കാഞ്ഞങ്ങാട്: കാസർകോട് കല്യോട്ടെ രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ അരുംകൊല ചെയ്തതിനുപിന്നിൽ സി.പി.എം. പ്രാദേശികനേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരം. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും ബേക്കൽ പോലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച രാത്രിയാണ് കൂരാങ്കര സ്വദേശി ശരത് ലാൽ (27), കൃപേഷ് (21) എന്ന‌ിവർ കൊല്ലപ്പെട്ടത്. സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെ ആക്രമിച്ച കേസിൽ ശരത്‌ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാംപ്രതിയുമായിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന ശരത് ഉൾപ്പെടെ 11 പേർ ഏഴാംതീയതിയാണ് ജാമ്യംേനടി പുറത്തിറങ്ങിയത്. കൃപേഷിനെ ഇതിൽ അറസ്റ്റ് ചെയ്തിരുന്നില്ല.

ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നെന്നും എഫ്.ഐ.ആറിലുണ്ട്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 18-നും ജൂലായ് 18-നും ഇടയിൽ ഇവരെ കൊല്ലുമെന്ന് ഫെയ്‌സ് ബുക്കിൽ ഭീഷണി പോസ്റ്റിട്ടവരാണിവർ. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവർക്ക് കൊലപാതകവുമായി ബന്ധമുള്ളതായി സൂചന ലഭിച്ചില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. അതിർത്തി ജില്ലയായതിനാൽ അന്വേഷണത്തിന് കർണാടക പോലീസിന്റെ സഹായംതേടിയിട്ടുണ്ട്.

തലയോട്ടി തകർത്ത വെട്ട്

അതിക്രൂരമായ രീതിയിലാണ് കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയത്. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. നെറ്റിയുടെ മുകളിലായാണ് വെട്ട്. 11 സെന്റിമീറ്റർ നീളത്തിലും രണ്ടു സെന്റിമീറ്റർ ആഴത്തിലും മുറിവുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ആഴത്തിലുള്ള വെട്ടിൽ തലയോട് തകർന്നു.

ശരത്തിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. അഞ്ച് വെട്ടുകളാണേറ്റത്. ഇരു കാലുകളിലും അസ്ഥിയും മാംസവും കൂടിക്കലർന്ന രീതിയിലായിരുന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധമാണ് ഉപയോഗിച്ചതെന്നും മൃതദേഹ പരിശോധനാ റിപ്പോർട്ടിലുണ്ട്. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥർ.

കൂരങ്കര പരിസരത്തുനിന്ന് മൂന്നു മൊബൈൽഫോണുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഓരോന്ന് ശരത്തിന്റേതും കൃപേഷിന്റേതുമാണ്. മൂന്നാമത്തേത് അക്രമിസംഘത്തിന്റെ പക്കൽനിന്ന് കളഞ്ഞുപോയതാണോയെന്ന് സംശയിക്കുന്നു. ഇതിലെ സിംകാർഡ് സൈബർ സെല്ലിന് കൈമാറി. സ്ഥലത്തുനിന്ന് അക്രമികൾ ഉപയോഗിച്ചെന്നുകരുതുന്ന രണ്ടു ബൈക്കുകളും വെട്ടുകത്തിയുടെ പിടിയും കണ്ടെടുത്തു.

കൊലപാതകം ആസൂത്രിതം

കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് കരുതുന്നത്. താന്നിത്തര-കല്യോട്ട് റോഡ് ടാറിങ് അവസാനിക്കുന്ന ഭാഗത്താണ് കൊല നടന്നത്. ഈ റോഡിന് ഒരുഭാഗം ചെറിയ മലഞ്ചെരിവും മറുഭാഗം പരന്ന പ്രദേശവുമാണ്. മലഞ്ചെരിവുള്ള ഭാഗത്ത് കുറ്റിക്കാടുണ്ട്. ഇവിടെ മറഞ്ഞിരിക്കുകയായിരുന്നു കൊലപാതകസംഘമെന്ന് സംശയിക്കുന്നു. ശരത്തും കൃപേഷും ബൈക്കിൽ കല്യോട്ട് ഭാഗത്തുനിന്ന് പുറപ്പെട്ടതായി കൃത്യമായ വിവരം ഈ സംഘത്തിന് കിട്ടിയിരുന്നെന്നാണ് സൂചന. ബൈക്കിലാണെങ്കിൽ ഏതാനും മിനിറ്റുകൾ മതി കല്യോട്ടുനിന്ന് കൂരങ്കരയെത്താൻ. ഇവർ ഇവിടെ എത്തുന്നതിന് പത്തുമിനിറ്റ് മുമ്പ് ശരത്തിന്റെ ബന്ധുക്കളിൽ ഏതാനുംപേർ മുന്നാട് ജയപുരത്ത് വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് കൂരങ്കരയിലെ വീടുകളിൽ മടങ്ങിയെത്തിയിരുന്നു. ഇവർക്കൊപ്പം പോയ മറ്റൊരുസംഘം പത്തുമിനിറ്റ് കഴിഞ്ഞ് എത്തുമ്പോഴേക്ക് ശരത്തും കൃപേഷും വെട്ടേറ്റ് വീണുകിടക്കുകയായിരുന്നു. ഈ പത്തുമിനിറ്റ് ഇടവേളയിൽ കൃത്യം നടത്തി സംഘം മുങ്ങി.

അന്വേഷണത്തിന് പ്രത്യേകസംഘം

തിരുവനന്തപുരം: സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ നാലു ഡിവൈ.എസ്.പി.മാരും മൂന്ന് ഇൻസ്പെക്ടർമാരും അടങ്ങുന്നതാണ് സംഘം.

ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം. പ്രദീപ്കുമാർ, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ജെയ്‌സൺ കെ. എബ്രഹാം, സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. കെ. ഹരീഷ് ചന്ദ്രനായിക്, ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി. രഞ്ജിത്ത്, ആദൂർ ഇൻസ്പെക്ടർ എം.എ. മാത്യു, ബേക്കൽ ഇൻസ്പെക്ടർ പി.കെ. വിശ്വംഭരൻ, ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ റഹീം എന്നിവരാണ് അന്വേഷണസംഘത്തിലെ അംഗങ്ങൾ.

Content Highlights: kasargod murders, police investigation is going on