കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് വൻമരം കടപുഴകിവീണ്‌ ഒരാൾ മരിച്ചു; രണ്ടുപേർക്ക്‌ പരിക്ക്‌. തൊടുപുഴ മുതലിയാർമഠം പേണ്ടാനത്ത്‌ പി.ഡി.സെബാസ്റ്റ്യന്റെ ഭാര്യ കെ.ഐ.സൂസന്നാമ്മ(മോളി-60)യാണ് മരിച്ചത്. സെബാസ്റ്റ്യനും (70) മകൻ അരുണിനുമാണ്‌ (33) പരിക്കേറ്റത്. മൂന്നാർ-തേക്കടി സംസ്ഥാനപാതയിൽ പുളിയന്മല അപ്പാപ്പൻപടിക്കുസമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. അരുണാണ് കാറോടിച്ചിരുന്നത്.

അരുണിന്റെ ഭാര്യ ബ്ളസി മുണ്ടിയെരുമ പി.എച്ച്‌.സി.യിൽ ഡോക്ടറാണ്. കഴിഞ്ഞയിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവരെ മുണ്ടിയെരുമയിലെ ജോലിസ്ഥലത്ത് കൊണ്ടുചെന്നുവിട്ടശേഷം തൊടുപുഴയ്ക്ക്‌ മടങ്ങുന്നതിനിെടയാണ് അപകടം.

റോഡിനുസമീപം ഏലത്തോട്ടത്തിൽ നിന്നിരുന്ന വൻമരം കടപുഴകി, ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിൽ വീഴുകയായിരുന്നു.

വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ഹെൽപ്പ് െഡസ്ക് പ്രവർത്തനത്തിലുണ്ടായിരുന്ന ഡിവൈ.എഫ്.ഐ. പ്രവർത്തകരും ചേർന്ന് മെഷീൻവാൾ ഉപയോഗിച്ച് മരം മുറിച്ചുനീക്കി. അപ്പോഴേക്കും വണ്ടൻമേട് പോലീസും കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ്‌ എല്ലാവരെയും പുറത്തെടുത്തത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സൂസന്നാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.

കാറിന്റെ പിൻസീറ്റിലായിരുന്നു സൂസന്നാമ്മ യാത്രചെയ്തിരുന്നത്. സെബാസ്റ്റ്യനും സൂസന്നാമ്മയും വിദ്യാഭ്യാസവകുപ്പിൽനിന്ന് സീനിയർ സൂപ്രണ്ടുമാരായി വിരമിച്ചവരാണ്. സൂസന്നാമ്മയുടെ മുതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശവസംസ്കാരം തിങ്കളാഴ്ച മൂന്നിന് മലങ്കര സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.