തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്റെ കാര്യത്തിൽ സംസ്ഥാനം ദേശീയ ശരാശരിയെക്കാൾ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനം പിന്നിലാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. വാക്സിൻ വിതരണത്തിന്റെ ദേശീയ ശരാശരി കണക്കിലെടുത്താൽ 25.52 ശതമാനം പേർക്ക് ഒന്നാംഡോസും 6.83 പേർക്ക് രണ്ടാംഡോസുമാണ് നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് 35.51 ശതമാനം പേർക്ക് ഒന്നാംഡോസും 14.94 ശതമാനം പേർക്ക് രണ്ടാംഡോസും നൽകി.

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരിൽ 100 ശതമാനവും ഒന്നാംഡോസ് എടുത്തു. 82 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ചു. മുന്നണിപ്പോരാളികളിൽ 100 ശതമാനം പേരും ഒന്നാംഡോസും 81 ശതമാനം പേർ രണ്ടാംഡോസും എടുത്തു -മുഖ്യമന്ത്രി പറഞ്ഞു.

4.99 ലക്ഷം ഡോസ്‌ വാക്സിനാണ് ബാക്കിയുള്ളത്. 10 ലക്ഷം ഡോസ് വാക്സിൻ ശേഷിക്കുന്നുണ്ടെന്ന ആരോപണം തെറ്റാണ്. ദിവസം ശരാശരി രണ്ടുമുതൽ രണ്ടരലക്ഷം വാക്സിൻ എടുക്കുന്നുണ്ട്. കൈയിലുള്ള വാക്‌സിൻ ഇന്നും നാളെയുംകൊണ്ട് തീരും.

വാക്സിനേഷന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ നേട്ടത്തെ കുറച്ചുകാണിക്കാനുള്ള ശ്രമം ദേശീയതലത്തിൽ ഉണ്ടായതുകൊണ്ടാണ് കണക്കുകൾ വ്യക്തമാക്കേണ്ടിവന്നത്. നമ്മൾ ഫലപ്രദമായി വാക്സിൻ കൊടുത്തവരാണ്. ഇതിൽ കേന്ദ്രം തന്നെ അനുമോദിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

രോഗനിരക്ക് ഉയരുന്നത് ഗൗരവതരം

കോവിഡ് നിരക്ക് ഉയരുന്നത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും രോഗനിരക്ക് ഉയരുന്നുണ്ട്. ഇതിനെ മൂന്നാം തരംഗമായി വിലയിരുത്താനായിട്ടില്ല. കൂടുതൽ പഠനങ്ങൾ വേണ്ടതുണ്ട്.

രോഗവ്യാപന ക്ലസ്റ്ററുകളുള്ള സ്ഥലങ്ങളിൽ മൈക്രോ കൺടെയ്‌ൻമെന്റ് സംവിധാനം കൂടുതൽ കർശനമായി നടപ്പാക്കും- മുഖ്യമന്ത്രി പറഞ്ഞു.