കാസര്‍കോട്: മക്കളുടെ മരണത്തോടെ തനിച്ചായിപ്പോകുന്ന അമ്മമാര്‍ എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങളിലെ കണ്ണീരാവുന്നു. ദേവകിയും ലക്ഷ്മിയും അടക്കമുള്ള പ്രായമായ അമ്മമാര്‍ ഇപ്പോള്‍ ഇവിടെ തനിച്ചായി.

തങ്ങളുടെ ആയുസ്സിന് ശേഷം മക്കളെ ആര് നോക്കും എന്ന് വിലപിച്ചവരാണിവര്‍. അവര്‍ക്ക് മുന്നിലൂടെ ശീലാബതിയും ഉഷയും മരണവാതില്‍ തുറന്ന് പോയി. മക്കളില്ലാതെ അവര്‍ക്കെന്തിന് പണം. പണമല്ല അവര്‍ക്ക് വേണ്ടത്, പുനരധിവാസമാണ്.

ആരോഗ്യ പുനരധിവാസത്തിന്റെ ഏറ്റവും വലിയ ചോദ്യമായി ഇനിയും ചിലര്‍ ജീവിക്കുന്നു, നമ്മുടെ കണ്‍മുന്നില്‍.

ഒരു ആയുസ്സിന്റെ നല്ലൊരു കാലവും മക്കളെ സംരക്ഷിക്കാന്‍ മാറ്റിവച്ച ദേവകിയേയും ലക്ഷ്മിയേയും പോലെ നിരവധി അമ്മമാര്‍ ദുരിതഗ്രാമങ്ങളില്‍ ജിവിക്കുന്നുണ്ട്. അമ്മയ്ക്ക് മക്കളും മക്കള്‍ക്ക് അമ്മയുമായി.

രോഗം മൂര്‍ച്ഛിക്കുമ്പോള്‍ നാട്ടുകാര്‍ കസേരയിലിരുത്തി നാല് കിലോമീറ്ററോളം ചുമന്ന് ചികിത്സയ്ക്ക് കൊണ്ടുപോയ ഉഷയെപ്പോലുള്ള പെണ്‍കുട്ടികള്‍ ഇപ്പോഴുമുണ്ടിവിടെ.

അമ്മ മാത്രം ആശ്രയമായ കുട്ടികളെയാണ് എല്ലാവരും ശ്രദ്ധിച്ചത്. അവര്‍ തനിച്ചാക്കി പോകുന്ന അമ്മമാരെ ആരും കണ്ടില്ല.

ആരും പ്രതീക്ഷിക്കാത്ത ഒറ്റപ്പെടലാണ് ശീലാബതിയുടെ അമ്മ ദേവകിക്കും ഉഷയുടെ അമ്മ ലക്ഷ്മിക്കും നേരിടേണ്ടിവരുന്നത്.

കിന്നിങ്കാര്‍ ബീജിതകട്ടെ ശാന്തിയടിയിലെ ശീലാബതി കഴിഞ്ഞ ഞായാറാഴ്ചയും സ്വര്‍ഗ പിലിക്കുഡ്‌ളുവിലെ ഉഷ വ്യാഴാഴ്ചയുമാണ് മരിച്ചത്.

മക്കളുടെ ശോഷിച്ച ബാല്യവും യൗവ്വനവും കിടക്കപ്പായയില്‍ തീരുന്നത് കണ്ട് കരയാനാവാതെ നിന്നവരാണിവര്‍. അക്കൗണ്ടിലേക്ക് സഹായധനം വന്നിട്ടും ഒരു ഉപകാരവുമില്ലെന്ന് തിരിച്ചറിഞ്ഞവര്‍.