കൊച്ചി: കേരളത്തിലെ മൊബൈൽ ടവറുകളുടെ എണ്ണം രണ്ടുവർഷത്തിനുള്ളിൽ ഇരട്ടിയാക്കും. ഇപ്പോൾ പത്തൊമ്പതിനായിരത്തോളം ടവറുകളാണുള്ളത്. ഉയർന്ന ഡേറ്റ സ്പീഡ് നൽകുന്ന 5 ജിയുടെ ടവറുകളുടെ കവറേജ് കുറവായിരിക്കും. ടവറുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ 5 ജിയുടെ മെച്ചം ലഭിക്കൂ എന്ന് ടെലികോം വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി.ടി. മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു.

മൊബൈലുകൾക്കുവേണ്ടി ഉപയോഗിക്കുന്നത് കുറഞ്ഞ ഫ്രീക്വൻസിയുള്ള നോൺ-അയോണൈസിങ് റേഡിയേഷനുകളാണ്. ഇവ മനുഷ്യശരീരത്തിന് ഹാനികരമല്ല. ടവറുകളിൽനിന്നുള്ള ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അവരുടെ ചുറ്റുമുള്ള ടവറുകളും അതിൽനിന്നുള്ള റേഡിയേഷനും സംബന്ധിച്ച വിവരങ്ങൾ httsp ;/tarangsanchar.gov.in/emfportal എന്ന് വെബ് സൈറ്റിൽ ലഭിക്കും. അടുത്തുള്ള ടവർ പരിശോധിക്കുന്നതിനുള്ള അപേക്ഷയും ഇതിലൂടെ നൽകാനാവും.

5 ജി എത്തുന്നതോടെ നെറ്റ് വർക്കിന്റെ വേഗം പത്തിരട്ടി വർധിക്കും.

വൈ-ഫൈ കവറേജ് ചെറിയ മുതൽമുടക്കിലൂടെ നൽകാനുള്ള ‘പി.എം. വാണി’ പദ്ധതി തുടങ്ങി. ജനങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പുതിയ സിംകാർഡ് എടുക്കാനാവുന്ന സെൽഫ് കെ.വൈ.സി. പദ്ധതി വൈകാതെ തുടങ്ങുമെന്നും പി.ടി. മാത്യു പറഞ്ഞു.