തിരുവനന്തപുരം: മുൻ ഹൈക്കോടതി ജഡ്ജി കെമാൽപാഷയ്ക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനൽകി. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയ ഒട്ടേറെ കേസുകളിൽ വിധിപ്രഖ്യാപിച്ച ന്യായാധിപനാണ് കെമാൽ പാഷ. അക്കാരണത്താൽ അദ്ദേഹത്തിന്റെ ജീവനു ഭീഷണിയുണ്ടെന്നും ചെന്നിത്തലയുടെ കത്തിൽ പറയുന്നു.
ഭീകരസംഘടനയായ ഐ.എസിന്റെ ഹിറ്റ്‌ലിസ്റ്റിലും അദ്ദേഹത്തിന്റെ പേരുണ്ടെന്ന് കനകമല കേസിലെ പ്രതികളെ ചോദ്യംചെയ്തപ്പോൾ വ്യക്തമായിരുന്നു. തുടർന്നാണ് രണ്ടുവർഷംമുമ്പ് അദ്ദേഹത്തിന് സായുധരായ നാലു പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ സർക്കാർ നൽകിയത്. അതു പിൻവലിക്കാനുള്ള നീക്കം അദ്ദേഹത്തിന്റെ ജീവൻ പന്താടുന്നതിനു തുല്യമാണ്.
വാളയാറിൽ സഹോദരിമാരുടെ ദുരൂഹമരണം, അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ചതിനുള്ള പകപോക്കലായും ഈ നടപടി വ്യാഖ്യാനിക്കപ്പെടുമെന്ന് ചെന്നിത്തല കത്തിൽ സൂചിപ്പിച്ചു.
Content Highlights: Kemal Pasha's security: Chennithala's letter to CM