തൊടുപുഴ: തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽനിന്ന് തോറ്റാൽ തല മുണ്ഡനം ചെയ്യുമെന്ന വാക്ക് പാലിച്ച് യു.ഡി.എഫ്. സ്ഥാനാർഥി ഇ.എം. അഗസ്തി. വേളാങ്കണ്ണിയിലെത്തിയാണ് അദ്ദേഹം തലമുണ്ഡനം ചെയ്തത്. പിന്നാലെ ‘വാക്ക് പാലിക്കാനുള്ളതാണെ’ന്ന അടിക്കുറിപ്പോടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ മുൻമന്ത്രി എം.എം. മണിക്കെതിരേ അപ്രതീക്ഷിത സ്ഥാനാർഥിയായി എത്തിയ അഗസ്തി പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ, വൻ ഭൂരിപക്ഷത്തിൽ എം.എം. മണി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ വാക്കു പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പുകളെ ആ രീതിയിൽ കാണേണ്ടതില്ലെന്നും എം.എം. മണി പ്രതികരിച്ചിരുന്നു. എങ്കിലും തീരുമാനം മാറ്റാതെ അഗസ്തി വാക്കു പാലിക്കുകയായിരുന്നു.