കാസര്‍കോട്: ഓണ്‍ലൈന്‍വഴി തീവണ്ടിമുഴുവന്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം വ്യാഴാഴ്ചമുതല്‍ ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റില്‍ ലഭ്യമാകും. പശ്ചിമറെയില്‍വേയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് ഇന്ത്യമുഴുവന്‍ വ്യാപിപ്പിക്കുന്നത്. ഐ.ആര്‍.സി.ടി.സി.യുടെ ഏകജാലക ബുക്കിങ് സംവിധാനം ഇതിന് ഉപയോഗിക്കാം.

കോച്ചുകള്‍, സലൂണുകള്‍ അടക്കമുള്ളവ ഫുള്‍ താരിഫ് റേറ്റ് (എഫ്.ടി.ആര്‍.) പ്രകാരമാണ് ബുക്ക് ചെയ്യാനാവുക. ഇതനുസരിച്ച് തീവണ്ടി ബുക്ക് ചെയ്യുന്ന സ്റ്റേഷന്‍തൊട്ട് യാത്ര അവസാനിക്കുന്ന സ്റ്റേഷന്‍വരെയുള്ള മുഴുവന്‍ നിരക്കുനല്‍കണം.

നിലവില്‍ കോച്ചുകളോ തീവണ്ടികളോ ബുക്ക് ചെയ്യണമെങ്കില്‍ ചീഫ് ബുക്കിങ് സൂപ്പര്‍വൈസര്‍ വഴി അതത് ഡിവിഷന്‍തലത്തില്‍ ബന്ധപ്പെടണം. പുതിയ സംവിധാനം വരുന്നതോടെ ഇനി സ്റ്റേഷന്‍വഴിയുള്ള ബുക്കിങ് ഉണ്ടാവില്ല.

യാത്രയുടെ 30 ദിവസം മുന്‍പുമുതല്‍ ആറുമാസം മുന്‍പുവരെ ബുക്ക് ചെയ്യാം. പ്രത്യേകതീവണ്ടിയാണ് ആവശ്യമെങ്കില്‍ 18 കോച്ചുകളെങ്കിലും ബുക്ക് ചെയ്യണം. കോച്ചിന് കരുതല്‍ നിക്ഷേപം, ടിക്കറ്റ് നിരക്കിന്റെ അധികശതമാനം നികുതി, സേവന നികുതി എന്നിവയും നല്‍കണം. ദക്ഷിണ റെയില്‍വേയില്‍ ഈ കാര്യങ്ങള്‍ നോക്കുന്നത് ചെന്നൈയില്‍നിന്നാണ്.