തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിൽപ്പോലും കാര്യമായ വർധനയുണ്ടാക്കാൻ ബി.ജെ.പി.ക്കായില്ല. ബി.ഡി.ജെ.എസ്. ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ കാര്യം പറയേണ്ടതില്ല. ബി.ജെ.പി.ക്ക്‌ 2016-ലെ തിരഞ്ഞെടുപ്പിൽ 10.6 ശതമാനമായിരുന്നു വോട്ട്. ഇത്തവണ 0.7 ശതമാനം വർധിച്ച് 11.30 ആയെന്നുമാത്രം. നേടിയ വോട്ട് 2,354,468. എൻ.ഡി.എ.യ്ക്കു കിട്ടിയ ആകെ വോട്ട് 26,04,394. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിൽ ബി.ജെ.പി.ക്ക്‌ കൈവരിക്കാനായില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് ഒന്നാമതെത്തുകയും ഏഴ് മണ്ഡലങ്ങളിൽ രണ്ടാമതെത്തുകയും ചെയ്തെങ്കിൽ ഇപ്രാവശ്യം നേമം നഷ്ടമായി. നേമം ഉൾപ്പെടെ ഒൻപതിടത്താണ് ഇത്തവണ രണ്ടാമതെത്തിയത്. മുപ്പതിനായിരത്തിലധികം വോട്ടു നേടിയ മണ്ഡലങ്ങൾ 22 ആയി കുറഞ്ഞു. കഴിഞ്ഞതവണ 27 ഇടത്തായിരുന്നിത്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലാണ് ബി.ജെ.പി. രണ്ടാമതെത്തിയത്. ചാത്തന്നൂരിൽ ഏഴുശതമാനത്തോളം വോട്ട് കൂടി. ബി.ഡി.ജെ.എസ്. ഒരിടത്തും നിർണായകമായില്ല.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13 ശതമാനമായിരുന്നു ബി.ജെ.പി. നേടിയ വോട്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ 14.80 ശതമാനവും.

തൃശ്ശൂരിൽ സുരേഷ്‌ഗോപി 40,457 വോട്ടും മുൻ ഡി.ജി.പി. ജേക്കബ് തോമസ് ഇരങ്ങാലക്കുടയിൽ 34,329 വോട്ടും നേടി. കാഞ്ഞിരപ്പള്ളിയിൽ മുൻ മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് 29,157 വോട്ടു ലഭിച്ചു. കാട്ടാക്കടയിൽ മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ് 34,542, ജനറൽ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട് സൗത്തിൽ 30,952, എ.എൻ. രാധാകൃഷ്ണൻ മണലൂരിൽ 36,566, സന്ദീപ് വാരിയർ ഷൊർണൂരിൽ 36,973, പുതുക്കാട്ട് എ. നാഗേഷ് 34,893 വോട്ടും നേടി.

ബി.ജെ.പി. രണ്ടാമതെത്തിയ മണ്ഡലങ്ങളിലെ വോട്ടുനില

മണ്ഡലം സ്ഥാനാർഥി വോട്ട് 2016-ൽ

നേമം കുമ്മനം രാജശേഖരൻ 51,888 67,813

വട്ടിയൂർക്കാവ് വി.വി. രാജേഷ് 39,596 43,700

കഴക്കൂട്ടം ശോഭാ സുരേന്ദ്രൻ 40,193 42,732

ആറ്റിങ്ങൽ പി. സുധീർ 38,262 27,602

ചാത്തന്നൂർ ബി.ബി. ഗോപകുമാർ 42,090 33,199

പാലക്കാട് ഇ. ശ്രീധരൻ 50,220 40,076

മലമ്പുഴ സി. കൃഷ്ണകുമാർ 50,200 46,156

കാസർകോട് കെ. ശ്രീകാന്ത് 50,395 56,120

മഞ്ചേശ്വരം കെ. സുരേന്ദ്രൻ 65,013 56,781

Content Highlight: kerala assembly election 2021  BJP vote hike only 0.7 %