കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തെത്തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ വിളിച്ചുചേർത്ത സർവകക്ഷി സമാധാനയോഗത്തിൽനിന്ന് യു.ഡി.എഫ്. നേതാക്കൾ ഇറങ്ങിപ്പോയി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം പാസാക്കണമെന്നത്‌ അംഗീകരിക്കാത്തതിനെത്തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്.

യോഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് യു.ഡി.എഫ്. നേതാക്കളായ സി.കെ. ശ്രീധരൻ, എം.സി. ഖമറുദ്ദീൻ, എ.ജി.സി. ബഷീർ, കെ.പി. കുഞ്ഞിക്കണ്ണൻ, എൻ.എ. നെല്ലിക്കുന്ന് തുടങ്ങിയവർ ഇറങ്ങിപ്പോയത്. സംസ്ഥാനസർക്കാരിനുകീഴിലുള്ള പോലീസിന് നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്താൻ സാധിക്കില്ലെന്നും കുടുംബത്തിന് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാലാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നതെന്നും നേതാക്കൾ പറഞ്ഞു.

അന്വേഷണത്തിന്റെ തുടക്കത്തിൽ എ.ഡി.ജി.പി. പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പറഞ്ഞതിന്റെ പിറ്റേന്നുതന്നെ പ്രതികളെ പിടികൂടിയതിൽ ദുരൂഹതയുണ്ട്. ജില്ലയിലെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാത്തതിന് കോൺഗ്രസിന്റെ അനുമതി കിട്ടിയില്ലെന്നുപറയുന്നത് പരിഹാസ്യമാണ്.

സമാധാനത്തിന് താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ ഒരു ശ്രമവും നടക്കുന്നില്ല. കൊല്ലപ്പെട്ടവർ ക്രിമിനലുകളാണെന്ന പ്രചാരണമാണ് സി.പി.എം. നടത്തുന്നത്. കൊലപാതകത്തെത്തുടർന്ന് പ്രദേശത്തുനടന്ന അക്രമസംഭവങ്ങളിൽ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ബി.ജെ.പി.യും ആവശ്യപ്പെട്ടിരുന്നു.

ഇറങ്ങിപ്പോക്ക് മറുപടിക്ക് കാക്കാതെ -മന്ത്രി

സമാധാനയോഗത്തിൽനിന്ന് യു.ഡി.എഫ്. ഇറങ്ങിപ്പോയത് മറുപടിക്ക് കാത്തുനിൽക്കാതെയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. എല്ലാ പാർട്ടിക്കും അഭിപ്രായങ്ങൾ പറയാൻ അവസരം നൽകിയിരുന്നു. എല്ലാം കേട്ടശേഷം ആലോചിച്ച് മറുപടിപറയാം എന്ന കാര്യത്തിൽ തൃപ്തരാവാതെയാണ് യു.ഡി.എഫ്. നേതാക്കൾ ഇറങ്ങിപ്പോയതെന്ന്‌ യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.