കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ കണ്ണായിരുന്നു എന്നും മഞ്ചേശ്വരം. ഇവിടെ ഉദിച്ചുയരുക ഏണിയോ താമരയോ അതല്ല, അരിവാൾ ചുറ്റിക നക്ഷത്രമോ എന്നത് എപ്പോഴും വടക്കേയറ്റത്ത് ഉദ്വേഗത്തിനിടയാക്കി.

തിരഞ്ഞെടുപ്പുഗോദയില്‍ ആനയുടെയും പാപ്പാന്റെയും വേഷം സ്വയമണിഞ്ഞാണ് ചെര്‍ക്കളം അബ്ദുള്ള നിറഞ്ഞുനിന്നിരുന്നത്. 1987, 1991, 1996, 2001 വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ഓടിനടന്ന് ചെര്‍ക്കളം വോട്ട് പിടിച്ചു.

സ്ഥാനാര്‍ഥിയുടെ പര്യടനവും പൊതുയോഗങ്ങളും സ്വീകരണപരിപാടികളും വിശ്രമവും തീരുമാനിച്ച് നടപ്പാക്കിയിരുന്നത് ചെര്‍ക്കളം തന്നെയായിരുന്നു. താനെത്തേണ്ടിടത്ത് താന്‍തന്നെ എത്തണമെന്ന അദ്ദേഹത്തിന്റെ വാശി വോട്ടര്‍മാരെ ഉണർത്തി. 1982 മുതൽ 2006 വരെ ആറു തവണ മത്സരിച്ചു. ആദ്യത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പിൽ തോറ്റു; 1982-ൽ സി.പി.ഐ. നേതാവ് സുബ്ബറാവുവിനോടും 2006-ൽ സി.പി.എമ്മിലെ സി.എച്ച്.കുഞ്ഞമ്പുവിനോടും. ബാക്കി നാലു തിരഞ്ഞെടുപ്പിലും അദ്ദേഹം ഏണിചിഹ്നം ഉയർത്തിനിർത്തി.

ചെർക്കളം ആദ്യം തിരഞ്ഞെടുപ്പ് നേരിട്ടത് സ്വന്തം പഞ്ചായത്തിലായിരുന്നു. ചെങ്കള പഞ്ചായത്തിലെ സ്വന്തം വാര്‍ഡില്‍ നടന്ന കന്നിയങ്കത്തില്‍ 27 വോട്ടിന് തോറ്റു. സി.പി.എം. പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ.മുഹമ്മദാണ് അന്ന് ജയിച്ചത്. അതിനുശേഷം ആദ്യ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മുനിസിപ്പല്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി. കൗണ്‍സിലില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമെന്നും ചെർക്കളത്തെ അധ്യക്ഷനാക്കണമെന്നുമുള്ള യു.ഡി.എഫിന്റെ ആഗ്രഹമായിരുന്നു ഇതിനുപിന്നിൽ. ചെർക്കളം ജയിച്ചുവെങ്കിലും കൗൺസിലിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടി. സി.പി.എമ്മിന്റെ സി.കൃഷ്ണന്‍ നായര്‍ ആദ്യ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായി.

ഡോ. എ.സുബ്ബറാവു എന്ന സി.പി.ഐ. നേതാവിന്റെ സുരക്ഷിതമണ്ഡലമായിരുന്ന മഞ്ചേശ്വരത്തേക്ക് ചെര്‍ക്കളം ഏണിവെച്ചു കയറിയത് കൃത്യമായ ഗൃഹപാഠത്തോടെയായിരുന്നു. ആദ്യശ്രമത്തില്‍ സുബ്ബറാവുവിനോട് 156 വോട്ടിന് തോറ്റുവെങ്കിലും മണ്ഡലത്തിന്റെ മനസ്സു പഠിക്കാന്‍ ചെര്‍ക്കളത്തിനായി. 1987-ലെ അട്ടിമറിവിജയത്തിലേക്കാണ് അത് വഴിവെച്ചത്. 33,853 വോട്ട് ചെര്‍ക്കളം നേടിയപ്പോള്‍ 27,107 വോട്ടുമായി ബി.ജെ.പി.യുടെ എ.ശങ്കര്‍ ആള്‍വയായിരുന്നു രണ്ടാം സ്ഥാനത്ത്. രണ്ടുതവണ മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുകയും മന്ത്രിയാവുകയും ചെയ്ത സുബ്ബറാവു 19,924 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1982-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശങ്കര്‍ ആള്‍വയ്ക്ക് ലഭിച്ചത് 14,443 വോട്ട് മാത്രമായിരുന്നുവെന്നത് തിരഞ്ഞെടുപ്പില്‍ വീശിയ കാറ്റിന്റെ ഗതി വ്യക്തമാക്കുന്നതാണ്.

അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളുംകൂടി ചെര്‍ക്കളം ജയിച്ചുകയറി. കേരള നിയമസഭയിൽ ആദ്യം താമര വിരിയുന്നത് മഞ്ചേശ്വരത്തായിരിക്കുമെന്ന വ്യാപകപ്രചാരണം നിലനിന്ന കാലമായിരുന്നു അത്. അത് വെറും പ്രചാരണമാണെന്നു തെളിയിക്കാൻ ചെർക്കളത്തിനായി. 2006-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും വിരിഞ്ഞത് താമരയല്ല, അരിവാൾ ചുറ്റിക നക്ഷത്രമായിരുന്നു. നിയമസഭയിലേക്ക് ബി.ജെ.പി. കടന്നത് വടക്കേയറ്റത്തെ മഞ്ചേശ്വരം വഴിയല്ല, തെക്കേയറ്റത്തെ നേമം വഴിയായിരുന്നുവെന്നത് മറ്റൊരു കാര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.ജെ.പി.യിലെ കെ.സുരേന്ദ്രൻ 89 വോട്ടിന് രണ്ടാംസ്ഥാനത്തായപ്പോൾ നേമത്ത് ഒ.രാജഗോപാൽ ജയിച്ചുകയറി.