ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഓഡിറ്റോറിയത്തില്‍ 'കര്‍ണഭാരം' നാടകം അരങ്ങേറുന്നു. നാടകത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ എത്തുമ്പോള്‍ മനസ്സിലൊരു ഫ്രെയിം വരച്ചിട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അരങ്ങിലെത്തിയ നാടകം വീണ്ടും വേദിയിലെത്തുമ്പോള്‍ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ നാടകം ആസ്വദിക്കുന്ന രംഗം. അണിയറയില്‍ കലാകാരന്മാര്‍ക്കൊപ്പം പണിക്കരുസാറിനെ കണ്ടു. മേക്കപ്പിട്ട കലാകാരന്മാര്‍, കാലുതൊട്ടുവന്ദിച്ചു കയറുന്നു. സ്റ്റേജിലേക്ക് എല്ലാവരെയും ആശിര്‍വദിച്ച് കാവാലം കയറ്റുന്നു.

നാടകം തുടങ്ങുന്നതിനു മുമ്പ് സ്റ്റേജിലേക്ക് വന്ന് നാടകത്തെക്കുറിച്ച് ചെറിയൊരു വിവരണം നല്കി. ബാക്കി കണ്ടുവിലയിരുത്താന്‍ പറഞ്ഞശേഷം സദസ്സില്‍ തന്റെ സഹപാഠി കല്ലേലി രാഘവന്‍പിള്ളയോടൊപ്പം നാടകം കാണാന്‍ ഇരുന്നു. നാടകം തുടങ്ങി. വേദിയും സദസ്സും തമ്മില്‍ നല്ല അകലം. വെളിച്ചക്കുറവുണ്ട്. നാടകരംഗവും പണിക്കര്‍സാറും ഉള്‍പ്പെടുന്ന ഒരു ഫ്രെയിം കിട്ടുക അസാധ്യം. തെല്ലുനിരാശയോടെ സദസ്സിന്റെ പിറകിലേക്ക് നീങ്ങിനിന്ന് നാടകദൃശ്യങ്ങള്‍ പകര്‍ത്തിത്തുടങ്ങി.

അല്പസമയം കഴിയുമ്പോഴാണ് ആ കാഴ്ച കണ്ടത്. സദസ്സുവിട്ട് വേദിയിലേക്ക് കയറിയ കാവാലം പക്കമേളക്കാര്‍ക്കിടയിലേക്ക് കടന്നിരുന്നു. മെല്ലെ താളംപിടിച്ച് കൈമണി കൈയിലെടുത്ത് പാട്ട് തുടങ്ങി. എത്ര വേദികള്‍ പിന്നിട്ട നാടകമാണ്. എത്ര നടന്മാര്‍ അഭിനയിച്ചുകഴിഞ്ഞതാണ്. ഏകദേശം 30 വര്‍ഷംമുമ്പ് അരങ്ങേറിയതാണ്. ഇതൊന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തപ്പോള്‍ മിന്നിമറഞ്ഞത് ഇന്നലെ ചിട്ടപ്പെടുത്തിയ നാടകം എന്ന് തോന്നിക്കുന്ന ഭാവമാണ്. അതായിരുന്നു കാവാലം. തന്റെ സൃഷ്ടികള്‍ ഓരോതവണയും പുനരവതരിപ്പിക്കപ്പെടുമ്പോഴും സൃഷ്ടിയുടെ വേദന അനുഭവിച്ച് അതില്‍ ലയിക്കുമായിരുന്നു അദ്ദേഹം. കലയോടുള്ള സത്യസന്ധതയും സമര്‍പണവും മരണംവരെയും ഈ വലിയ കലാകാരനില്‍ കാണാമായിരുന്നു.