കാവാലം : കാവാലം നാരായണപ്പണിക്കരുടെ വേര്‍പാടില്‍ കണ്ണീരണിഞ്ഞു നില്ക്കുകയാണ് കാവാലം ഗ്രാമം. നാടിനെ നാമമാക്കി മാറ്റിയ ശ്രേഷ്ഠ വ്യക്തിത്വത്തിന് ചൊവ്വാഴ്ച ഗ്രാമം യാത്രാമൊഴി നല്കും. ചൊവ്വാഴ്ച വൈകിട്ട് 4.30ന് കാവാലത്ത് 'ശ്രീഹരി' വീട്ടിലാണ് ഔദ്യോഗിക ബഹുമതിയോടെയുള്ള ശവസംസ്‌കാരം. കാവാലത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വാഴ്ച വെളുപ്പിന് മൂന്നിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും.

രാവിലെ 7 ന് കാവാലത്തെത്തുന്ന മൃതദേഹം ചാലയില്‍ തറവാട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാട്ടുകാരും വിദ്യാര്‍ഥികളും ശിഷ്യന്മാരും കലാകാരന്മാരും മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കും. ഈ സമയം സോപാനത്തിലെ കലാകാരന്‍മാരും സോപാനസംഗീതജ്ഞരും ചേര്‍ന്ന് കാവാലത്തിന്റെ കവിതകള്‍ ആലപിച്ച് അദ്ദേഹത്തിന് യാത്രാമൊഴി ചൊല്ലും.

3.30 ഓടെ 'ശ്രീഹരി' വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. സ്‌കൂള്‍ കുട്ടികള്‍, നാട്ടുകാര്‍, ശിഷ്യന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലയില്‍ തറവാട്ടില്‍നിന്ന് വിലാപയാത്രയായാണ് പോവുക. ശ്രീഹരിയിലെ അന്തിമോപചാരകര്‍മങ്ങള്‍ക്കും ഔദ്യോഗിക ബഹുമതികള്‍ക്കുംശേഷം മൂത്തമകന്‍ ഹരികൃഷ്ണനെ ദഹിപ്പിച്ച ചിതയ്ക്കരികില്‍ത്തന്നെ കാവാലത്തിനും അന്ത്യനിദ്രയാകും. തുടര്‍ന്ന് കാവാലം ഗവ. എല്‍.പി. സ്‌കൂളില്‍ അനുശോചനയോഗം നടക്കും.