തിരുവനന്തപുരം: പുട്ടുപൊടി ഉണ്ടാക്കാനല്ല ജനം കടകംപള്ളിയെ ജയിപ്പിച്ചതെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. വിശ്വാസം സംരക്ഷിക്കുന്നതിനും ക്ഷേത്രകാര്യങ്ങൾ യഥാവിധി നിർവഹിക്കുന്നതിനുമാണ്. ആക്ടിവിസ്റ്റുകളെ പോലീസ് യൂണിഫോം ധരിപ്പിച്ച് ശബരിമല കയറ്റിച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് ഭക്തിയും ഖേദപ്രകടനവും ഉണ്ടായി. ഉപ്പുതിന്നവൻ വെള്ളം കുടിച്ചേ പറ്റൂവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

കടകംപള്ളിക്കുള്ള ശിക്ഷ വിശ്വാസികൾ നൽകാൻ തീരുമാനിച്ചതാണ്. അത് അയ്യപ്പ നിയോഗമാണ്. യെച്ചൂരി, മുഖ്യമന്ത്രി, കാനം എന്നിവരുടെ നിലപാടിനെ കടകംപള്ളി തള്ളിപ്പറഞ്ഞോ?. അദ്ദേഹം ഇടയ്ക്കിടെ വേഷം മാറുന്നയാളാണ്. അതുകൊണ്ടാണ് പൂതനാ പരാമർശം നടത്തിയത്. സുന്ദരീവേഷത്തിൽ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. ഉദ്ദേശ്യം മനസ്സിലാക്കിക്കൊണ്ടാണ് കൃഷ്ണൻ പൂതനയ്ക്ക് മോക്ഷം നൽകിയത്. പൂതനാമോക്ഷം കഴക്കൂട്ടത്തെ ജനങ്ങൾ കടകംപള്ളിക്ക് നൽകണം.- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.