കാട്ടാക്കട: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് താന്‍ തന്നെ വിത്തെറിഞ്ഞ മണ്ണൂര്‍ക്കര സിദ്ധാശ്രമത്തിലെ പാടത്ത് കൊയ്ത്തുകാരനായി ഡി.ജി.പി. ജേക്കബ് തോമസ് എത്തി. പൂവച്ചല്‍ പഞ്ചായത്തില്‍ സിദ്ധാശ്രമത്തിനു കീഴിലെ മണ്ണൂര്‍കരയിലുള്ള അഞ്ചേക്കറോളം വരുന്ന നെല്‍പാടത്താണ് വെള്ളിയാഴ്ച രാവിലെ കര്‍ഷകന്റെ ചടുലതയോടെ അദ്ദേഹം കൊയ്യാനിറങ്ങിയത്. ആശ്രമവാസികളും പണിക്കാരും ഒത്തുചേര്‍ന്നതോടെ കൊയ്ത്ത് ഉത്സവമായി. പൂര്‍ണമായും ജൈവരീതിയില്‍ സിദ്ധാശ്രമം അന്തേവാസികള്‍ നടത്തിയ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനാണ് ജേക്കബ് തോമസ് എത്തിയത്.

നല്ല പ്രകൃതി, നല്ല ആരോഗ്യം, സന്തോഷം എല്ലാത്തിനും കൃഷിയാണ് ഏറ്റവും നല്ലതെന്ന് കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉള്ള അദ്ദേഹം പറഞ്ഞു. ഓണം എന്ന ഉത്സവം കൃഷിയുമായി ഇഴ ചേര്‍ന്നതാണ്. അതിനാലാണ് ഈ ഓണം ഇങ്ങനെ ആകട്ടെ എന്ന് തീരുമാനിച്ചത്. ഇന്ന് നഗരവത്കരണം ഓണത്തെയും മാറ്റി എല്ലാം ഇപ്പോള്‍ പാക്കറ്റുകളിലായിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു മാസത്തോളം മുമ്പ് ജേക്കബ് തോമസ് തന്നെയാണ് ഈ പാടത്ത് വിത്തെറിഞ്ഞത്. കൃഷിയുടെ മാര്‍ഗ നിര്‍ദേശങ്ങളും അദ്ദേഹത്തിന്റേതായിരുന്നെന്ന് ആശ്രമം അധികൃതര്‍ പറഞ്ഞു. സിദ്ധാശ്രമത്തില്‍ വെച്ചൂര്‍ പശു ഉള്‍പ്പെടെയുള്ള ഇനങ്ങളെ വളര്‍ത്തുന്നുണ്ട്. കൂടാതെ വാഴ, ചീര, പയര്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികൃഷിയും നടക്കുന്നു. എല്ലാം വിഷരഹിതമാണെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു.