കാസര്‍കോട്: പുഴയില്‍നിന്ന് ആമയെ പിടികൂടി കറിയാക്കിയതിന് ബേഡകം മരുതളം വീട്ടില്‍ ദാമോദരന്‍ (27), അമ്മാവന്റെ മകന്‍ അനന്തന്‍ (36) എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. ഇറച്ചിയുടെ അവശിഷ്ടങ്ങളും മറ്റും വീട്ടില്‍നിന്ന് പിടിച്ചെടുത്തു.

പ്രതികളെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു. ആമയെ ഉള്ളംകൈയില്‍ വെച്ചതിന്റെയും നിലത്തുവെച്ചതിന്റെയും കറിയാക്കിയതിന്റെയും ചിത്രം വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.കെ.നാരായണന്‍, ബീറ്റ് ഓഫീസര്‍മാരായ കെ.എന്‍.ലക്ഷ്മണന്‍, ആര്‍.ബാബു, പി.സി.യശോദ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷിച്ചത്.