കോഴിക്കോട്: ധാര്‍മികതയെ കുറിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ചര്‍ച്ചകളത്രയും. ലക്ഷ്യം ഒന്നുമാത്രം- കെ.പി.സി.സി പ്രസിഡന്റ് പദത്തില്‍നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി നേതൃത്വത്തില്‍ പുനഃസംഘടന എന്നത് തന്നെ. എന്നാല്‍ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിയില്‍മാത്രം കേന്ദ്രീകരിക്കുന്നതില്‍ അതൃപ്തിയുള്ളവരും ധാരാളം. പക്ഷേ, അവരും ഇതുപോലെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് സമ്മതിക്കുന്നു.

ഇത്രയും പോറലൊന്നും ഏറ്റില്ലെങ്കിലും അസമിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവിടത്തെ പി.സി.സി. പ്രസിഡന്റ് രാജിവെച്ചതാണ് മുല്ലപ്പള്ളിക്ക് എതിരായുള്ള നീക്കത്തിന്റെ അടിസ്ഥാനം.

വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനെ രംഗത്തിറക്കാനാണ് വീണ്ടും ശ്രമം. വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട ഒട്ടേറെ നേതാക്കള്‍ കെ. സുധാകരനുമായി ഇതിനകം ബന്ധപ്പെട്ടു എന്നാണ് വിവരം. പ്രത്യേകിച്ചുള്ള സംഘടനാചര്‍ച്ചകളൊന്നും ഇല്ലെങ്കിലും ചൊവ്വാഴ്ച കാലത്ത് തിരുവനന്തപുരത്തേക്ക് പോകാനിരുന്ന സുധാകരന്‍ വിമാനസര്‍വീസ് റദ്ദാക്കിയതിനാല്‍ യാത്ര റദ്ദാക്കി.

ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്കിനിയും ആവശ്യമുണ്ടോ എന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച ഹൈബി ഈഡന്‍ എം.പിയുടെ പരാമര്‍ശമാണ് ചൊവ്വാഴ്ച ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നത്. ആത്മാര്‍ഥതയുള്ള തെറ്റുതിരുത്തലുകളാണ് വേണ്ടതെന്ന് പി.സി. വിഷ്ണുനാഥും സൂചിപ്പിച്ചു. മുല്ലപ്പള്ളിയെയും ഉപജാപക സംഘങ്ങളെയും മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് നിലംതൊടില്ലെന്ന സമസ്ത മുഖപത്രത്തിന്റെ പരാമര്‍ശം നീക്കങ്ങള്‍ക്ക് പുതിയ മാനംനല്‍കി. സമൂലമായ അഴിച്ചുപണി അനിവാര്യമാണെന്ന് എ വിഭാഗം നേതാവ് കെ.സി. ജോസഫും പ്രതികരിച്ചതോടെ ആവശ്യത്തിന് ഗ്രൂപ്പ് വ്യത്യാസമില്ലെന്ന സ്ഥിതിയായി. ഏതെങ്കിലും ഒരു വ്യക്തിയെ ചൂണ്ടിയല്ല ഇതെന്നും താഴെത്തട്ട് മുതല്‍ മാറ്റം ആവശ്യമാണെന്നും കെ.സി. ജോസഫ് വിശദീകരിക്കുന്നുണ്ട്.

തൊണ്ണൂറുകളില്‍ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒന്നിച്ചുനിന്ന എ-ഐ വിഭാഗങ്ങളെ തോല്‍പ്പിച്ചാണ് കെ. സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. സുധാകരന്‍ വന്നാല്‍ സംഘടനയ്ക്ക് കുറെക്കൂടി ഊര്‍ജം കൈവരിക്കാനാവുമെന്ന് വലിയൊരു വിഭാഗം നേതാക്കളും വിശ്വസിക്കുന്നുണ്ട്.

ഹൈക്കമാണ്ടിന്റെ പിന്തുണയാണ് മുല്ലപ്പള്ളിയുടെ കരുത്ത്. എ.കെ. ആന്റണിയുമായും കെ.സി. വേണുഗോപാലുമായെല്ലാം അടുത്ത ബന്ധം പുലര്‍ത്തുന്ന മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരുമായും ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ നീക്കുന്നത്. എന്നാല്‍ കെ. സുധാകരന്‍, കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ നേതാക്കള്‍ മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനശൈലിയില്‍ വിയോജിക്കുന്നു.

Content Highlights: Kerala Assembly Election 2021, Congress