തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) തുടക്കക്കാർക്ക് ഐ.എ.എസിനെക്കാൾ ഉയർന്ന ശമ്പളം നിശ്ചയിച്ചത് പൊല്ലാപ്പാകുന്നു. അഖിലേന്ത്യാ സർവീസിൽ മാത്രമല്ല, സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ഇടയിലും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്.

രണ്ടാം ഗസറ്റഡ്, ക്ലാസ് ഒൺ തസ്തികകളിലെ ഉദ്യോഗസ്ഥരും ഇതിൽ അസ്വസ്ഥരാണ്. ഇവരെക്കാൾ കൂടുതൽ ശമ്പളം സമാന ജോലിചെയ്യുന്ന കെ.എ.എസ്. ഉദ്യോഗസ്ഥർക്ക് കിട്ടുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഇവരുടെ പക്ഷം.

ആശയക്കുഴപ്പം തുടരുന്നതിനാൽ കെ.എ.എസിന് 81,800 രൂപ വേതനം നിശ്ചയിച്ച മന്ത്രിസഭാ തീരുമാനം ഇതുവരെ ഉത്തരവായില്ല. സ്‌പെഷ്യൽ പേ നൽകണമെന്ന ആവശ്യവുമായി ഐ.എ.എസ്. അസോസിയേഷൻ രംഗത്തുണ്ട്.

ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെങ്കിൽ വീണ്ടും വിഷയം മന്ത്രിസഭയുടെ മുന്നിലെത്തണം. കെ.എ.എസിന് ഉയർന്ന ശമ്പളം നൽകുന്നതുവഴി ഉണ്ടായ അപാകം പരിഹരിക്കാൻ ഐ.എ.എസുകാർക്ക് സ്‌പെഷ്യൽ പേ നൽകേണ്ടിവരുന്നത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് ബാധ്യതയാണ്.

തിരഞ്ഞെടുത്ത വകുപ്പുകളിൽ രണ്ടാം ഗസറ്റഡ് വിഭാഗത്തിലെ നിശ്ചിതശതമാനം തസ്തികകളിലാണ് കെ.എ.എസുകാരെ നിയമിക്കുന്നത്. അണ്ടർ സെക്രട്ടറി, ജില്ലാതല ഓഫീസർമാർ, അസിസ്റ്റന്റ് സെയിൽസ്‌ ടാക്‌സ് കമ്മിഷണർ തുടങ്ങിയ തസ്തികകളാണ് ഈ വിഭാഗത്തിൽ. കെ.എ.എസുകാരെക്കാൾ താഴ്ന്ന ശമ്പള സ്‌കെയിലാണ് നിലവിൽ ഈ തസ്തികയിലുള്ളവർക്ക്.

ഐ.എ.എസ്. ഇതര ഡെപ്യൂട്ടി കളക്ടർ തുടങ്ങിയ ക്ലാസ് വൺ തസ്തികകളിലും കെ.എ.എസ്. ഉദ്യോഗസ്ഥർ വരുന്നതോടെ സമാന ജോലി ചെയ്യുന്നവരേക്കാൾ കൂടുതൽ ശമ്പളം അവർക്ക് ലഭിക്കാൻ ഇടയുണ്ടെന്നും ആശങ്കയുണ്ട്. എന്നാൽ, നിലവിൽത്തന്നെ ജൂനിയർ ഐ.എ.എസുകാരും സംസ്ഥാനത്തെ പല തസ്തികകളും തമ്മിൽ ശമ്പളത്തിലെ അസമത്വം നിലവിലുണ്ടെന്നാണ് കെ.എ.എസുകാരുടെ വാദം.