സി.പി.എമ്മിൽ കൂടുതൽപുതുമുഖങ്ങൾ

കോഴിക്കോട്: തുടർച്ചയായി രണ്ടു തവണ സഭയിലെത്തിയവർ മാറിനിൽക്കട്ടെ എന്ന നിലപാടിന് സി.പി.എം. സംസ്ഥാനകമ്മിറ്റിയുടെയും പിന്തുണ. ഇതോടെ സ്ഥാനാർഥികളായി കൂടുതൽ പുതുമുഖങ്ങളെത്തും. അഞ്ച് മന്ത്രിമാർ, നിയമസഭാ സ്പീക്കർ, പതിനെട്ടോളം എം.എൽ.എ.മാർ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല.

അതേസമയം, ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റവരെ പരിഗണിക്കേണ്ടെന്ന വ്യവസ്ഥയിൽ ചിലർക്ക് ഇളവുനൽകാനും ധാരണയായി. ഇതനുസരിച്ച് എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, പി. രാജീവ് എന്നിവർ സ്ഥാനാർഥികളാവും. എന്നാൽ, പി. ജയരാജൻ ഉൾപ്പെടെ മറ്റുള്ളവരുടെ പേരുകളില്ല. മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലാ തരൂരും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു ഇരിങ്ങാലക്കുടയിലും മത്സരിക്കും. അരുവിക്കരയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ വി.കെ. മധുവിനെയായിരുന്നു പരിഗണിച്ചതെങ്കിലും ജി. സ്റ്റീഫനാണ് അവസരം നൽകിയത്. വർഷങ്ങളായി സി.പി.എം. കൈവശം വെച്ചുപോന്ന റാന്നി, കുറ്റ്യാടി, പൂഞ്ഞാർ മണ്ഡലങ്ങൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിട്ടുനൽകും. മന്ത്രി ശൈലജയുടെ സിറ്റിങ്‌ സീറ്റായ കൂത്തുപറമ്പ് ഉൾപ്പെടെ നാല് മണ്ഡലങ്ങൾ കൂടി മറ്റ് ഘടകകക്ഷികൾക്കായി വിട്ടുനൽകും.

തൃത്താലയിൽ വി.ടി. ബൽറാമിന് എതിരേയായിരിക്കും എം.ബി. രാജേഷിന്റെ മത്സരം. കെ.എൻ. ബാലഗോപാൽ-കൊട്ടാരക്കര, വി.എൻ. വാസവൻ-ഏറ്റുമാനൂർ, പി. രാജീവ്- കളമശ്ശേരി, എം.വി. ഗോവിന്ദൻ - തളിപ്പറമ്പ്, മുഖ്യമന്ത്രി പിണറായി വിജയൻ-ധർമടം, മന്ത്രിമാരായ കെ.കെ. ശൈലജ -മട്ടന്നൂർ, മേഴ്‌സിക്കുട്ടിയമ്മ- കുണ്ടറ, കടകംപള്ളി സുരേന്ദ്രൻ - കഴക്കൂട്ടം, എ.സി. മൊയ്തീൻ -കുന്നംകുളം, എം.എം. മണി - ഉടുമ്പൻചോല, ടി.പി. രാമകൃഷ്ണൻ -പേരാമ്പ്ര, സി.പി.എം. സ്വതന്ത്രൻ കെ.ടി. ജലീൽ-തവനൂർ, എന്നിങ്ങനെയാണ് പ്രമുഖ നേതാക്കളുടെ മത്സരതട്ടകം.

തുടർച്ചയായി രണ്ട്‌തവണ തോറ്റവർക്ക് കോൺഗ്രസിൽ സീറ്റില്ല

തിരുവനന്തപുരം : തുടർച്ചയായി രണ്ടുതവണ തോറ്റവർക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും നിയമസഭാസീറ്റ് നൽകേണ്ടതില്ലെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പു മേൽനോട്ടസമിതിയിൽ തീരുമാനം.

50 ശതമാനം സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കുമായി നീക്കിവെക്കാനും സമിതി തീരുമാനിച്ചതായി അധ്യക്ഷൻ ഉമ്മൻചാണ്ടി അറിയിച്ചു. നിയമസഭാതിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ തോറ്റവരെയാണ് ഒഴിവാക്കുക. സിറ്റിങ്‌ എം.എൽ.എ.മാർക്കെല്ലാം സീറ്റുണ്ടാകുമോ എന്നത്‌ വിജയസാധ്യതയുടെ അടിസ്ഥാനത്തിലാകും.

യു.ഡി.എഫ്. തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയുടെ കരടിന്‌ ശനിയാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയിൽ അന്തിമരൂപം നൽകും. തുടർന്ന്, യു.ഡി.എഫിൽ ചർച്ചചെയ്ത് പ്രകടനപത്രിക പുറത്തിറക്കും. സ്‌ക്രീനിങ്‌ കമ്മിറ്റി ശനിയാഴ്ച രാവിലെ യോഗം ചേരുന്നുണ്ട്. തുടർചർച്ചകൾ ഡൽഹിയിൽ നടക്കും. സ്ഥാനാർഥിപ്പട്ടികയിൽ ഓരോ മണ്ഡലത്തിലെയും പേരുകൾ പാനലായാണ് ഹൈക്കമാൻഡിന് സമർപ്പിക്കുന്നത്. സ്‌ക്രീനിങ്‌ കമ്മിറ്റിയും കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റിയും ചേർന്നശേഷമാകും അന്തിമ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുക. യു.ഡി.എഫ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിലാണ്. ഉടൻ അത് പൂർത്തിയാക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിൽ തിരഞ്ഞെടുപ്പുപ്രചാരണത്തിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: kerala assembly election 2021