കോഴിക്കോട്: മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആര്, നേതാവിന്റെ മണ്ഡലം എവിടെ, ഇനി ആര് ഭരിക്കും എന്നൊക്കെ ആലോചിച്ചാണ് രാഷ്ട്രീയം നിരീക്ഷിക്കുന്ന ഓരോ ശരാശരി മലയാളിയും തല പുകയ്ക്കുന്നത്. എന്നാല്‍, അതിനെക്കുറിച്ച് രഹസ്യമായി ജനങ്ങളുടെ പ്രതികരണം ആരായുന്ന പണി കോണ്‍ഗ്രസിലും ബി.ജെ.പി.യിലും സ്വകാര്യ ഏജന്‍സികള്‍ ഏറ്റെടുത്തിരിക്കുകയാണ്. സി.പി.എമ്മിനാകട്ടെ പാര്‍ട്ടി സംവിധാനംതന്നെ അതിന് ധാരാളം. ഹൈക്കമാന്‍ഡ് എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.

കോണ്‍ഗ്രസില്‍ ഏജന്‍സികള്‍ ഉഷാര്‍

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയമാണ് എക്കാലത്തും ഏറ്റവും വലിയ കടമ്പ. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടികക്ക് രൂപംനല്‍കുന്നത് കടല്‍ വറ്റിക്കാനുള്ള ശ്രമംപോലെയാണ്. അഖിലേന്ത്യാ നേതൃത്വത്തിന് മുന്നില്‍ എത്താന്‍ സാധ്യതയുള്ള പേരുകളിലുള്ള രഹസ്യാന്വേഷണങ്ങളാണ് ഇപ്പോള്‍ പ്രൊഫഷണല്‍ ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ടിന് അനുസരിച്ചായിരിക്കും ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങളും ഇവര്‍ ആരായുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന നേതാക്കളോട് സിറ്റിങ് സീറ്റുകളിലെയും ജയസാധ്യതയുള്ള സീറ്റുകളിലെയും സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വം ചോദിച്ചിട്ടുണ്ട്. ഇവയുടെ സാധ്യതകളാണ് പ്രൊഫഷണല്‍ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. പാര്‍ട്ടി അനുഭാവികളിലും പൊതുജനങ്ങള്‍ക്കിടയിലുമായി രണ്ടുതലങ്ങളിലാണ് എ.ഐ.സി.സി. ഏല്‍പ്പിച്ച സംഘങ്ങളുടെ അന്വേഷണങ്ങള്‍.

സി.പി.എമ്മിന് പാര്‍ട്ടി സംവിധാനംതന്നെ ധാരാളം

ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ സി.പി.എമ്മിന് പുറംഏജന്‍സികളുടെ ആവശ്യമൊന്നുമില്ല. ഓരോ ജില്ലയിലെയും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് നല്‍കുന്ന പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ച് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കും. മുതിര്‍ന്ന നേതാക്കളുടെ കൂട്ടലും കിഴിക്കലുമെല്ലാം കഴിഞ്ഞായിരിക്കും പട്ടിക അവിടെ അവതരിപ്പിക്കുന്നത്. എന്തെങ്കിലും ഭിന്നാഭിപ്രായം ഉയര്‍ന്നാല്‍ വീണ്ടും അതത് ജില്ലയിലേക്ക് പുനഃപരിശോധനയ്ക്കായി തിരിച്ചയക്കും. പാര്‍ട്ടിയുടെ ശക്തിയും സാധ്യതയും സാമുദായിക സമവാക്യങ്ങളുമൊക്കെ നോക്കിയായിരിക്കും ഈ പട്ടിക രൂപപ്പെടുന്നത്.

ബി.ജെ.പി.ക്ക് ബെംഗളൂരു എജന്‍സി

തദ്ദേശ തിരഞ്ഞെടുപ്പില്‍ 25,000 ത്തിനും 40,000-ത്തിനും ഇടയില്‍ വോട്ടുകിട്ടിയ നാല്പതോളം മണ്ഡലങ്ങളിലാണ് ബെംഗളൂരു ആസ്ഥാനമായ പ്രൊഫഷണല്‍ ഏജന്‍സിയുടെ രഹസ്യാന്വേഷണവും സര്‍വേയും. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരുടെ അഭിപ്രായം ക്രോഡീകരിച്ചാണ് ജില്ലാ കമ്മിറ്റികള്‍ സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. അത് സംസ്ഥാന കമ്മിറ്റിക്ക് വിടും. തുടര്‍ന്നാണ് ദേശീയ നേതൃത്വത്തിന്റെ പരിശോധന. ഏജന്‍സിയുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാവും അവസാന പട്ടിക.

നേതൃസ്ഥാനത്തേക്ക് അമിത് ഷാ വന്നതുമുതലാണ് പ്രൊഫഷണല്‍ ഏജന്‍സികളെ ഉപയോഗിച്ച് പഠനം നടത്താനാരംഭിച്ചത്. ജയിക്കാന്‍ സാധ്യതയുള്ളതും ഉറപ്പുള്ളതുമായ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെ നടന്നത്. ഇത്രയും വിപുലമായ അന്വേഷണം കേരളത്തില്‍ ആദ്യമായാണ്. നേതൃത്വം നേരത്തേ സാധ്യത കണ്ടെത്തിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 40,000-ലേറെ വോട്ടുകളുള്ള എ ക്ലാസ് മണ്ഡലങ്ങളിലാണിത്.