കായംകുളം: പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച മന്ത്രി ഇ. ചന്ദ്രശേഖരനുനേരെ ഒരുവിഭാഗം കോൺഗ്രസുകാർ തെറിയഭിഷേകം നടത്തിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ആർ.എസ്.എസ്. നേതാവ് ഗോപാലൻകുട്ടി ഈ വീടുകളിലെത്തിയപ്പോൾ ഒരു പ്രശ്‌നവുമുണ്ടായില്ല.

കോൺഗ്രസും ആർ.എസ്.എസും തമ്മിലുള്ള രഹസ്യബന്ധം ശക്തിപ്പെടുത്താനാണ് ഇപ്പോൾ നോക്കുന്നത്. ശബരിമലയുടെ പേരിൽ തുടങ്ങിയതാണ് ഈ ബാന്ധവം. അക്രമവും കൊലപാതകവും രാഷ്ട്രീയ പ്രവർത്തനത്തിന്റ ഭാഗമല്ലെന്ന് കോടിയേരി പറഞ്ഞു. എൽ.ഡി.എഫിന്റെ കേരള സംരക്ഷണ ജാഥയ്ക് കായംകുളത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടിയും തിരിച്ചടിയുമാണ് കൊലപാതകത്തിലേക്ക് നീളുന്നത്. പ്രസ്താവനയും സമാധാനസന്ദേശവും ഇതിന് പരിഹാരമാകില്ല. അതിനാലാണ് ഇരട്ടക്കൊലപാതകത്തെത്തുടർന്ന് സി.പി.എം. ശക്തമായ നിലപാട് സ്വീകരിച്ചത്. എന്തുപ്രകോപനം ഉണ്ടായാലും സി.പി.എം. പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കർശന നിർദേശം നൽകി. എന്നാൽ ആ ഉദ്ദേശ്യശുദ്ധി കാണാതെ സി.പി.എമ്മിന്റെ ഹൃദയമെടുക്കാനാണ് ശ്രമിക്കുന്നത് -കോടിയേരി ആരോപിച്ചു.