കൊച്ചി: ജനിച്ചുവീണപ്പോൾ കൈപ്പത്തിയോളം മാത്രമായിരുന്നു അവൾക്ക് വലിപ്പം. ഭാരം 380 ഗ്രാം. കരയാതെ, ശ്വസിക്കാൻ പോലുമാകാതെ ഭൂമിയിലേക്കെത്തിയ കുഞ്ഞിന് ജീവിതത്തിലേക്ക് കല്പിച്ചത് ഒരു ശതമാനം സാധ്യത മാത്രമാണ്. ജനിച്ച് മൂന്നു മാസങ്ങൾക്കിപ്പുറം 1.6 കിലോയിലേക്ക് വളർന്നിരിക്കുന്നു കുഞ്ഞു കാശ്‍വി.

ഈ ഉയിർത്തെഴുന്നേല്പിനെ വൈദ്യശാസ്ത്രത്തിന്റെ നേട്ടമെന്ന് വിശേഷിപ്പിക്കുകയാണ് എറണാകുളം ലൂർദ് ആസ്പത്രിയിലെ നവജാത ശിശുരോഗ വിദഗ്ദ്ധൻ ഡോ. റോജോ ജോയ്. കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞായിരുന്നു കാശ്‍വിയെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ട കണക്ക് പ്രകാരം ഭാരക്കുറവിൽ രണ്ടാം സ്ഥാനമാണ് കാശ്‍വിക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേയ് ഒന്നിനായിരുന്നു കാശ്‍വിയുടെ ജനനം; ഉത്തർപ്രദേശ് സ്വദേശിയായ ഡോ. ദിഗ്‍വിജയുടെയും ശിവാങ്കിയുടെയും മകളായി. ലൂർദ് ആസ്പത്രിയിലെ ഓർത്തോപീഡിക് വിഭാഗം മെഡിക്കൽ വിദ്യാർഥിയാണ് ദിഗ്‌വിജയ്. വയറുവേദനയെ തുടർന്നാണ് ശിവാങ്കിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. സങ്കീർണതകളേറിയപ്പോൾ കുഞ്ഞിനെ പുറത്തെടുക്കാൻ തന്നെ ഡോക്ടർമാർ തീരുമാനിച്ചു. മുൻപ് മൂന്നുതവണ ഗർഭം അലസിയതുൾപ്പെടെ കണക്കിലെടുത്തായിരുന്നു ഇത്.

അങ്ങനെ ഗർഭത്തിന്റെ 23-ാം ആഴ്ചയിൽ കാശ്‍വി ജനിച്ചു. കൈപ്പത്തിയുടെ വലിപ്പം മാത്രമാണ് അവൾക്കുണ്ടായിരുന്നതെന്ന് അച്ഛൻ ദിഗ്‍വിജയുടെ വാക്കുകൾ. നാമമാത്രമായ ഹൃദയമിടിപ്പായിരുന്നു ജീവന്റെ അടയാളമെന്ന് ഡോ. റോജോ ഓർക്കുന്നു. ട്യൂബ് വഴി കൃത്രിമ ശ്വാസം നൽകി. അമ്മയുടെ വയറിനകത്തെന്ന പോലെ പരിരക്ഷ പുറത്തുമൊരുക്കി.

മാസമെത്താതെ ജനിച്ചതിനാൽ ആന്തരികാവയവങ്ങളുടെ പരിചരണത്തിൽ പ്രത്യേകം ശ്രദ്ധ നൽകി. വൃക്കകളെ ബാധിക്കാതിരിക്കാൻ മരുന്നുപയോഗം കുറച്ചു. അമ്മയുടെ മുലപ്പാൽ തന്നെ നൽകാൻ ശ്രദ്ധിച്ചു. രണ്ടാം ദിവസം മുതൽ ട്യൂബ് വഴി മുലപ്പാൽ നൽകിത്തുടങ്ങി.

16 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്. കുഞ്ഞ് സ്വയം ശ്വാസമെടുക്കുന്നുവെന്ന് ഉറപ്പുവരുത്തി നവജാത ശിശുക്കൾക്കുള്ള ഐ.സി.യു.വിലേക്ക് മാറ്റി. രണ്ടു മാസം ഇവിടെ തുടർന്നു. ഈ മാസം ഏഴിനാണ് ആസ്പത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ഇനിയും തുടർച്ചയായ ഇടവേളകളിൽ പരിശോധനകളുണ്ട്.

പൂർണ വളർച്ചയെത്താതെ ജനിക്കുന്ന കുട്ടികളിൽ കണ്ടുവരുന്ന നേത്ര പ്രശ്നങ്ങൾ കാശ്‍വിയെ അലട്ടിയിരുന്നു. ചികിത്സയിലൂടെ അത് പരിഹരിക്കാനായതായും ഡോക്ടർ പറഞ്ഞു. ആസ്പത്രിയിൽ കാശ്‍വിക്കായി പ്രത്യേകം സൗകര്യങ്ങളൊരുക്കിയിരുന്നതായി ലൂർദ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു.

content highlights:kashvi baby girl born with 380 gram weight