പെരിയ(കാസർകോട്): ആ വീട്ടിൽ ചെന്നാൽ ആരും ശത്രുവിനെ തിരയില്ല, പകരം അവിടെയുള്ളവർ എന്തെങ്കിലും കഴിച്ചുകാണുമോയെന്ന് വേവലാതിപ്പെടും. ഓലമേഞ്ഞ ഒറ്റമുറി വീട്. ഒരു തീപ്പൊരി വീണാൽ നിമിഷനേരം മതി ചാമ്പലാകാൻ.

ഞായറാഴ്ച കല്ല്യോട്ട് തന്നിത്തോട് റോഡിലെ കൂരാങ്കരയിൽ ജോഷിയെന്ന ശരത്തിനൊപ്പം ക്രൂരമായ കൊലയ്ക്ക് ഇരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പി. കൃപേഷിന്റെ വീടാണത്. കൂര എന്ന് വിളിപ്പേരുപോലും ചേരില്ലതിന്. ഓലയ്ക്കു തന്നെ രണ്ടുവർഷത്തിലേറെ പഴക്കമുണ്ട്. മേൽക്കൂര കുറച്ചുഭാഗം പോളിത്തീൻ ഷീറ്റ് വലിച്ചുകെട്ടിയിരിക്കുന്നു. ഭിത്തിയും ഓലകൊണ്ടുതന്നെ.

പരമാവധി രണ്ടുമീറ്റർ വീതിയിൽ ഒരുവശത്ത് ഇഷ്ടിക കെട്ടിയിട്ടുണ്ട്- വൈദ്യുതി ബോർഡിന്റെ മീറ്റർ വെയ്ക്കാൻ. അതിൽനിന്ന് മോന്തായത്തിലേക്ക് വയർ വലിച്ച് ബൾബ് തൂക്കിയിട്ടിരിക്കുന്നു. ഒരു മൂലയ്ക്ക് കിടക്കുന്ന ആടുന്ന മേശയിൽ ഗ്യാസ് അടുപ്പ്. അതിനുതാഴെ പാത്രങ്ങൾ. തൊട്ടടുത്ത് അടപ്പില്ലാത്ത അലമാര. അതിന്റെ മേൽത്തട്ടിൽ ദൈവങ്ങളുടെ രൂപങ്ങൾ. തുണി തൂക്കിയിരിക്കുന്നത് മുറിയുടെ ഏതാണ്ട് നടുവിൽ വലിച്ചുകെട്ടിയ വള്ളിയിലാണ്. വേറെ സ്ഥലമില്ല. മൂന്നു കട്ടിലുകൾ അടുത്തടുത്ത് ഇട്ടിരിക്കുന്നു. ഒന്നിൽ അർധ അബോധാവസ്ഥയിൽ കൃപേഷിന്റെ അമ്മ ബാലാമണി. മറ്റൊന്നിൽ അടക്കിപ്പിച്ച തേങ്ങലുമായി സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും.

പുറത്ത് വിറകും മറ്റും സൂക്ഷിക്കുന്ന കൂരയിൽ ഏകനായി ഏങ്ങലടിച്ച് നിലവിളിക്കുന്ന അച്ഛൻ കൃഷ്ണൻ. ബാലാമണി തൊഴിലുറപ്പിനും കൃഷ്ണൻ പെയിന്റിങ് ജോലിക്കും പോയി കിട്ടുന്ന വരുമാനത്തിൽനിന്നാണ് കുടുംബം പുലർന്നിരുന്നത്. ഇവിടെയുള്ള 23 സെന്റ് സ്ഥലത്തിന് അടുത്തകാലത്താണ് പട്ടയം കിട്ടിയത്. കൃഷ്ണന്റെ ഒപ്പം ഇടയ്ക്കിടെ പെയിന്റിങ്ങിന് കൃപേഷും പോയിരുന്നു.

‘‘എന്നെ തനിച്ചാക്കി അവൻ പോയില്ലേ...’’- കൃഷ്ണന്റെ വേദന കണ്ടുനിൽക്കാനാകാതെ ആളുകൾ മുഖംതിരിച്ചു. നേതാക്കളും പ്രവർത്തകരും വന്നുകൊണ്ടിരുന്നു. അവരെ കെട്ടിപ്പിടിച്ച് കൃഷ്ണൻ കരഞ്ഞു. ബാലാമണിയെ കാണാൻ നടുവ് കുനിച്ച് കൂരയ്ക്കകത്തേക്ക് കയറിയവർ ആ കിടപ്പുകണ്ട് ഒന്നും ഉരിയാടാനാകാതെ മടങ്ങി. ടാറിട്ട റോഡിൽനിന്ന് ഇരുനൂറു മീറ്ററോളം അകലെയാണ് ഈ വീട്. നേരാംവണ്ണം നടക്കാൻ വഴിപോലുമില്ല. പെരിയ പോളിടെക്നിക് കോളേജിൽ ഒരുവർഷം മുമ്പ് പഠനത്തിനു ചേർന്ന കൃപേഷ് രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നുള്ള ഭീഷണിയെത്തുടർന്ന് പഠനം നിർത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

കൊലചെയ്യപ്പെട്ട ശരത്തിന്റെ വീട്ടിലും ദുഃഖം തളംകെട്ടി നിന്നു. ആശ്വസിപ്പിക്കാനാകാതെ നേതാക്കളും ബന്ധുക്കളും വലഞ്ഞു. അച്ഛൻ സത്യനാരായണന്റെ മടിയിൽ തലവെച്ച് പൊട്ടിക്കരയുന്ന സഹോദരി അമൃതയെ സമാധാനിപ്പിക്കാനെത്തിയ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പോലും വിതുമ്പിപ്പോയി.

‘‘എന്റെ ഏട്ടനെ കൊന്നിേല്ല, എനിക്ക് ഏട്ടനെ വേണം’’ -കണ്ടുനിന്നവരുടെ കാതിൽ അമൃതയുടെ നിലവിളി മുഴങ്ങിക്കൊണ്ടിരുന്നു.

Content Highlights: kasargod murder victim, kripesh's home in periya