്തിൽ പ്രസിഡന്റായവർ 45 വയസ്സിൽ താഴെയുള്ള പുതുമുഖങ്ങളാണ്. അവർ സ്ഥാനാർഥിയാവാൻവേണ്ടി തങ്ങളുടെ പേര് പറയിച്ചു. ചിലയിടത്ത് രഹസ്യബാലറ്റിലൂടെ വോട്ടിങ് നടത്തി. പിന്നീട് അവർക്ക് സ്ഥാനാർഥിത്വം കിട്ടാതെ വന്നപ്പോൾ പ്രവർത്തനങ്ങളിൽ അത് പ്രതിഫലിച്ചു. അവർ സ്ഥാനാർഥിക്കെതിരേ രഹസ്യമായി പ്രവർത്തിക്കുന്ന സാഹചര്യംപോലുമുണ്ടായി.

മുഴുവൻസമയ പ്രവർത്തനത്തിനായി ഇറങ്ങിയിരിക്കുന്നവർക്ക് പാർട്ടി അലവൻസ് അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പറയുന്ന കാര്യങ്ങൾ പത്രങ്ങളിൽ വരുമെന്നതിനാൽ, ചിലർ അഭിപ്രായങ്ങൾ എഴുതി അറിയിക്കാമെന്നും പറഞ്ഞു. ജില്ലാ അവലോകന യോഗത്തിൽ ഏറെ തർക്കങ്ങളുണ്ടായ തിരുവനന്തപുരത്തുനിന്നുള്ള സ്ഥാനാർഥികൾ ചർച്ചകളിൽ കാര്യമായി പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.

ജില്ലാ നേതൃത്വത്തിൽനിന്ന് കാര്യമായ സഹകരണം ലഭിച്ചില്ലെന്ന പരാതി എറണാകുളത്തുനിന്ന് ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിച്ചിടത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഡ് വന്നകാര്യം ഒരു സ്ഥാനാർഥി എടുത്തുകാട്ടി.