കഴക്കൂട്ടം: മരിച്ചുവെന്നു കരുതിയിരുന്ന അമ്മയെ എട്ടുവർഷങ്ങൾക്കുശേഷം മധ്യപ്രദേശുകാരനായ മകന് തിരികെക്കി‌ട്ടി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ടെക്നോപാർക്ക് ജീവനക്കാർ നടത്തുന്ന സേവനപ്രവർത്തനമാണ് അമ്മയെ കണ്ടെത്തുന്നതിന് നിമിത്തമായത്.

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ മകനെയും ഭർത്താവിനെയും കണ്ട് ആ അമ്മ പൊട്ടിക്കരഞ്ഞു. തിങ്കളാഴ്ച കുടുംബത്തോടപ്പം അവർ മധ്യപ്രദേശിലേക്ക്‌ പോകും.

മധ്യപ്രദേശിലെ സുൽത്താൻപുരുകാരിയാണ് ലത. തീവണ്ടിയപകടത്തിൽ മരിച്ചതാവാമെന്ന് കുടുംബം കരുതി. മകൻ രാഹുലിനോടും പിതാവ് ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

ടെക്നോപാർക്ക് യു.എസ്.ടി. ഗ്ലോബലിലെ ജീവനക്കാരായ അജിത്‌ ഗുപ്ത, അരുൺ നകുലൻ, രാജലക്ഷ്മി എന്നിവർ നടത്തുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ എത്തുകയും അവിടെ ചികിത്സയിൽ കഴിയുന്ന ലതയെ പരിചയപ്പെടുകയും ചെയ്തു. തുടർന്നുള്ള സൗഹൃദ സംഭാഷണത്തിലാണ് ലത മധ്യപ്രദേശിലെ സുൽത്താൻപുരെന്ന സ്ഥലവും മക്കളുടെയും ഭർത്താവിന്റെയും പേരും മറ്റുവിവരങ്ങളും ഇവരോടുപറഞ്ഞത്. തുടർന്ന് അജിത്തിന്റെ നേതൃത്വത്തിൽ സുൽത്താൻപുരിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.

അവിടെയുള്ള ബീർബൽ എന്ന പോലീസുകാരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ ജീവനക്കാരനായ ഭർത്താവിനെ കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന മലയാളിയായ മാത്യുവിന്റെ സഹായത്തോടെ ഇവരെ നാട്ടിൽ എത്തിക്കുകയായിരുന്നു.