p p thomas
പി.പി. തോമസ്

ചിങ്ങവനം: തദ്ദേശീയമായ പോളവാരൽ യന്ത്രത്തിന്റെ ഉപജ്ഞാതാവും കേളച്ചന്ദ്ര ഗ്രൂപ്പ് ഓഫ് എൻജിനീയറിങ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചിങ്ങവനം കേളച്ചന്ദ്രയിൽ പി.പി.തോമസ് (83) അന്തരിച്ചു.

യു.എസിലെ ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ പി.പി.തോമസ് 1965-ലാണ് നാട്ടിൽ മടങ്ങിയെത്തി എൻജിനീയറിങ് വ്യവസായം തുടങ്ങുന്നത്. 70-ാം വയസ്സിൽ 2008-ലാണ് തദ്ദേശീയമായി പോളവാരൽ യന്ത്രം വികസിപ്പിച്ചത്. വിദേശ യന്ത്രങ്ങൾപോലും പോളവാരുന്നതിൽ പരാജയപ്പെട്ടപ്പോൾ പി.പി.തോമസിന്റെ യന്ത്രം മികച്ചതായിരുന്നു.

പി.പി.തോമസിന്റെ കേളച്ചന്ദ്ര ഗ്രൂപ്പ്, റബ്ബർ പ്രോസസിങ് മെഷീനറി, അക്വാട്ടിക് മെഷീൻ, സി.എൻ.സി. പ്രൊഫൈൽ കട്ടിങ് മെഷീൻ എന്നിവയും നിർമിച്ചുവന്നു.

ചിങ്ങവനം ദയറാ പള്ളി മുൻ ട്രസ്റ്റി, റോട്ടറി ക്ലബ്ബ് ഓഫ് കോട്ടയം മുൻ പ്രസിഡന്റ്, ചിങ്ങവനം വൈ.എം.സി.എ. മുൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വെളിയനാട് കുരിശുംചുവട്ടിൽ ചിന്നക്കുട്ടി തോമസ് (റിട്ട. പ്രൊഫസർ, ബി.സി.എം. കോേളജ്, കോട്ടയം).

മക്കൾ: ഡോ. രേഖാ തോമസ് ബ്ലോസി (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൻ, യു.എസ്.), ഫിലിപ്പ് തോമസ് (എൻജിനീയർ), റോണി തോമസ് (എൻജിനീയർ). മരുമക്കൾ: ഡോ. പീറ്റർ ബ്ലോസി (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൻ, യു.എസ്.), അരീക്കര വെട്ടിക്കൽ ജൂലി ഫിലിപ്പ്, കോട്ടയം കൗണാൻ രേഖാ തോമസ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചിങ്ങവനത്തുള്ള വീട്ടിലെ ശുശ്രൂഷകൾക്കുശേഷം നാലിന് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളി സെമിത്തേരിയിൽ.

ശാസ്ത്രജ്ഞനായ വ്യവസായി

kelachandra
പോള വാരുന്ന യന്ത്രം

കോട്ടയം: പാടങ്ങളിലും തോടുകളിലും നിറഞ്ഞ ആഫ്രിക്കന്‍ പായലും പോളയും കീറാമുട്ടിയായ സമയത്താണ് ആ കണ്ടെത്തല്‍ വന്നത്. കേളച്ചന്ദ്ര ഗ്രൂപ്പ് ഓഫ് എന്‍ജിനീയറിങ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എം.ഡി.യുമായ പി.പി.തോമസാണ് പോള വാരുന്ന യന്ത്രം നിര്‍മിച്ചത്. ഇത് പോളവാരലില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു.

പോള മാറ്റുന്നതില്‍ അന്നുവരെ കണ്ടെത്തിയ എല്ലാ യന്ത്രങ്ങളെയും മാറ്റിമറിക്കുന്നതായിരുന്നു അത്. യന്ത്രത്തിന് വിദേശത്തുനിന്നും ഓര്‍ഡര്‍ കിട്ടിയതോടെ തോമസിന്റെ കണ്ടെത്തല്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി. എത്ര വഴിപ്രശ്‌നമുള്ളിടത്തും ഇറക്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന യന്ത്രം ഉള്‍പ്രദേശങ്ങളിലും സഹായമായി.

സ്വയം രൂപകല്പനചെയ്യുന്ന യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിലും അദ്ദേഹം വലിയ വൈദഗ്ധ്യം പുലര്‍ത്തി. അവസാനംവരെ ഈ മേഖലയില്‍ അദ്ദേഹം കര്‍മനിരതനായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്‍ജിനീയറിങ് വ്യവസായരംഗത്തെ മൂന്നാംതലമുറക്കാരനായിരുന്നു തോമസ്. ഗ്രൂപ്പിന്റെ വൈവിധ്യവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചു. 1912-ലാണ് കേളച്ചന്ദ്ര എന്‍ജിനീയറിങ് വ്യവസായരംഗത്ത് എത്തുന്നത്. കെ.ടി.തോമസായിരുന്നു സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകന്‍ സി.ടി.ഫിലിപ്പിന്റെ മകനാണ് പി.പി.തോമസ്. ബെംഗളൂരു ബി.എം.എസ്. കോേളജില്‍നിന്നാണ് പി.പി.തോമസ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത്.