കാസര്‍കോട്: ഉത്സവ സീസണും വേനലവധിയും പരിഗണിച്ച് ജൂണ്‍ വരെ 740 പ്രത്യേക തീവണ്ടികള്‍ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേ. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസം 240 സ്‌പെഷല്‍ വണ്ടികളും വേനലവധിക്കാലത്തെ (ഏപ്രില്‍-ജൂണ്‍) തിരക്ക് കുറയ്ക്കാന്‍ 500 വണ്ടികളും ഓടിക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്. കേരളത്തിനും ചില വണ്ടികള്‍ ലഭിച്ചേക്കും.

2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 6.65 ലക്ഷം യാത്രക്കാര്‍ സ്‌പെഷല്‍ വണ്ടികളെ ആശ്രയിച്ചു. 56.87 കോടി രൂപയാണ് വരുമാനം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ദക്ഷിണ റെയില്‍വേ 1,221 പ്രത്യേക വണ്ടികളാണ് ഓടിച്ചത്. ഇതില്‍ കേരളത്തിലേക്ക് 478 വണ്ടികള്‍ എത്തി. ദക്ഷിണ തമിഴ്‌നാട്ടിലേക്ക് 436-ഉം മറ്റിടങ്ങളിലേക്ക് 307 വണ്ടികളും ഓടിച്ചു.

വേളാങ്കണ്ണി ഉത്സവം പ്രമാണിച്ച് 28 വണ്ടികള്‍ സര്‍വീസ് നടത്തി. ഓണം, പൂജാ ഉത്സവ സീസണില്‍ 51-ഉം ശബരിമല സീസണില്‍ 37-ഉം ദീപാവലിക്ക് 49-ഉം പൊങ്കലിന് 19-ഉം പ്രത്യേക വണ്ടികളോടിച്ചു.

നിരക്ക് കൂടും

തിരക്കിനനുസൃതമായി നിരക്ക് വര്‍ധിക്കുന്ന തീവണ്ടികളാണ് സ്‌പെഷല്‍ വണ്ടികളില്‍ പലതും. സാധാരണ നിരക്കിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടി തുക നല്‍കേണ്ടി വരും. ചില വണ്ടികളില്‍ ഇടയ്ക്കുള്ള സ്റ്റേഷനില്‍ നിന്ന് കയറിയാലും സര്‍വീസ് തുടങ്ങുന്ന സ്റ്റേഷന്‍ തൊട്ടുള്ള ടിക്കറ്റ് നിരക്ക് നല്‍കണം.

തത്കാല്‍ നിരക്ക് ഈടാക്കുന്ന സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് പകരം സാധാരണ സ്‌പെഷല്‍ വണ്ടികള്‍ ഓടിക്കാന്‍ റെയില്‍വേ തയ്യാറാകണമെന്ന് പാസഞ്ചര്‍ അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നു. നിരക്ക് കൂടുന്നത് പ്രത്യേക വണ്ടികളിലെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാനാകുമെന്നാണ് റെയില്‍വേയുടെ വാദം.