കാസര്‍കോട്: ചെര്‍ക്കളം എന്ന ഗ്രാമത്തിന്റെ പേര് മുന്നിലാക്കി ജില്ലയിലെ ലീഗിനെ പതിറ്റാണ്ടുകളോളം നയിച്ച ’വൈറ്റ് സ്റ്റൈല്‍’ നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ള. തൂവെള്ളവസ്ത്രം ഇഷ്ടപ്പെട്ട കറകളഞ്ഞ രാഷ്ട്രീയക്കാരന്‍. വെളുത്ത കുപ്പായവും മുണ്ടും ചെരിപ്പുമിട്ട ചെര്‍ക്കളത്തിന്റെ ’വൈറ്റ് സ്റ്റൈല്‍’ കേരളരാഷ്ട്രീയത്തില്‍ ഇടംപിടിച്ചത് പെട്ടെന്നായിരുന്നു. ചെര്‍ക്കളത്തിന്റെ ’വൈറ്റ് സ്റ്റൈല്‍’ വേഷത്തില്‍ മാത്രമായിരുന്നില്ല, നിലപാടുകളിലും കൂടിയായിരുന്നു. നിറവും നിലപാടുകളും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെ ഒറ്റയാനാക്കിമാറ്റിയത് ചരിത്രം.

’ഗോഡ് ഫാദര്‍’ ഇല്ലാതെ മുസ്‌ലിം ലീഗില്‍ എത്തി ’ഗോഡ് ഫാദര്‍’ ആയി മാറിയ ചരിത്രമാണ് ചെര്‍ക്കളം അബ്ദുള്ളയുടെത്. അംഗത്വമെടുത്ത ദിവസം മുതല്‍ അവസാനശ്വാസം വരെയുള്ള കഠിനമായ പ്രവര്‍ത്തനം; അതൊന്നുമാത്രമാണ് കാസര്‍കോട്ടുനിന്നുള്ള വെള്ളക്കുപ്പായക്കാരനെ കേരളമറിയുന്ന നേതാവാക്കി വളര്‍ത്തിയത്.

ഏഴു ഭാഷകളറിയാം ഈ നേതാവിന്‌. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നട, തുളു, ഉര്‍ദു, അറബിക് ഭാഷകള്‍ നാവിന്‍തുമ്പിലും വിരല്‍ത്തുമ്പിലും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുവേളയില്‍ പ്രയോഗിക്കുന്ന തുറുപ്പുചീട്ടുകളിലൊന്നായിരുന്നു ഈ ഭാഷാപരിജ്ഞാനം.

സംസ്ഥാന രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളില്‍ ചെര്‍ക്കളത്തിന്റെ അഭിപ്രായങ്ങള്‍ ശക്തമായിരുന്നു.